ശബരിമല: മാസങ്ങള്‍ നീണ്ട പ്രചാരണം ഒരു വഴിക്ക്. പല വിവാദങ്ങള്‍ വഴിയുള്ള ജനശ്രദ്ധ വേറൊരു വഴിക്ക്. എന്നിട്ടും ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതീക്ഷിച്ചത് പോലെ പങ്കാളിത്തമുണ്ടാകാതിരുന്നത് തിരിച്ചടിയായി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ പോലും പ്രധാന വേദിയിലെ പകുതിയോളം കസേരകള്‍ ഒഴിഞ്ഞു കിടന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും പ്രധാന വേദിയില്‍ ഉണ്ടായിരുന്നു. മൂവായിരം പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമാണ് ഒരുക്കിയിരുന്നത്. ഉദ്ഘാടന സെഷന്‍ കഴിഞ്ഞതോടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് പ്രധാന വേദിയില്‍ നടന്ന ചര്‍ച്ചയില്‍ അമ്പതില്‍ താഴെ പേര്‍ മാത്രമാണ് പങ്കെടുത്തത്. മാസങ്ങളായി വലിയ തോതില്‍ പ്രചരണം നടത്തിയിട്ടും പ്രതീക്ഷിച്ചത്ര ആള്‍ക്കാര്‍ എത്തിയില്ലെന്നത് തിരിച്ചടിയായി.

പ്രസംഗിക്കാനുള്ള അവസരം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് ഐ.ടി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ ഉദ്ഘാടന വേദി വിടാന്‍ ഒരുങ്ങി. സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വേദി വിട്ട ശേഷം ദേവസ്വം മന്ത്രി വി.എന്‍ വാസവനാണ് പ്രസംഗിച്ചത്. തുടര്‍ന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും പ്രസംഗിച്ചു. അടുത്ത് തന്റെ ഊഴമാകുമെന്ന് പ്രതീക്ഷിച്ച പളനിവേല്‍ ത്യാഗരാജനെ നിരാശനാക്കി എന്‍ എസ് എസ് വൈസ് പ്രസിഡന്‍് സംഗീത് കുമാറിന്റെ പേരാണ് പ്രസംഗത്തിനായി വിളിച്ചത്.

ഇതോടെ അക്ഷമ പ്രകടിപ്പിച്ച പളനിവേല്‍ ത്യാഗരാജന്‍ വൈകാതെ വേദിവിട്ടിറങ്ങാന്‍ തുടങ്ങി. പുറത്തേക്കുള്ള വാതിലിന് സമീപം വരെ അദ്ദേഹം എത്തിയപ്പോഴാണ്, സംഗതി പന്തിയല്ലെന്ന് വ്യക്തമായ ദേവസ്വം മെമ്പര്‍ അജികുമാര്‍ ഓടിയെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. മന്ത്രിയെ വേദിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. എന്നിട്ടും തന്റെ അതൃപ്തി പ്രകടിപ്പിച്ച പളനിവേല്‍ തൃഗരാജനെ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ റാവുവും അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശത്തു നിന്നും 250ല്‍ പരം വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും കേരളത്തിന് പുറത്തുനിന്നും എത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു മന്ത്രിമാര്‍ മാത്രമാണ്. അതില്‍ ഐ ടി മന്ത്രിയായ പളനിവേല്‍ ത്യാഗരാജന്‍ ആഗോള സംഗമ വേദിയില്‍ തന്നെ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.

സംഗമത്തില്‍ ഭക്തരെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത് സര്‍ക്കാര്‍ ജീവനക്കാരാണ്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി നൂറ് കണക്കിന് ജീവനക്കാരാണ് എത്തിയത്. വനം, ആരോഗ്യം,ജല വിഭവം,വൈദ്യുതി തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. കൂടാതെ ദേവസ്വം വകുപ്പിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും വനിത ജീവനക്കാരുള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. വോളണ്ടിയര്‍മാരായും നിരവധിപേര്‍ ഉണ്ടായിരുന്നു. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സാമുദായിക പ്രതിനിധികളും അല്ലാതെ ആദ്ധ്യാത്മിക ആചാര്യന്മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

സംഗമം തുടങ്ങുന്നതിന് മുന്‍പുള്ള ഭദ്രദീപ പ്രകാശനത്തില്‍ ശബരിമല മുന്‍ തന്ത്രി കണ്ഠര് മോഹനര് പങ്കെടുത്തത് സര്‍ക്കാരിന് തിരിച്ചടിയായി. നിലവിലെ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്കൊപ്പമാണ് പിതാവ് മോഹനര് വേദിയില്‍ വിളക്ക് കൊളുത്തുന്ന ചടങ്ങിന് എത്തിയത്. ശബരിമല ദേവപ്രശ്നം, ശോഭാജോണ്‍ പ്രതിയായ കേസ് എന്നിവയിലൂടെ വിവാദനായകനായ മോഹനരെ പിണറായി വിജയനും ഇടതു സര്‍ക്കാരിലെ മറ്റു മന്ത്രിമാരും പല വേദികളിലും അവഹേളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

വിവാദ നായകനായ മോഹനരെ ശബരിമലയില്‍ ഒരു പരിപാടിക്കും അടുപ്പിച്ചിരുന്നില്ല. കുറ്റം പറഞ്ഞവര്‍ തന്നെ മോഹനരെ ഈ പരിപാടിയില്‍ കൊണ്ടു വന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ നിറയുകയാണ്.