- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വെറുതെ ശമ്പളം കൊടുക്കാമെന്നാണോ എന്ന ട്രൈബ്യൂണല്‍ ചോദ്യത്തിന് ഓഫീസ് അടക്കം എല്ലാം സജ്ജമെന്ന മറുപടി നല്‍കും; ചട്ടം പാലിക്കാത്തത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ശക്തം; ഡോ ബി ആശോകിനെ സെക്രട്ടറിയേറ്റില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശഭരണ കമ്മിഷന്‍ അധ്യക്ഷനായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ നിയമിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് സംസ്ഥാന സര്‍ക്കാര്‍ വൈകാതെ വിശദീകരണം നല്‍കും. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ ആരോപണം. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. എന്നാല്‍ പരിഷ്‌കാര കമ്മീഷന് ഓഫീസ് പോലും ആയിട്ടില്ല.
സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ തദ്ദേശപരിഷ്‌കരണ കമ്മിഷന്‍ നിയമനം സ്റ്റേ ചെയ്തത്. കമ്മീഷന്‍ രുപീകരിക്കാതെയാണോ നിയമനമെന്നും ചോദിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതേയുള്ളു എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. കാറും ഡ്രൈവറും നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ കാറും ഡ്രൈവറുമല്ല ഓഫിസാണ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെതെന്നു പരിഹസിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വെറുതെ ശമ്പളം കൊടുക്കാമെന്നാണോയെന്നാരാഞ്ഞ കോടതി എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ ഓഫീസ് അടക്കം ആയിട്ടുണ്ടെന്ന തരത്തില്‍ വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
ഉദ്യോഗസ്ഥരെ എവിടെ നിയമിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും അശോകിന്റെ നിയമനം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും വിശദീകരിക്കും. ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ കേഡറിനു പുറത്തുള്ള തസ്തികകളില്‍ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നാണ് അശോകിന്റെ വാദം. ഇത് പ്രാഥമികമായി ട്രൈബ്യൂണല്‍ അംഗീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അശോക് നേരത്തേ ചീഫ് സെക്രട്ടറി ശാരദ മുരളീധരനു കത്തയച്ചിരുന്നു. നിയമനം റദ്ദാക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കിയതിനു പിന്നാലെയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു അശോകിന്റെ സ്ഥാനചലനം.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 24 വരെ നിയമനം സ്റ്റേ ചെയ്ത ട്രൈബ്യൂണല്‍, സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെ കേഡര്‍ തസ്തികയിലേക്കു സ്ഥലംമാറ്റിയാല്‍ അംഗീകരിക്കണം. എന്നാല്‍, തദ്ദേശഭരണ കമ്മിഷന്റേത് കേഡറിനു പുറത്തുള്ള തസ്തികയാണ്. അതുകൊണ്ട് ഈ നിയമനം ചട്ടവിരുദ്ധമാണ്. നിയമനം അംഗീകരിക്കില്ലെന്ന് അശോക് ഉറച്ച നിലപാടെടുത്തതോടെ സര്‍ക്കാര്‍ വെട്ടിലാണ്. നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിഷന്റെ എറണാകുളം ബെഞ്ച് സ്റ്റേ ചെയ്തതോടെ അശോകിന് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാം.
അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷനായി നിയമിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. സിവില്‍സര്‍വീസ് ചട്ടഭേദഗതി പ്രകാരം,സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കമ്മിഷന്‍,ട്രൈബ്യൂണലായി നിയമിക്കുന്നതിന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ ശുപാര്‍ശ അയയ്ക്കാം. കേന്ദ്രത്തില്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവരുടെ ഫയലുകള്‍ പഴ്‌സണല്‍ സഹമന്ത്രിയും അതിനു മുകളിലുള്ളവരുടെ ഫയല്‍ പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുമാണ് അംഗീകരിക്കേണ്ടത്.
അശോകിന് കേന്ദ്രത്തില്‍ സീനിയര്‍ അഡിഷണല്‍ സെക്രട്ടറി റാങ്കുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ കമ്മിഷനായി നിയമിക്കാനാവില്ലെന്നും നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിക്കും. സിവില്‍ സര്‍വീസുകാരെ കേന്ദ്രത്തിനെതിരായ അന്വേഷണങ്ങള്‍ക്കടക്കം നിയോഗിക്കാതിരിക്കാനാണ് അനുമതി വേണമെന്ന ചട്ടഭേദഗതി കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് അശോകിന്റെ നിയമനം മന്ത്രിസഭ തീരുമാനിച്ചത്.