തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ സ്ഥലംമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയ ഡോ. ബി. അശോകിനോട് പിണറായി സര്‍ക്കാരിന് 'കലിപ്പ്' തീരുന്നില്ല. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (സിഎടി) നിന്ന് കഴിഞ്ഞദിവസം ശക്തമായ വിധി നേടിയതിന് പിന്നാലെ, അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിപ്പിച്ചു. താരതമ്യേന പ്രാധാന്യം കുറഞ്ഞ സൈനിക ക്ഷേമവകുപ്പിലേക്കാണ് പുതിയ നിയമനം. ഇതിനുപുറമെ യുവജനകാര്യ വകുപ്പിന്റെ അധികച്ചുമതലയും നല്‍കിയിട്ടുണ്ട്.

സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ തോന്നിയതുപോലെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ചരിത്രപരമായ വിധി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിഎടി പുറപ്പെടുവിച്ചത്. അശോകിനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റാനുള്ള മുന്‍പത്തെ മൂന്ന് ഉത്തരവുകളും ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, വിധിയില്‍ ഒരു പഴുത് കണ്ടെത്തിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുന്നത്.

ഒരു തസ്തികയില്‍ രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരെ മാറ്റാന്‍ ബോര്‍ഡ് ശുപാര്‍ശയുണ്ടെങ്കില്‍ തടസ്സമില്ലെന്ന നിരീക്ഷണം ഉപയോഗിച്ച്, മൂന്നര വര്‍ഷമായി കൃഷിവകുപ്പിലുള്ള അശോകിനെ മാറ്റാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ബോര്‍ഡ് അടിയന്തരമായി ശുപാര്‍ശ നല്‍കുകയായിരുന്നു. അതിവേഗ നീക്കങ്ങളാണ് ഇതിന് പിന്നില്‍ നടന്നത്. പുതിയ സ്ഥലം മാറ്റം അശോക് അംഗീകരിച്ചേക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഏതുനിമിഷവും നിലവില്‍ വന്നേക്കാമെന്നിരിക്കെ, അതിനുമുന്‍പ് അശോകിനെ പ്രധാന സ്ഥാനത്തുനിന്ന് മാറ്റണമെന്ന വാശിയിലായിരുന്നു സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഈ നാടകീയ ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ അവധിയിലുള്ള തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. ടിങ്കു മടങ്ങിയെത്തും വരെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈ ചുമതല വഹിക്കും.

സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ക്കെതിരെ ഐഎഎസ് അസോസിയേഷനെ മുന്നില്‍ നിര്‍ത്തിയാണ് അശോക് കോടതിയെ സമീപിച്ചത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് എം.ആര്‍. അജിത് കുമാറിനെ മാറ്റാന്‍ ഇടയാക്കിയതും അശോകിന്റെ ഹര്‍ജിയിലെ വിധിപ്പകര്‍പ്പാണ്. ഐഎഎസ് കേഡര്‍ തസ്തികകളില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

ഇതിനെല്ലാമുള്ള പ്രതികാരമായാണ് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ എന്നീ പവര്‍ഫുള്‍ തസ്തികകളില്‍ നിന്ന് അശോകിനെ നീക്കിയത്.