- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിൽ പിഴവെന്ന് ബി.അശോക്; ചാൻസലറെ മാറ്റാനുള്ള കാരണം ആമുഖത്തിൽ ഇല്ല; ബില്ലിലെ അപാകത ഫയലിൽ കുറിച്ച കൃഷി വകുപ്പ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിസഭയ്ക്ക് അതൃപ്തി; അശോകിനെ വിളിച്ച് അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അതേസമയം, ബില്ലിൽ പിഴവുണ്ടെന്ന് കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക് നിലപാട് സ്വീകരിച്ചതിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി.
ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ ബി.അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധി വിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്.ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്ന് മന്ത്രിമാർ. വിഷയത്തിൽ ഒതുങ്ങി നിന്നാവണം കുറിപ്പുകൾ. ഈ വിവരം ചീഫ് സെക്രട്ടറി ബി.അശോകിനെ അറിയിച്ചു.
ചാൻസലറെ മാറ്റാൻ ഉള്ള കാരണം ആമുഖത്തിൽ ഇല്ല എന്നാണ് ബി.അശോകിന്റെ വിലയിരുത്തൽ. തന്റെ വിയോജിപ്പ് ബി.അശോക് ഫയലിൽ കുറിച്ചതോടെയാണ് കൃഷി വകുപ്പ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തിയത്.
ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലർ ഉണ്ടാകും.
ചാൻസലറുടെ അനുകൂല്യങ്ങളും മറ്റ് ചിലവുകളും സർവ്വകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. ചാൻസലർ നിയമനത്തിലൂടെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവാതിരിക്കാൻ സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്നു ചെലവ് കണ്ടെത്താനാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കി, അതതു രംഗത്തെ വിദഗ്ധരെ നിയമിക്കും. ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ ആയിരിക്കും. ആരോഗ്യ, ഫിഷറീസ്, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകൾക്ക് പ്രത്യേകം ചാൻസലറും.
ബിൽ പാസാക്കുമ്പോൾ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുമെങ്കിൽ അത് നിയമസഭയിൽ കൊണ്ടുവരും മുമ്പ് ഗവർണറുടെ അനുമതി വാങ്ങേണ്ടതായുണ്ട്. ഇത് ഒഴിവാക്കാനാണ് തനതു ഫണ്ടിൽനിന്നു തുക കണ്ടെത്താനുള്ള തീരുമാനം. പുതിയ ചാൻസലർക്കുള്ള എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്നായിരിക്കും.
മറുനാടന്‍ മലയാളി ബ്യൂറോ