തിരുവനന്തപുരം: മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ കുറിച്ച് തമാശയായി പൊതുവേ എല്ലാവരും പറയുന്ന കാര്യമുണ്ട്. ദേശീയ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനെ കണ്ട് വണങ്ങുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യുക എന്നതാണ് ഇക്കാര്യം. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കി സംസ്ഥാന സർക്കാർ പുതിയ ചാൻസലറെ നിയമിക്കുന്ന അവസ്ഥ സംഭവിച്ചാൽ കേരളത്തിൽ നടക്കുന്ന കാര്യവും ഇതു തന്നെയാകും.

പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ട അവസ്ഥയാണ് വരിക. ഈതാണ് നിലവിൽ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് ബില്ലായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കാര്യം. ഇത്തരം വിചിത്രമായ കാര്യങ്ങൾ അടക്കം അക്കമിട്ട് ചൂണ്ടിക്കാട്ടിയപ്പോഴാണ് കൃഷി വകുപ്പ് സെക്രട്ടറി ബി അശോക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കണ്ണിൽ കരടായതും. അതേസമയം അശോകിനോട് കലിപ്പിച്ചെങ്കിലും അദ്ദേഹം പറഞ്ഞ ന്യൂനതകൾ പരിഹരിക്കാനുള്ള ശ്രമത്തിലുമാണ് എന്നതാണ് വിചിത്രമായ മറ്റൊരു കാര്യവും.

ചാൻസറെ നീക്കാനുള്ള ബില്ലിന്റെ കരടിൽ കൃഷിവകുപ്പ് സെക്രട്ടറി ബി.അശോക് എഴുതിയ ന്യൂനതകളിൽ പ്രധാനമായും വ്യക്തമാക്കുന്നത് ചാൻസലർ നിയമനത്തിനായി ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ബില്ലിൽ നിർദ്ദേശിക്കുന്നില്ല എന്നതാണ്. ഇപ്പോൾ ഗവർണറാണ് ചാൻസലർ എന്ന മാനദണ്ഡം എങ്കിലും ഉണ്ട്. എന്നാൽ, വൈസ് ചാൻസലർമാരെ നിയമിക്കാൻ യുജിസി അംഗീകരിച്ച മാനദണ്ഡം നിലവിലുള്ളപ്പോൾ അവർക്ക് മുകളിലുള്ള ചാൻസലർ ഭരണഘടനാ പദവിയിലുള്ള ആൾ അല്ലെങ്കിൽ എന്ത് മാനദണ്ഡം അനുസരിച്ചാകും തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കണം എന്നാണ് ബി അശോക് ആവശ്യപ്പെട്ട കാര്യം.

അതേസമയം പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുമെന്ന് മാത്രമാണ് ബില്ലിലുള്ളത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പോലും നിർദ്ദേശിക്കുന്നില്ല. മറ്റു മാനദണ്ഡങ്ങൾ നിർദ്ദേശിക്കാത്ത സ്ഥിതിക്ക് ചാൻസലർ നിയമനം മന്ത്രിസഭയുടെ പ്രീതിയെ മാത്രം ആശ്രയിച്ചു നടത്തുന്നതാവും. ഇക്കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുക്കി പറഞ്ഞാൽ കൂടുതൽ ബന്ധു നിയമനങ്ങൾക്ക് വഴി തുറക്കുകയാണ് ചാൻസലർ പദവിയിലൂടെ ഉണ്ടാകുക.

ഇത് കൂടാതെ നിലവിൽ ചാൻസിലർ ഭരണഘടനാ പദവി വഹിക്കുന്നവരാണ്. ഇവരെ നീക്കി തിരഞ്ഞെടുത്ത മന്ത്രിസഭ നിയമിക്കുന്ന വ്യക്തി ചാൻസലറാക്കിയാൽ നിരവധി പ്രശ്‌നങ്ങൾക്കും ഇട നൽകും. പ്രോചാൻസലാറായ വിദ്യാഭ്യാസ മന്ത്രി അംഗമായ മന്ത്രിസഭയാണ് അദ്ദേഹത്തിന്റെ മേലധികാരിയാകേണ്ട ചാൻസലറെ നിയമിക്കേണ്ടത്. പ്രോട്ടോകോൾ പ്രകാരം മുകളിലായ പ്രോ ചാൻസലർ താൻ നിയമിച്ച ചാൻസലർ നൽകുന്ന ഉത്തരവുകൾ അനുസരിക്കേണ്ടി വരും. ഇതെല്ലാം ബില്ലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന വീഴ്‌ച്ചകളാണ്.

പുനർനിയമനം എത്ര വർഷത്തേക്ക് ആണെന്നോ ചാൻസലറുടെ പ്രായപരിധി എത്രയാണെന്നോ വ്യക്തമല്ല. സർക്കാറിന് ഇഷ്ടക്കാരനാണെങ്കിൽ എത്രകാലവും തുടരാൻ അനുമതി ലഭിച്ചേക്കുമെന്ന് ചുരുക്കം. കൂടാതെ ചാൻസലർക്ക് ഓഫീസ്, ജീവനക്കാർ, കാർ തുടങ്ങിയവ അതാത് സർവകലാശാലകൾ നൽകണമന്നത് ഏറ്റമുട്ടലുകൾക്ക് ഇടയാക്കും.

വൈസ് ചാൻസലർ അദ്ധ്യക്ഷനായ സിൻഡിക്കേറ്റ് അംഗീകരിക്കുന്ന ബഡ്ജറ്റ് വഴി ചെലവ് കണ്ടെത്തേണ്ട പദവിയായി വൈസ് ചാൻസലറുടെ മേലധികാരിയുടെ ഓഫീസ് തരം താഴുന്നത് ശരിയല്ലെന്നും അശോക് ചൂണ്ടിക്കാട്ടി. യുജിസി നിയമം അനുസരിച്ച് യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും വി സി നിയമന സമിതിയിൽ അംഗമാകാൻ പാടില്ല.അതുകൊണ്ട് ചാൻസലർക്ക് വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ പ്രതിനിധിയെ വയ്ക്കാനാകില്ല. ഇത് മാത്രമല്ല, എന്ത് കാണത്താലാണ് ബില്ല് കൊണ്ടിവരുന്നതെന്ന് വ്യക്തമല്ലെന്ന് കൂടി ബി അശോക് തന്റെ നോട്ടായി കുറിച്ചു. പെരുമാറ്റദൂഷ്യമുണ്ടായാൽ ചാൻസിലറെ മാറ്റാമെന്ന് ബില്ലിലുണ്ട്. എന്നാൽ കാണങ്ങൾ എന്തെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി അശോക് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ നിന്നും വ്യക്തമാകുന്നത് ചാൻസലർ പദവികൾ സൃഷ്ടിച്ച് ഇഷ്ടക്കാരായ കുറേ ഉദ്യോഗസ്ഥരെ കൂടി തിരുകി കയറ്റാനുള്ള ഇടമായി യൂണിവേഴ്‌സിറ്റികൾ മാറുമെന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ് അശോകിൽ അനിഷ്ടത്തിന് ഇടയാക്കിയ കാര്യവും. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടുവെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്. ഉദ്യോഗസ്ഥർ പരിധിവിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിൽ ഒതുങ്ങിനിന്നുവേണം കുറിപ്പുകൾ എന്നും മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ അഭിപ്രായപ്പെടുകയായിരുന്നു.

കാർഷിക സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനുള്ള കരടുബിൽ അംഗീകാരത്തിനായി വന്നപ്പോഴാണ് ബി. അശോക് തന്റെ അഭിപ്രായം ബന്ധപ്പെട്ട ഫയലിൽ രേഖപ്പെടുത്തിയത്. ഇതോടെ മുന്നിൽവരുന്ന ഫയലുകളിൽ, അതിൽ ഒതുങ്ങിനിൽക്കുന്ന അഭിപ്രായപ്രകടനമേ നടത്താവൂ. ഇടതുപക്ഷ സർക്കാരിന്റെ നിലപാടിന് വിരുദ്ധമാണ് ഈ അഭിപ്രായപ്രകടനമെന്ന വിമർശനവും ഉയർന്നു. അശോകിന്റെ അഭിപ്രായപ്രകടനം പരിധിവിട്ടതാണെന്ന വിമർശനം മന്ത്രിസഭയ്ക്കുണ്ട്. അത് ബി. അശോകിനെ അറിയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.