തിരുവനന്തപുരം: ബി. അശോക് ഐഎഎസിനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. സെപ്റ്റംബര്‍ 17 മുതല്‍ ഈ സ്ഥലം മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി അശോകിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം അവധി കഴിഞ്ഞ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് വീണ്ടും ചുമതലയേറ്റത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ വീണ്ടും മാറ്റിയിരിക്കുകയാണ്.

അശോകിന് പകരമായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ടിങ്കു ബിശ്വാളിനെ നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം, ടിങ്കു ബിശ്വാളിനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഡോ. ബി. അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പില്‍ നടത്തിയ അനധികൃത ഇടപെടല്‍ അന്വേഷണത്തില്‍ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി. പ്രസാദിന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അടിയന്തര മാറ്റം.

കഴിഞ്ഞ ജനുവരിയില്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും തദ്ദേശ വകുപ്പ് പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് അശോകിനെ മാറ്റിയതും പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നീക്കവും വിലയിരുത്തപ്പെടുന്നത്. ട്രിബ്യൂണല്‍ നാളെ കേസ് പരിഗണിക്കാനാരിക്കെയാണ് വീണ്ടും ധൃതി പിടിച്ചുള്ള നീക്കം.