- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം; പ്രതിയെ കൈയ്യോടെ പിടിച്ചതും ഇഷ്ടമായില്ല; കൃഷി വകുപ്പില്‍ നിന്നും അശോകിനെ മാറ്റുന്നത് 'ഓണം അവധി' വരെ കാത്തിരുന്ന്; ഇനി ഒരാഴ്ച ട്രൈബ്യൂണലില്ല; സെക്രട്ടറിയേറ്റിലെ 'കാഞ്ഞ ബുദ്ധി' വീണ്ടും
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര നവീകരണത്തിനായി ലോക ബാങ്കിന്റെ കേര പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ച സംഭവം വിവാദമായതിനു പിന്നിലെ ഇമെയില്‍ ചോര്‍ച്ചയിലെ സത്യം പുറത്തു വന്നത് സര്‍ക്കാരിന് പിടിച്ചില്ല. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ഡോ. ബി. അശോകിനെ മാറ്റിയത് ഇതിന്റെ പകയാണ്.
താരതമ്യേന ജൂനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഗതാഗത വകുപ്പിനു കീഴിലുള്ള കെടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്താണ് നിയമനം. ഇതിനെതിരെ ബി. അശോക് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കേഡര്‍ തസ്തികയായി ഉയര്‍ത്തിയാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. നേരത്തേ കൃഷിവകുപ്പില്‍നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഓംബുഡ്‌സ് മാനായി നിയമിച്ചതിനെതിരേ സെന്‍ട്രല്‍ അഡ്മിനിസ് ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് നിയമനം റദ്ദാക്കുകയും തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൃഷി വകുപ്പില്‍ തുടര്‍ന്നത്.
കേര പദ്ധതിയില്‍ കര്‍ഷകര്‍ക്കായി അനുവദിച്ച തുക വകമാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ന്നത് വലിയ വിവാദമായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചു. ഇതു വിവാദമായി കത്തിപ്പടരുന്നതിനിടെയാണ് ബി. അശോകിനെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് അദ്ദേഹം തുടരും. കൃഷി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവധി കഴിഞ്ഞു മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ നിയമിച്ചു.
കേരപദ്ധതിക്കുള്ള ലോകബാങ്ക് സഹായം വകമാറ്റിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിയ അശോകായിരുന്നു. വാര്‍ത്ത ചോര്‍ന്നതിനുപിന്നില്‍ ഉന്നതകേന്ദ്രങ്ങളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നിര്‍ദേശിച്ചതനുസരിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഇ-മെയിലില്‍ നിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം എബ്രഹാം ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതിന്റെ അന്വേഷണച്ചുമതല അശോകിനുതന്നെ ലഭിച്ചു.
വിവാദത്തിലായ ഇ-മെയില്‍ കൃഷിവകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍മാത്രം കൈകാര്യംചെയ്യുന്നതാണെന്നും എന്നാല്‍, അവര്‍ അത് തുറന്നിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ അശോക് ചൂണ്ടിക്കാട്ടിയത്. അവര്‍ അല്ലാതെ തുറന്നത് ചോര്‍ത്തലാണെന്നും ഐടി നിയമപ്രകാരം കുറ്റകരമാണെന്നും വാദിച്ച് അശോക് അന്വേഷണം അവസാനിപ്പിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നശേഷമാണ് ഇ-മെയില്‍ സന്ദേശത്തിന്റെ പ്രിന്റ് എടുത്തതെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കൃഷിമന്ത്രി വഴി ചീഫ് സെക്രട്ടറിക്ക് അശോക് കൈമാറിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് ലഭിച്ചതിനുപിന്നാലെയാണ് അശോകിന്റെ സ്ഥാനചലനം.
അശോകിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് വിശദീകരണമൊന്നും ചോദിക്കാതെയാണ്. മാറ്റത്തില്‍ എതിര്‍പ്പുള്ളതു കൊണ്ട് അദ്ദേഹം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിനും അറിയാം. ഓണ അവധി യാണ് ഇപ്പോള്‍. അതുകൊണ്ട് സെപ്റ്റംബര്‍ എട്ടുവരെ ട്രിബ്യൂണല്‍ അവധിയാണ്. ഇതുകൂടി കണക്കിലെടുത്താണ് അശോകിനെ തിടുക്കത്തില്‍ മാറ്റിയത്. കാര്‍ഷികമേഖലയുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 2365.48 കോടിയുടെ കേര പദ്ധതിയില്‍ 1655 കോടിയുടെ ലോകബാങ്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 139 കോടിയുടെ ആദ്യ ഗഡു മാര്‍ച്ചില്‍ ലോകബാങ്ക് അനുവദിച്ചെങ്കിലും ധനവകുപ്പ് അപ്പോള്‍ കൈമാറിയില്ല.
ഇതാണ് മാധ്യമവാര്‍ത്തയായത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ലോകബാങ്ക് സംഘം സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. ഇതും മാധ്യമങ്ങളില്‍വന്നു, പിന്നാലെ കൃഷിവകുപ്പിന് പണം കൈമാറി. ഈ വാര്‍ത്ത ചോര്‍ച്ച വലിയ വിവാദങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു.