- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുഷാര്‍ ഗാന്ധിയോട് തൃണമൂല്‍ കോണ്‍ഗ്രസിന് എതിര്‍പ്പ്; എം അണ്ണാദുരൈയുടെ പേരും പരിഗണിച്ചു; ഒടുവില്‍ കോണ്‍ഗ്രസിന്റെ വാക്കിനോട് യോജിച്ച് ഇന്ത്യ സഖ്യം; ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
സുപ്രീംകോടതി മുന്‍ ജഡ്ജി ബി.സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ബി.സുദര്‍ശന്‍ റെഡ്ഢി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ഹൈദരാബാദ് സ്വദേശിയാണ്. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തുഷാര്‍ ഗാന്ധിയുടെ പേര് തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തതോടെ കോണ്‍ഗ്രസാണ് യോഗത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വോട്ടവകാശ യാത്രയുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ബിഹാറിലായതിനാല്‍ കൂടിയാലോചനകള്‍ക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. പാവങ്ങള്‍ക്കായി ശക്തമായി നിലപാടെടുത്ത, ഭരണഘടനയ്ക്കായി നിലകൊള്ളുന്ന ആളാണ് സുദര്‍ശന്‍ റെഡ്ഡി. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ ഇദ്ദേഹത്തെ പോലെയുള്ള ആളാണ് വേണ്ടത്. പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുമിച്ച് തീരുമാനിച്ച സ്ഥാനാര്‍ഥിയാണിതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായിരുന്നു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി.
മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. 17ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണു തീരുമാനമെടുത്തത്. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗം തീരുമാനത്തിന് അംഗീകാരം നല്‍കും.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. സെപ്റ്റംബര്‍ 9 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പാര്‍ലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിക്കുവേണ്ടി നിരന്തരം നിലകൊള്ളുന്ന ധീരനായ പോരാളിയാണ് സുദര്‍ശന്‍ റെഡ്ഡിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 21ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജിയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു.
സുദര്‍ശന്‍ റെഡ്ഡി 1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശില്‍ ജനിച്ചു. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു.
1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.