- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെജിറ്റേറിയനായി ഒരു മുതലക്ക് ജീവിക്കാൻ കഴിയുമോ; ആ കുളത്തിലെ ജീവികളെ മുതല ഭക്ഷിക്കുന്നില്ല എന്നതിന് എന്താണ് ഉറപ്പ്; ഭക്തർ കൊണ്ടുവന്ന നേർച്ചക്കോഴികളെ ഇത് ആഹാരമാക്കിയിട്ടുണ്ട്; കാസർകോട്ടെ അത്ഭുദ മുതല ബബിയയുടെ പേരിൽ നടക്കുന്നത് അന്ധവിശ്വാസ പ്രചാരണമോ?
കോഴിക്കോട്: കേരളത്തിലെ മാധ്യമങ്ങൾ ഇന്ന് ആഘോഷിച്ച ഒരു വാർത്തയാണ്, കാസർകോട് ജില്ലയിലെ കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴു പതിറ്റാണ്ടിലേറെക്കാലമായുള്ള മുതല 'ബബിയ' ഓർമ്മയായത്. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ ജീവിച്ച മുതല വെജിറ്റേറിയൻ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നത് എന്നതാണ് ഭക്തരുടെയും മാധ്യമങ്ങളുടെയും അവകാശവാദം. ക്ഷേത്ര നിവേദ്യം മാത്രം ഭക്ഷിച്ചാണ് ബബിയ ജീവിച്ചത് എന്നാണ് പറയുന്നത്. ഇതോടെ ദൈവ സമാനമായ ഒരു പരിവേഷം കിട്ടിയ ഈ മുതലക്ക് രാജകീയമായ യാത്രയപ്പാണ് കിട്ടിയത്. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ മരണാനന്തര ചടങ്ങുകൾക്കുശേഷം ഹൈന്ദവ ആചാര പ്രകാരമാണ് ഈ മുതലയുടെ മൃതദേഹം സംസ്കരിച്ചത്. പൊലീസുകാർ വരെ മുതലക്ക് സല്യൂട്ട് നൽകുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയിൽ വിവാദവും തുടങ്ങി.
മുതലക്ക് സസ്യാഹാരംമാത്രം കഴിക്കാൻ കഴിയുമോ?
എന്നാൽ ബബിയയുടെ പേരിൽ ഇറങ്ങിയതെല്ലാം പെരുപ്പിച്ച കഥകൾ മാത്രമാണെന്നും മാംസ ഭക്ഷണം ഇല്ലാതെ ഒരു മുതലക്ക് ജീവിക്കാൻ കഴിയിലെന്നുമാണ് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ ജിനേഷ് പി എസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''മാംസ ഭക്ഷണം ഇല്ലാതെ ഒരു സിംഹത്തിന് ജീവിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ ഒരു കടുവയ്ക്ക്? കടുവയും സിംഹവും ഒക്കെ മാംസഭുക്കുകളാണ്. അവരുടെ ദഹന വ്യവസ്ഥ മാംസം ആഹരിക്കാൻ അനുയോജ്യമാണ്. മാംസ ഭക്ഷണം നിർബന്ധമാണ്. ഇനി അവയ്ക്ക് പഴങ്ങളും പച്ചക്കറികളും വെജിറ്റേറിയനും മാത്രമാണ് ലഭിക്കുന്നത് എന്ന് കരുതുക. അതൊരിക്കലും അവരുടെ സ്വാഭാവികമായ ഭക്ഷണമല്ല. അവർക്ക് സർവൈവ് ചെയ്യാൻ സാധിക്കില്ല.
അവയ്ക്ക് സസ്യാഹാരം മാത്രം ലഭിക്കുകയാണെങ്കിൽ അത് വലിയൊരു സഫറിങ് ആയിരിക്കും. വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകിയാൽ അത് അവരോട് ചെയ്യുന്ന ഒരു ക്രൂരത ആയിരിക്കും. അതുകൊണ്ടാണ് ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റകൾക്ക് ബീഫ് അടക്കമുള്ള മാംസ ഭക്ഷണം നൽകുന്നത്. മുതല ഒരു മാംസഭുക്കാണ്. അതിപ്പോൾ ക്രൊകൊഡൈൽ ആയാലും അലിഗേറ്റർ ആയാലും മാംസഭുക്കാണ്. സസ്യഭുക്കോ മിശ്രഭുക്കോ അല്ല. അങ്ങനെ ഒരു ജീവി മാംസ ഭക്ഷണം ഇല്ലാതെ ജീവിച്ചെങ്കിൽ അത് വലിയൊരു പീഡനമായി തന്നെ കാണണം. അത് മരിക്കുമ്പോൾ ഇത്ര ആഘോഷിക്കാൻ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.
മാംസഭക്ഷണം ഇല്ലാതെയാണോ ജീവിച്ചത്, അങ്ങനെയെങ്കിൽ മാംസഭക്ഷണം ഇല്ലാതെ എങ്ങനെ സർവ്വൈവ് ചെയ്തു എന്നൊക്കെ പഠനം നടത്താം എന്ന് മാത്രം.
ആ കുളത്തിലെ മത്സ്യങ്ങളെ ഈ മുതല ആഹാരമാക്കിയില്ല എന്നൊക്കെ എന്ത് ഉറപ്പിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്? മീൻ, ആമ, വെള്ളം കുടിക്കാൻ വരുന്ന പക്ഷികൾ, ചെറിയ മൃഗങ്ങൾ തുടങ്ങിയ ജീവികളെ ഒക്കെ ഭക്ഷിക്കുന്ന ഒരു ജീവിയാണ് മുതല. ഇതൊന്നും കഴിച്ചിട്ടില്ല എന്നൊക്കെ മാധ്യമങ്ങൾ എന്തുറപ്പിലാണ് തള്ളുന്നത്? ഈ മുതല കോഴിയെ കഴിക്കുന്ന വീഡിയോ വരെ ഉണ്ട്. അപ്പോഴാണ് ഈ തള്ള്!
എന്തായാലും പല ഗ്രൂപ്പുകളിലും ഇതുവച്ചുള്ള അന്ധവിശ്വാസ ചർച്ചകൾ നടക്കുന്നുണ്ട്. എന്തെങ്കിലും കിട്ടിയാൽ അപ്പോൾ തുടങ്ങും അത്ഭുതവും അന്ധവിശ്വാസവും കലർന്ന ചർച്ചകൾ! കഷ്ടമാണ് അവസ്ഥ''- ഡോ ജിനേഷ് ചൂണ്ടിക്കാട്ടുന്നു.
കോഴിയെ ഭക്ഷണമാക്കാറുണ്ട്
അതിനിടെ ഭക്തർ കൊണ്ടുവരുന്ന നേർച്ചക്കോഴികളെ ബബിയ ഭക്ഷിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കാസർകോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണീശ്വരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബബിയ കോഴിയെ തിന്നുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. '' ബബിയ, കാസർകോട് ഏറ്റവും കൂടുതൽ മനുഷ്യരെ ആകർഷിച്ച മിണ്ടാപ്രാണി, ആദരാഞ്ജലി.പുതിയ ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ പണിയുന്നതിന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. വർഷങ്ങൾക് മുമ്പ് ക്ഷേത്ര പരിസരത്തു ഹോട്ടൽ കച്ചവടം നടത്തിയിരുന്ന അറിയപ്പെടുന്ന യക്ഷഗാന കലാകാരൻ സുബ്ബയ്യ ഷെട്ടി ഭക്തന്മാർ കൊണ്ടുവന്ന കോഴി മുതലക്ക് സമർപ്പിക്കുന്ന ചിത്രമാണ്''-രവീന്ദ്രൻ എഴുതി.
പക്ഷേ ഭക്തരുടെ വാട്സാപ്പ് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മുതലയെന്ന ഈ മിണ്ടാപ്രാണിയെ ദൈവമാക്കുന്ന തരത്തിലാണ് വാർത്തകൾ പുരോഗമിക്കുന്നത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക് കണക്കാക്കുന്ന പ്രായം.
ക്ഷേത്ര നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് 'ബബിയ'യുടെ വാസം. തടാകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകൽ മുതല ഈ ഗുഹയിലായിരിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടിയിട്ടില്ലെന്നും ഭക്തർ പറയുന്നു.
എന്നാൽ വിശേഷബുദ്ധിയില്ലാത്ത ഒരു ജീവിമാത്രമാണ് മുതലയെന്നും അതിന് മനുഷ്യനെ തിരിച്ചറിയാൻ പോലും കഴിയില്ലെന്നുമാണ് യാഥാർഥ്യം. പക്ഷേ മൃഗങ്ങൾക്കുള്ള ചില അറ്റൻഷൻ മെത്തേഡ് അനുസരിച്ച് ചില ശബ്ദങ്ങൾ ഇതിന് തിരിച്ചറിയാൻ കഴിയുമെന്നും പൂജാരി വിളിക്കുമ്പോൾ പ്രതികരിക്കുന്നത് അതുകൊണ്ട് അവാമെന്നുമാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്. ഏതായാലും ബബിയയുടെ പേരിൽ ഇനി കാസർകോട് ഒരു പുതിയ ക്ഷേത്രം ഉണ്ടായാലും അത്ഭുദമില്ല എന്ന മട്ടിലാണ് പ്രചാരണങ്ങൾ നീങ്ങുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ