- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ ഈ മൂന്നുപേർ; സിപിഎം നേതാക്കളുടെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്ത പെരുനാട്ടിലെ ബാബുവിന്റെ ഭാര്യയെയും വെറുതെ വിടുന്നില്ല; അന്വേഷണം അട്ടിമറിച്ച് പൊലീസ്; ഹൈക്കോടതിയെ സമീപിച്ച് ബാബുവിന്റെ ഭാര്യ; ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കുസുമകുമാരി
പത്തനംതിട്ട: പെരുനാട്ടിലെ ബാബു എന്ന മനുഷ്യനെ ഓർമയില്ലേ? സിപിഎം നേതാക്കളുടെ ഭീഷണി മൂലം ഒരു മുഴം കയറിൽ ജീവനൊടുക്കിയ പെരുനാട് മഠത്തുംമൂഴി കൂനംകര മേലേതിൽ ബാബു(68)വിനെ. ദ്രോഹിച്ചവർക്ക് തന്റെ മരണം കൊണ്ടെങ്കിലും ശിക്ഷ കിട്ടട്ടെ എന്നു കരുതിയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് ഒരു മുഴം കയറിൽ ബാബു ജീവനൊടുക്കിയത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ പി.എസ്. മോഹനൻ, പഞ്ചായത്തംഗമായ വിശ്വൻ (ശ്യാം), സിപിഎം പെരുനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി റോബിൻ എന്നിവർക്കെതിരേ രൂക്ഷമായ ആരോപണങ്ങൾ എഴുതി വച്ചിരുന്നു. എന്നാൽ, ഇവരുടെ പിടിപാട് കാരണം ബാബുവിന്റെ മരണത്തിലെ അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയില്ല. പൊലീസ് മൂവരെയും പ്രതിസ്ഥാനത്ത് ചേർക്കാൻ തയാറായിട്ടില്ല. ഒടുവിൽ ഗതികെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാബുവിന്റെ ഭാര്യ കുസുമകുമാരി.
ബാബുവിന്റെ മരണശേഷം കുസുമ കുമാരിയും 90 വയസുള്ള ഭർതൃമാതാവും ഒറ്റയ്ക്കാണ് കഴിയുന്നത്. ഈ അവസരം മുതലെടുത്ത് ഇവരെ ഇവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കമാണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും നടത്തുന്നതെന്ന് കുസുമ കുമാരി പറയുന്നു. അസ്വാഭാവിക മരണത്തിനാണ് പെരുനാട് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണം റാന്നി ഡിവൈ.എസ്‌പി ഏറ്റെടുത്തു. ആത്മഹത്യാക്കുറിപ്പ് തെളിവായി എടുക്കാതെ പൊലീസ് ഉരുണ്ടു കളിക്കുന്നു. ഫോറൻസിക് ലാബിൽ നിന്ന് ആത്മഹത്യാക്കുറിപ്പിന്റെ പരിശോധനാ ഫലം വരണം. കൈയക്ഷരം ബാബുവിന്റേതാണെന്ന് തെളിയിക്കണം. ഓർക്കണം, ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച് സംസാരിച്ച മന്ത്രി സജിചെറിയാനെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയത് ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെയാണ്. ഫോറൻസിക് ലാബിൽ നിന്ന് ശബ്ദസാമ്പിൾ പരിശോധനാ ഫലം വരും മുൻപേ മന്ത്രി കുറ്റവിമുക്തനാക്കപ്പെട്ടു. ഇതാണ് സിപിഎമ്മിനും സാധാരണ ജനങ്ങൾക്കും കിട്ടുന്ന നീതിയിലെ വ്യത്യാസമെന്ന് ബിജെപിയുടെ പഞ്ചായത്തംഗം അരുൺ അനിരുദ്ധനും ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സാനുവും പറഞ്ഞു.
ബാബു ജീവനൊടുക്കിയത് തനിക്ക് ചുറ്റും നാവു നീട്ടി നിന്ന ചെന്നായകൾക്ക് കുരുക്ക് വീഴുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, അയാൾക്ക് തെറ്റിപ്പോയി. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നിട്ടു പോലും സ്വന്തം കാര്യം വന്നപ്പോൾ അയാൾക്ക് നീതി ലഭിച്ചില്ല. നേതാക്കളുടെ കൊടിയ പീഡനം കൊണ്ട് ജീവനൊടുക്കേണ്ടി വന്ന ബാബുവിന്റെ കുടുംബത്തെയും വെറുതേ വിടാൻ ഇവർ തയാറല്ല. ബാബുവിന്റെ ഭാര്യ കുസുമകുമാരിയും 90 വയസുള്ള മാതാവും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഇവർ സാമൂഹിക വിരുദ്ധരെ ഇറക്കി വിടുന്നു. ഒരു നിയമവും നീതിയും തങ്ങൾക്ക് സംരക്ഷണമൊരുക്കില്ലെന്ന് കണ്ടപ്പോൾ, തങ്ങൾ കൊല്ലപ്പെട്ടാൽപ്പോലും നീതി കിട്ടണമെന്ന കണക്കു കൂട്ടലിൽ വീടിന് ചുറ്റും സിസിടിവി സ്ഥാപിച്ച് അതിന്റെ സുരക്ഷയിൽ ജീവിക്കുകയാണ് ഇവർ.
പി.എസ്. മോഹനനും സംഘവും ഇവരെ വെറുതേ വിടാനൊരുക്കമല്ല. ചെയ്യാവുന്ന ദ്രോഹങ്ങളൊക്കെ ചെയ്യുന്നു. ഇവരുടെ പറമ്പ് കൈയേറി സ്വന്തമാക്കാൻ എല്ലാ ചരടുവലികളും നടത്തുന്നു. രക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. തനിക്കെതിരായ ഹർജിയിൽ കോടതി ചോദിച്ച റിപ്പോർട്ട് നൽകാൻ വൈകിയതിന് പഞ്ചായത്തിലെ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ് പി.എസ്. മോഹനൻ എന്ന് പഞ്ചായത്തംഗം അരുൺ പറഞ്ഞു. . അതും പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, സിപിഎം പെരുനാട് ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ്, വിശ്വൻ (ശ്യാം എം.എസ്) എന്നിവർ തുടർച്ചയായി ഞങ്ങളെ സമ്മർദം ചെലുത്തുകയും ഉപദ്രവിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്നാണ് കുസുമ കുമാരി പറയുന്നത്.
വലിയ പാലത്തോട് ചേർന്നുള്ള വെയിറ്റിങ് ഷെഡ് പൊളിച്ച് പുതിയത് ഞങ്ങളുടെ സ്ഥലത്ത് നിർമ്മിക്കണമെന്നും പറഞ്ഞിരുന്നു. വീടിരിക്കുന്ന പരിമിതമായ സ്ഥലം ഇതിനായി വിട്ടു നൽകണമെന്നാണ് ആവശ്യപ്പെട്ടത്. വേനൽക്കാലത്ത് പൊതുജനങ്ങൾ അടക്കം ഉപയോഗിക്കുന്ന ഞങ്ങളുടെ കിണറിനോട് ചേർന്ന് കക്കൂസുകളും സെപ്റ്റിക് ടാങ്കും നിർമ്മിക്കുന്നതിനെ ഞങ്ങൾ എതിർത്തിരുന്നു. സ്ഥലം വിട്ടു നൽകാൻ ഞങ്ങൾ വിസമ്മതിക്കുകയും ടോയ്ലറ്റ് കോംപ്ലക്സ് കിണറിനോട് ചേർന്ന് പണിയുന്നത് എതിർക്കുകയും ചെയ്തപ്പോൾ ഇവർ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.
കൂടാതെ റോഡിന് താഴെയുള്ള ഞങ്ങളുടെ സ്ഥലം പി.എസ്. മോഹനൻ ചെയർമാനായുള്ള സുകർമ പാലിയേറ്റീവ് എന്ന സ്ഥാപനത്തിന് വിട്ടു നൽകാനും ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കി ഞങ്ങളുടെ സ്ഥലം പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഭീഷണികളും ഉപദ്രവവും സഹിക്കാവുന്നതിലും കൂടുതലായിരുന്നു. ഞങ്ങളുടെ വീടിനോട് ചേർന്നുള്ള വെയിറ്റിങ് ഷെഡിൽ സാമൂഹിക വിരുദ്ധരായ ആളുകളെ കൊണ്ടിരുത്തുകയും അവർക്ക് മദ്യവും മയക്കു മരുന്നുമൊക്കെ വാങ്ങി നൽകി സ്ഥിരമായി അസഭ്യം പറച്ചിലും ഭീഷണി ഉയർത്തലും ഉണ്ടായിരുന്നു.
ഇത് പരിഹരിക്കാൻ പ്രസിഡന്റ് പി.എസ് മോഹനനോട് ആവശ്യപ്പെട്ടപ്പോൾ ഇതെല്ലാം ഒഴിവാക്കണമെങ്കിൽ സാമ്പത്തികമായി തകർച്ചയിലുള്ള പെരുനാട് സൊസൈറ്റിയിൽ ഞങ്ങളുടെ വിദേശത്തുള്ള പെൺകുട്ടികളുടെ കൈയില നിന്നും പണം വാങ്ങി 20 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യണം. മൂന്നു ലക്ഷം രൂപ പി.എസ്. മോഹനന് കൊടുക്കണം. ഒരു ലക്ഷം വീതം റോബിൻ കെ. തോമസിനും ശ്യാം എന്ന വിശ്വനും കൊടുക്കണം എന്നും പറഞ്ഞു. ഈ കാര്യങ്ങൾ എന്റെ ഭർത്താവ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുള്ളതും അത് പൊലീസിന്റെ കൈവശം സൂക്ഷിച്ചിട്ടുള്ളതുമാണ്.
ബാബുവിന്റെ ആത്മഹത്യ കൊണ്ട് പി.എസ്. മോഹനനും സംഘവും പിന്മാറുമെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. എന്നാൽ, ഒറ്റപ്പെട്ടു പോയ ബാബുവിന്റെ വിധവയെ കടന്നാക്രമിച്ച് ഈ ഭൂമി സ്വന്തമാക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്