- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങള്‍ 'അമ്മയുടെ പെണ്‍മക്കള്‍' എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്; സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്; ആ മെമ്മറി കാര്‍ഡ് എവിടെ? വഞ്ചനയുടെ കഥ പറഞ്ഞ് പൊന്നമ്മ ബാബു; കുക്കു പരമേശ്വരനെതിരെ അതിശക്ത നീക്കം; അമ്മയില്‍ 'അടി' പുതിയ തലത്തില്‍
കൊച്ചി: അമ്മയിലെ തമ്മിലടി പുതിയ തലത്തിലേക്ക്. ബാബുരാജിനെ പിന്തുണയ്ക്കുന്നവര്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തല്‍ നടത്തുകയാണ്. ബാബുരാജിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന നടി പൊന്നമ്മ ബാബുവും ആരോപണവുമായി എത്തുന്നു. കക്കു പരമേശ്വരന്‍ താരസംഘടനയായ 'അമ്മ'യിലെ സ്ത്രീകളെ വഞ്ചിച്ച സ്ത്രീയാണെന്നും അവര്‍ ജനറല്‍ സെക്രട്ടറിയായി വരാന്‍ പാടില്ലെന്നും നടി പൊന്നമ്മ ബാബു ആപോുിര്രുന്നു. നടി ഉഷ ഹസീന പ്രസ് മീറ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. കുക്കു പരമേശ്വരന്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സ്ത്രീകളെ വിളിച്ചുകൂട്ടി അവര്‍ നേരിട്ട ദുരനുഭവം പറയിച്ച് ഷൂട്ട് ചെയ്തു. ഹേമ കമ്മറ്റി വന്നപ്പോള്‍ ഈ മെമ്മറി കാര്‍ഡ് ഹാജരാക്കാന്‍ താന്‍ പറഞ്ഞെങ്കിലും 'മിണ്ടരുത്' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇടവേള ബാബു 25 വര്‍ഷം സെക്രട്ടറി ആയിരുന്നിട്ടും ചെയ്യാത്ത സേവനപ്രവര്‍ത്തികള്‍ നടന്‍ ബാബുരാജ് ഒരു വര്‍ഷം കൊണ്ടു ചെയ്തുവെന്ന് പൊന്നമ്മ ബാബു പറയുന്നു.
അമ്മയുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ വരണമെന്ന ആഗ്രഹം മമ്മൂട്ടിയും മോഹന്‍ലാലും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റായി ദേവനാണ് മത്സരിക്കുന്നത്. ജോയ് മാത്യുവിന്റെ നേതൃത്വത്തിലെ പാനല്‍ ദേവനെ പിന്തുണയ്ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് പോരാട്ടത്തിനുള്ളത്. ഇതില്‍ കുക്കുവിന് ജോയ് മാത്യു പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ പദവിയില്‍ ലാലോ മമ്മൂട്ടിയോ താല്‍പ്പര്യം പരസ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുക്കു ജയിക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതിനിടെയാണ് ബാബുരാജിനെ അനുകൂലിക്കുന്നവര്‍ കുക്കുവിനെ അതിശക്തമായി എതിര്‍ക്കുന്നത്. ജനറല്‍ സെക്രട്ടറിയാകാന്‍ ബാബുരാജും പത്രിക നല്‍കിയിരുന്നു. എന്നാല്‍ പീഡനക്കേസ് അടക്കം ഉയര്‍ത്തിയുണ്ടായ വിവാദങ്ങള്‍ കാരണം ബാബുരാജ് മത്സരത്തില്‍ നിന്നും പിന്മാറി. ഇനി അമ്മയില്‍ ഭാരവാഹിയാകില്ലെന്നും അറിയിച്ചു. അപ്പോഴും ബാബുരാജ് പക്ഷം ഈ തിരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. ഇതിന്റെ സൂചനയാണ് പൊന്നമ്മ ബാബുവിന്റെ വെളിപ്പെടുത്തലുകളിലുള്ളത്. നേരത്തെ നടി ഉഷയും സമാന അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
ബാബുരാജിനും അന്‍സിബയ്ക്കും അതിശക്തമായ പ്രതിരോധമാണ് പൊന്നമ്മ ബാബു തീര്‍ക്കുന്നത്. ബാബുരാജ്, അന്‍സിബ എന്നിവര്‍ ചേര്‍ന്ന് 'അമ്മ'യുടെ പണം കട്ടുമുടിച്ചു എന്നാണ് ചിലര്‍ ആരോപിക്കുന്നത്. പക്ഷേ, ഇടവേള ബാബു പോകുമ്പോള്‍ രണ്ടു കോടിയായിരുന്ന അമ്മയുടെ നീക്കിയിരിപ്പ്, ബാബുരാജ്അന്‍സിബ എന്നിവര്‍ ചേര്‍ന്ന് ഏഴു കോടി ആക്കി. സ്ത്രീകളെ വഞ്ചിച്ച കുക്കു തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നാല്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉണ്ടാകുമോ എന്ന് തങ്ങള്‍ക്ക് ഭയമുണ്ടെന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തി. അന്‍സിബ ഹസനെപ്പറ്റി ഒരു സഹപ്രവര്‍ത്തകന്‍ വളരെ മോശമായ പരാമര്‍ശവുമായി രണ്ട് വിഡിയോ ചെയ്തു. ചെയ്യിപ്പിച്ചത് ഈ പറയുന്ന ആള്‍ക്കാരൊക്കെ കൂടിയാണ്. എന്നാല്‍ അന്‍സിബയെ അങ്ങനെ പറഞ്ഞത് മോശമായിപ്പോയി എന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞില്ലല്ലോ. 'അത് മോശമാണ്, അങ്ങനെ സംസാരിക്കാന്‍ പാടില്ല' എന്ന് ഞങ്ങളെല്ലാം പ്രതികരിച്ചു. സ്ത്രീയെ പൊതുഇടത്തില്‍ ഇങ്ങനെ അപമാനിക്കാന്‍ പാടില്ല. അനൂപ് പറഞ്ഞത് ഒരുപാട് നാവുകള്‍ക്ക് വേണ്ടിയാണ് എന്ന് ഞാന്‍ ഗ്രൂപ്പില്‍ പറഞ്ഞു. ഞാന്‍ ഇതൊക്കെ പറയുമ്പോള്‍ എന്നോട് ദേഷ്യം ഉണ്ടാകും. മെമ്മറി കാര്‍ഡ് എന്റെ കയ്യില്‍ ഉണ്ടെങ്കില്‍ ഞാന്‍ അത് കമ്മിഷന് മുന്നില്‍ ഹാജരാക്കിയേനേ-ഇതാണ് പൊന്നമ്മ ബാബുവിന്റെ വെളിപ്പെടുത്തല്‍.
'ഒരു ചാനലില്‍ കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു പറഞ്ഞിട്ടാണ് ഹോളിഡേ ഇന്നില്‍ എല്ലാവരേയും വിളിച്ചുകൂട്ടിയത് എന്ന് പരാമര്‍ശിച്ചു കണ്ടു. അതൊന്നും ക്ലിയര്‍ ചെയ്യണം എന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ എല്ലാവരും വിചാരിക്കില്ലേ, ഞാനാണ് കാര്യങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന്. ശരിക്കും സംഭവം ഇങ്ങനെ ആയിരുന്നു. ഈ മീടൂ ആരോപണങ്ങള്‍ ഇറങ്ങിയ സമയത്ത് ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കുക്കുവാണ് എല്ലാവരെയും വിളിക്കുന്നത്. ഞങ്ങള്‍ പത്തോ പതിനഞ്ചോ സ്ത്രീകള്‍ ഉണ്ടായിരുന്നു. കുക്കു പറയുന്നത് പൊന്നമ്മ ബാബു വിളിച്ചിട്ടാണ് കുക്കു വന്നത് എന്നാണ്. ബാക്കി എല്ലാവരെയും വിളിച്ചേക്കുന്നത് കുക്കുവാണ്, ഞാനല്ല. പിന്നെ അന്ന് പറഞ്ഞത് നിങ്ങള്‍ക്കുള്ള വിഷമങ്ങളൊക്കെ നിങ്ങള്‍ പറയൂ നമ്മള്‍ ഒരു കൂട്ടായ്മ തുടങ്ങുകയാണ്, സ്ത്രീകളുടെ കൂട്ടായ്മ ആണ്, നമുക്ക് ഇവിടുത്തെ മീറ്റിങ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു മീറ്റിങ് വിളിക്കാം, അമ്മയുടെ അംഗങ്ങള്‍ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ എല്ലാവരും കൂടെ ചേര്‍ന്ന് പല പരിപാടികളിലും പ്ലാന്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു.
ഞങ്ങള്‍ സമരിക്കുമ്പോള്‍ രണ്ട് ക്യാമറ അപ്പുറവും ഇപ്പുറവും ഓണായി നില്‍പ്പുണ്ടായിരുന്നു. നിങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ, നമ്മള്‍ അത് വേണ്ടപ്പെട്ടവരെ അറിയിച്ച് നിങ്ങള്‍ക്ക് അതിനു വേണ്ട നീതി വാങ്ങിച്ചു തരും എന്ന് പറഞ്ഞപ്പോള്‍ പാവങ്ങളായ കുറച്ച് ആള്‍ക്കാര്‍ അവരുടെതായ ഒരുപാട് വിഷമങ്ങള്‍ പറഞ്ഞു. അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് ഉഷയും പ്രിയങ്കയും കൂടി ചോദിച്ചു, എന്താണ് ഇത് ഇങ്ങനെ ഷൂട്ട് ചെയ്യുന്നത്? അപ്പോള്‍ പറഞ്ഞു, നമുക്ക് ഇത് മറ്റുളളവരെ കാണിക്കണമല്ലോ, നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ഉണ്ടായ കാര്യം അവരും കൂടെ അറിയണമല്ലോ! അതുകൊണ്ടാണ് നമ്മള്‍ ഷൂട്ട് ചെയ്യുന്നത് എന്ന് പറഞ്ഞു. പക്ഷേ, പിന്നെ ആ കൂട്ടായ്മ നടന്നുമില്ല. ആ വിഡിയോയെക്കുറിച്ച് കുക്കുനോട് ചോദിക്കുമ്പോള്‍ കുക്കു പറയുന്നത് വിഡിയോ സുരക്ഷിതമായി കയ്യിലുണ്ട്. ഇടവേള ബാബുവിനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നൊക്കെയാണ്. ആ വിഡിയോ വേണമെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. മെമ്മറി കാര്‍ഡ് എവിടെ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് മറുപടി ഇതുവരെ കിട്ടിയിട്ടില്ല. ഇടയ്ക്ക് എപ്പോഴോ നശിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞു. അത് ഒരിക്കലും നശിപ്പിച്ചിട്ടൊന്നുമില്ല. അത് ഇപ്പോഴും കുക്കുവിന്റെ കയ്യിലുണ്ടായിരിക്കും-അവര്‍ പറയുന്നു.
മീ ടൂ ആരോപണങ്ങള്‍ വന്നതിനു ശേഷമാണ് ഹേമാ കമ്മീഷന്‍ വരുന്നത്. എപ്പോഴെങ്കിലും ഈ പറഞ്ഞതൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി ഹാജരാക്കും എന്ന് വിചാരിച്ചു. പക്ഷേ, അത് ചെയ്തില്ല. ഞങ്ങള്‍ സ്ത്രീകളുടെ ഒരു വാട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. അതിനകത്ത് ഇത് ചര്‍ച്ചയായി വന്നു. ആ മെമ്മറി കാര്‍ഡ് എവിടെ എന്ന് ചോദിച്ചപ്പോള്‍ അത് വലിയ ഇഷ്യൂ ആയി വന്നു. അപ്പോള്‍ അതിനെ മൂടാന്‍ വേണ്ടി വേറൊരു ഇഷ്യൂ കൊണ്ടുവന്നു അതില്‍ ചര്‍ച്ചയായി കുറച്ചു അംഗങ്ങള്‍ ലീവ് ചെയ്തു പോയി. അപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി ഇതിനെ മറക്കാന്‍ വേണ്ടിയിട്ടാണ് ആ ഇഷ്യൂ ഉണ്ടാക്കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ കുക്കു എന്റെ പേര് പറഞ്ഞപ്പോള്‍ ഇതിന്റെ സത്യാവസ്ഥ പറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇതിന്റെ സത്യസന്ധമായ കാര്യങ്ങള്‍ ഇതൊക്കെയാണ് എന്ന് പറയാന്‍ വന്നത്. കുക്കു രണ്ടിടത്തും നിന്ന് കളിക്കരുത്. അത് ശരിയല്ല. 'ഞാന്‍ ആണ് വിഡിയോ എടുത്തത്, അത് എന്റെ കയ്യില്‍ ഉണ്ട്' എന്ന് പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. മഞ്ജുവിന്റെയോ എന്റെയോ ലളിത ചേച്ചിയുടെയോ കയ്യിലാണ് കാര്‍ഡ് എന്ന് പറഞ്ഞാല്‍ പറ്റില്ല. ഞാന്‍ ഒരാള്‍ മാത്രമല്ല അവിടെ ഉണ്ടായിരുന്നത്. ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പറയട്ടെ ഞാന്‍ ആണ് വിളിച്ചത് എന്ന്-പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ക്കുന്നു.
ഞങ്ങള്‍ 'അമ്മയുടെ പെണ്‍മക്കള്‍' എന്നു പറഞ്ഞ കൂട്ടായ്മ ഉണ്ടാക്കിയപ്പോള്‍ പലരും പറഞ്ഞത് അത് ബാബുരാജിന് വേണ്ടി ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് എന്നാണ്. സത്യം പറഞ്ഞാല്‍ ബാബുരാജ് ഇത് അറിയുന്നത് ഗ്രൂപ്പ് ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞാണ്. ബാബുരാജ് അപ്പോള്‍ പറഞ്ഞു, 'അടിപൊളി' എന്ന്. ഞങ്ങളുടെ ഗ്രൂപ്പ് നന്നായി പോകുന്നുണ്ട്. കുറെ വയസ്സായ അമ്മമാരൊക്കെ ഗ്രൂപ്പില്‍ ഉണ്ട്. ബാബുരാജ് മാറി എന്ന് പറഞ്ഞപ്പോള്‍ അമ്മാര്‍ക്ക് ഭയങ്കര ആധി ആയി . കാരണം ഇനിയുള്ള കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും-പൊന്നമ്മ ബാബു പറയുന്നു.