വയനാട്: പുല്‍പ്പള്ളി ചേകാടി സ്‌കൂളിലെത്തി എല്ലാവരുടെയും ഹൃദയം കവർന്ന ആനക്കുട്ടി ചരിഞ്ഞു. കര്‍ണാടക നാഗര്‍ഹോളെ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ക്യാമ്പില്‍ ആയിരുന്നു ആനക്കുട്ടി. കഴിഞ്ഞമാസം 18നാണ് ആനക്കുട്ടി ചേകാടിയില്‍ എത്തിയത്. ആനക്കുട്ടിയെ വെട്ടത്തൂര്‍ വനത്തില്‍ വിട്ടുവെങ്കിലും ആനക്കൂട്ടം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കബനി പുഴ നീന്തി കടന്ന് ആനക്കുട്ടി കര്‍ണാടകയില്‍ എത്തി.

ബൈരക്കുപ്പയിലെത്തിയ ആനക്കുട്ടി കടഗധ ഭാഗത്തേക്ക് നീങ്ങുകയും അവിടെ വച്ച് നാട്ടുകാര്‍ ആനക്കുട്ടിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാഗര്‍ഹോളെ വനത്തിനകത്തുള്ള വെള്ള ആനക്യാമ്പിലേക്ക് ആനക്കുട്ടിയെ മാറ്റുകയായിരുന്നു.

മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ഒരു മാസത്തോളമായി സംരക്ഷിച്ചു വരികയായിരുന്നു. അസുഖം ഉണ്ടായതിനെ തുടര്‍ന്നാണ് ആനകുട്ടി ചെരിഞ്ഞത്. അതേസമയം, കൂട്ടംതെറ്റിയ 3 വയസ്സുള്ള കുട്ടിയാന സ്കൂൾ പരിസരത്തെത്തിയത്. അരമണിക്കൂറോളം സ്കൂൾ വരാന്തയിലും മുറ്റത്തും കറങ്ങിനടന്ന ആനക്കുട്ടിയെ വനപാലകരെത്തി വാഹനത്തിൽ കയറ്റികൊണ്ടുപോകുംവരെ കുട്ടികൾക്കും അധ്യാപകർക്കും കൗതുകവും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങളായിരുന്നു.

ആനക്കുട്ടിയെ കണ്ടു കുട്ടികൾ ചുറ്റും കൂടിയതോടെ അവരെയെല്ലാം ക്ലാസുകളിൽ കയറ്റി അധ്യാപകർ കതകടച്ചു. സ്കൂൾ വരാന്തയിൽ കയറി തലങ്ങും വിലങ്ങും നടന്ന ആനക്കുട്ടി അവിടെ കിടന്ന ചെരിപ്പുകൾ തട്ടിക്കളിച്ചു. ഇടയ്ക്കു പുറത്തിറങ്ങി ക്ലാസ് മുറിക്കു സമീപത്തുണ്ടായിരുന്ന ബൈക്ക് തട്ടിമറിച്ചു.

വിവരമറിഞ്ഞതോടെ പല ഭാഗത്തുനിന്നും രക്ഷിതാക്കളും ഓടിയെത്തി. വനം വാച്ചർമാരെത്തി ആനക്കുട്ടിയെ സ്കൂൾ വളപ്പിൽനിന്നു പുറത്താക്കാൻ ശ്രമിച്ചെങ്കിലും പരിസരം വിടാൻ കുഞ്ഞാന തയാറായില്ല. അര മണിക്കൂറിനു ശേഷം വനപാലകർ വാഹനവുമായെത്തി കുട്ടിയാനയെ പിടിച്ചുകയറ്റി വെട്ടത്തൂർ വനപ്രദേശത്ത് വിട്ടു. കാലത്തു മുതൽ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു ആനക്കുട്ടി.

ഒറ്റപ്പെട്ട നിലയിൽ വെളുകൊല്ലിയിലെ കിടങ്ങിനടുത്തു കണ്ട ആനയെ തള്ളയാനയുടെ സമീപമെത്തിക്കാൻ ശ്രമിച്ചെങ്കിലും മറ്റാനകളെ കണ്ടെത്താനായില്ല. സ്കൂളിൽ നിന്ന് 500 മീറ്റർ അകലെയാണ് ചേകാടി വനപ്രദേശം. സ്കൂൾ വളപ്പിന്റെ മൂന്നു ഭാഗത്തു മതിലുണ്ടെങ്കിലും വനത്തിനോടു ചേർന്ന ഭാഗത്തു മാത്രമില്ല. രാത്രി കാട്ടാനകൾ സ്കൂൾ പരിസരത്ത് ഏത്താറുണ്ടെങ്കിലും പകൽസമയം ആദ്യമാണെന്നു പ്രദേശവാസികൾ പറഞ്ഞു.

സ്കൂളിലെ അധ്യാപകരും ഓടിക്കൂടിയവരും ചിത്രീകരിച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായി. സ്കൂൾ വരാന്തയിൽ കിടന്ന കുട്ടികളുടെ ചെരിപ്പുകളും കമന്റുകളിൽ ഇടംപിടിച്ചു. നല്ല മഴയും തണുപ്പുള്ള സമയത്ത് പാദരക്ഷകൾ ക്ലാസ്മുറിക്കു പുറത്തിടാനുള്ളതല്ലെന്നും തണുപ്പേൽക്കാതിരിക്കാനുള്ള രക്ഷാകവചമാണെന്നും പലരും നിരീക്ഷിച്ചു. ഇതിനെ വിമർശിച്ചും കുറിപ്പുകളുണ്ടായി. എന്നാൽ രക്ഷിതാക്കളുമായി ആലോചിച്ചാണ് ചെരിപ്പുപുറത്തുവയ്ക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു.