- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശ സുരക്ഷയുടെ പേരിൽ വീണ്ടും ഡിജിറ്റൽ സ്ട്രൈക്ക്! ലോൺ ആപ്പുകളു ചൂതാട്ട ആപ്പുകളും അടക്കം 232 ചൈനീസ് ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ; ലോണെടുത്ത ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നടപടി; ഐടി നിയമത്തിലെ 69 വകുപ്പിന്റെ ലംഘനം നടന്നതായി കേന്ദ്രം
ന്യൂഡൽഹി: ദേശ സുരക്ഷയുടെ പേരിൽ വീണ്ടും ഡിജിറ്റൽ സ്ട്രൈക്കിന് ഒരുങ്ങി കേന്ദ്രസർക്കാർ. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ നടപടി ആരംഭിച്ച് കേന്ദ്രസർക്കാർ. ഇത്തവണ 138 ചൂതാട്ട ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് കേന്ദ്രസർക്കാർ നിരോധിക്കാൻ പോകുന്നത്. കഴിഞ്ഞ രണ്ടുവർഷമായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ചൈനീസ് ആപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ് കേന്ദ്രസർക്കാർ. ഇതിനോടകം തന്നെ നൂറ് കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. ഇതിൽ അവസാനം എന്ന നിലയിൽ 138 ചൂതാട്ട ആപ്പുകളും 94 ലോൺ ആപ്പുകളും ഉടൻ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
ലോണെടുത്ത ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഐടി നിയമത്തിലെ 69 വകുപ്പിന്റെ ലംഘനം നടന്നതായി ചൂണ്ടിക്കാണിച്ചാണ് നടപടി ആരംഭിച്ചത്. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകംതന്നെ ആപ്പുകൾ നിരോധിച്ചുള്ള ഉത്തരവ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ നിരവധി പേർ ആത്മഹത്യ ചെയ്യുന്നു. ആപ്പുകൾ വഴി ലോണെടുക്കുന്ന പലരും തിരിചടക്കാനാകാതെ പൊറുതി മുട്ടുമ്പോൾ ലോണെടുത്ത ആളുകളിൽ നിന്നും ഭീഷണിപ്പെടുത്തി വ്യക്തിഗത വിവരങ്ങളും മോർഫ് ചെയ്ത ഫോട്ടോകളുമെല്ലാം ആവശ്യപ്പെടുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
മൂന്നു സംസ്ഥാനങ്ങളിലുമായി 17 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിങ്, ലോൺ ആപ്പുകൾ നിരോധിക്കാൻ തയാറാകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. ആറ് മാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 288 ചൈനീസ് ലോൺ ലെൻഡിങ് ആപ്പുകളുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തിരുന്നു.
ഇവയിൽ 94 ആപ്പുകൾ ഇ-സ്റ്റോറുകളിൽ ലഭ്യമാണെന്നും മറ്റുള്ളവ തേഡ് പാർട്ടി ലിങ്കുകളിലൂടെ പ്രവർത്തിക്കുന്നവയാണെന്നുമാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവയെ നിരോധിക്കാനുള്ള നീക്കം. സെർവർ-സൈഡ് സുരക്ഷാ ദുരുപയോഗം ചെയ്യപ്പെടുകയും പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നതിന് ചാരവൃത്തിക്കായി ഇവ ഉപയോഗിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് കണ്ടെത്തൽ. അതേസമയം ഇത്രയും ആപ്പുകൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തരുതെന്ന് പരസ്യ കമ്പനികൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്തകാലത്തായി ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ തുടർന്് കുടുംബം ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ശാന്തിനഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭർത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.
രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുർഗ റാവു രണ്ട് ഓൺലൈൻ ആപ്പുകളിൽ നിന്നായി വായ്പ എടുത്തത്. പെയിൻങ് തൊഴിലാളിയാണ് ദുർഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യൽ തൊഴിലാളിയും. മൂന്ന് മാസങ്ങൾ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു. പെയിന്റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങൾ ലോൺ ആപ്പുകളിൽ നിന്നും ലഭിച്ചു.
ദുർഗറാവുവിന്റെ സിമ്മിലെ കോൺടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്‌സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ എത്തി. പിന്നാലെ ഈ ചിത്രങ്ങൾ ഓൺലൈൻ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് ആർബിഐ ചട്ടങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്ക് എതിരെ നടപടിക്ക് സർക്കാർ നീക്കം തുടങ്ങിയതും.
ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാരുമിടയിൽ ഇടനില നിൽക്കാൻ മാത്രമാണ് ലോൺ ആപ്പുകൾക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നടപടി എടുക്കാനുമാണ് നീക്കം.
മറുനാടന്‍ ഡെസ്‌ക്