- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആ പടത്തിന് ഹരീഷ് ചോദിച്ചത് 15 ലക്ഷം രൂപ; അതിന് തെളിവായി ബാങ്ക് രേഖകൾ അടക്കം ഉണ്ട്; നല്ലൊരു വേഷം വരെ ഞാൻ വാങ്ങി നൽകിയിട്ടുണ്ട്; അവന്റെ പെരുമാറ്റം പെട്ടെന്ന് ഇങ്ങനെ മാറാനുള്ള കാരണം എനിക്ക് അറിയില്ല..!! നടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാദുഷ

കൊച്ചി: നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾക്കും സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന പരാതിക്കും മറുപടിയുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം. ബാദുഷ രംഗത്ത്. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ, ആരോപിക്കപ്പെട്ട തുകയിൽ മാറ്റമുണ്ടെന്നും സിനിമാ അവസരങ്ങൾ താൻ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
ഹരീഷ് കണാരൻ 20 ലക്ഷം രൂപ കടം നൽകിയെന്ന് ആരോപിച്ചപ്പോൾ, താൻ വായ്പയായി വാങ്ങിയത് 14 ലക്ഷം രൂപയാണെന്നും ഇതിന് ബാങ്ക് രേഖകൾ തെളിവാണെന്നും ബാദുഷ പറഞ്ഞു. ലഭിച്ച തുകയിൽ 6.5 ലക്ഷം രൂപ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് അഞ്ച് വർഷത്തോളം മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കാനാണ് താൻ കരുതിയതെന്നും ബാദുഷ കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രയാസം കാരണമാണ് ബാക്കി തുക ഉടൻ നൽകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
‘എആർഎം’ സിനിമയിൽ നിന്ന് ഹരീഷിനെ മാറ്റിയത് താനല്ലെന്നും ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതുകൊണ്ടാണ് നിർമാതാവ് ആ തീരുമാനമെടുത്തതെന്നും ബാദുഷ വെളിപ്പെടുത്തി. ചിത്രത്തിനായി നിർമാതാവ് 5 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ, ഹരീഷ് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതിനാലാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘ആശകൾ ആയിരം’ എന്ന ചിത്രത്തിലെ ഹരീഷിന്റെ അവസരം നഷ്ടപ്പെടുത്തിയെന്ന ആരോപണവും ബാദുഷ തള്ളി. ഹരീഷിന് യോജിച്ച വേഷമില്ലാതിരുന്നിട്ടും ജൂഡ് ആന്റണിയോട് പറഞ്ഞ് ഒരു വേഷം വാങ്ങി നൽകുകയായിരുന്നു. എന്നാൽ, ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോ ഉണ്ടായിരുന്നതിനാൽ ആ ദിവസങ്ങളിൽ ഹരീഷിന് ഡേറ്റില്ലായിരുന്നു. പിന്നീട് താൻ പറയുന്ന ഡേറ്റിൽ അഭിനയിക്കാമെന്ന് ഹരീഷ് ആവശ്യപ്പെട്ടെങ്കിലും അത് പ്രായോഗികമായിരുന്നില്ല. ഈ സംഭവം ആരോപണം ഉന്നയിക്കുന്നതിന് ഒരു മാസം മുൻപാണെന്നും ബാദുഷ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 72 സിനിമകൾക്ക് ഹരീഷിന്റെ ഡേറ്റ് മാനേജ് ചെയ്തതിന് താൻ ഒരു പ്രതിഫലവും വാങ്ങിയിട്ടില്ലെന്ന് ബാദുഷ ആരോപിച്ചു. ഈ സേവനങ്ങൾക്ക് ഹരീഷ് പ്രതിഫലം നൽകാൻ മനസ്സുകാണിച്ചില്ല. അതേസമയം, തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ മറ്റ് രണ്ട് ആർട്ടിസ്റ്റുകൾ തനിക്ക് 20 ലക്ഷം രൂപ നൽകി സഹായിച്ചിട്ടുണ്ടെന്നും അവർ ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നും ബാദുഷ പറഞ്ഞു. ഇത്ര നല്ല സൗഹൃദം ഉണ്ടായിട്ടും ഹരീഷ് ഇത്ര പെട്ടെന്ന് ഇത്തരമൊരു ആരോപണം ഉന്നയിച്ചതിലെ അസ്വാഭാവികതയും അദ്ദേഹം ഉയർത്തിക്കാട്ടി.
ഈ വിഷയത്തിൽ നടൻ ഹരീഷ് കണാരന്റെ പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ലാത്തതിനാൽ, മലയാള സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും.


