കൊച്ചി: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ വൈദ്യനായ ഭാഗവൽ സിംഗും ഭാര്യ ലൈലയും അറസ്റ്റിലായതോടെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും സൈബറിടത്തിൽ ചർച്ചയാകുന്നു. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ഭാഗവൽ സിങ്. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. ഇത് കൂടാതെ കേരള കർഷക സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

സൈബറിടത്തിൽ നവോത്ഥാന പ്രേമി കൂടിയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ പിന്തുണച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റുകളും ഇട്ടിരുന്നു. പിണറായി സർക്കാറിന്റെ ഭരണത്തുടർച്ചയിൽ ആഹ്ലാദം പങ്കിട്ടു കൊണ്ട് അദ്ദേഹം രംഗത്തുവന്നിരുന്നു. വീണ ജോർജ്ജിന്റെ മന്ത്രിസ്ഥാന ലബ്ധിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടും പോസ്റ്റിട്ടിരുന്നു. ഇങ്ങനെ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ സഖാവാണ് നരബലി കേസിൽ അറസ്റ്റിലായത് എന്നതിന്റെ ഞെട്ടൽ നാട്ടുകാർക്കും മാറുന്നില്ല. പാരമ്പര്യ വൈദ്യനായിരുന്നു ഭഗവൽ സിങ്. അങ്ങനെ പുരോഗമന മുഖമുള്ള വ്യക്തി ഇത്തരമൊരു നടുക്കുന്ന കേസിൽ എങ്ങനെ അകപ്പെട്ടു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പ്രതിയുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ സൈബറിടത്തിൽ ഇത് സിപിഎമ്മിനെ അടിക്കാനുള്ള വടിയായും മറിയിട്ടുണ്ട് ഈ വിഷയം. നവോത്ഥാന നരബലിയാണോ എന്നു ചോദിച്ചു കൊണ്ടുള്ള പരിഹാസങ്ങളും വന്നു കഴിഞ്ഞു. സൈബറിടത്തിൽ ഹൈക്കു കവിയായിരുന്നു ഭഗവൽ സിങ് എന്നതും ആളുകളെ ഞെട്ടിക്കുന്നതാണ്.

നരബലി കേസിൽ അറസ്റ്റിലായ ഭഗവൽ സിങ് ഒക്ടോബർ ആറിന് ഫേസ്‌ബുക്കിൽ പങ്കുവെച്ച കവിതയും സൈബറിടത്തിൽ വൈറലായിട്ടുണട്. ഇതിന് താഴെ ഇപ്പോൾ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ഫേസ്‌ബുക്ക് പ്രെഫൈൽ നിറയെ കവിതകളാണ്. ഓരോന്നും കൃത്യമായ അർത്ഥമുള്ളത്.

നാല് ദിവസം മുമ്പും ഫേസ്‌ബുക്കിൽ സജീവമായിരുന്നു ഇയാൾ. 'ഉലയൂതുന്നു.. പണിക്കത്തി കൂട്ടുണ്ട്..കുനിഞ്ഞ തനു' എന്ന വരികളാണ് അദ്ദേഹം ഫേസ്‌ബുക്കിൽ ഒക്ടോബർ ആറിന് കുറിച്ചത്. സമാനമായ വിധത്തിൽ നിരവധി കവികകൾ ഭാഗവൽ സിങ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫേസ്‌ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.

പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഭഗവന്ത് സിങ്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവർക്കായി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഏജന്റായി പ്രവർത്തിച്ചത്. ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്. ജനസമ്മതനായ തിരുമലുകാരനായിരുന്നു ഭഗവന്തെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയെ കുറിച്ച് മറ്റൊന്നും ആർക്കും അറിയില്ല.