- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ചാർജ്ജ ഷീറ്റ്; ആക്രമിക്കപ്പെട്ട നടിക്ക് എന്ന് പറഞ്ഞ് നടത്തിയത് അതിരു കടന്ന വിമർശനമോ? ബൈജു കൊട്ടാരക്കരയ്ക്കെതിരെ ഹൈക്കോടതി; ദിലീപ് കേസിൽ വീണ്ടും ട്വിസ്റ്റ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിനു സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തത് വിമർശനം പരിധി വിട്ടതു കൊണ്ട്. നടിക്ക് നീതിയൊരുക്കാനായി നിരന്തര ഇടപെടലാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇതിനിടെ നടത്തിയ വിമർശനങ്ങളാണ് ഹൈക്കോടതി നടപടിക്ക് ആധാരം. വിചാരണ കോടതി മാറ്റാനുള്ള നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടരക്കരയുടെ വിമർശനങ്ങളിൽ ഹൈക്കോടതിയും ഇടപെടൽ നടത്തുന്നത്.
നാളെ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കി. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി രജിസ്റ്റ്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്‌ത്തിക്കെട്ടുന്നതുമാണെന്നും ചാർജിൽ വ്യക്തമാക്കി.
ഈ കേസിൽ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. നിലപാടിൽ ഉറച്ചു നിന്നാൽ ഹൈക്കോടതി വിധി നിർണ്ണായകമാകും. നടി ആക്രമിക്കപ്പെട്ട കേസിൽ അടിമുടി ദുരൂഹതകളുടെ കെട്ടുകളാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ് വിചാരണ കോടതി ജഡ്ജി. അതുകൊണ്ട് തന്നെ ഈ കേസിലെ ഇപ്പോഴത്തെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെയെ കാണാൻ സാധിക്കൂവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു, ഈ വിമർശനങ്ങളിൽ ഹൈക്കോടതി എടുക്കുന്ന നിലപാട് അതിനിർണ്ണായകമായി മാറും. കോടതി വിധിയെ വിമർശിക്കാം. എന്നാൽ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കരുതെന്ന പൊതു തത്വമാണ് ഹൈക്കോടതി മുഖവിലയ്‌ക്കെടുക്കുന്നത്.
'നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം. കേസിൽ താൻ തന്നെ വിധി പറയണമെന്നാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി പറയുന്നത്. നിരവധി ആരോപണങ്ങൾ നേരിട്ടയാണ് വിചാരണ കോടതി ജഡ്ജി. എഫ്എസ്എൽ റിപ്പോർട്ട് പൂഴ്‌ത്തിവെച്ചതും കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതൊക്കെ കണ്ടതാണ്'. 'എന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്‌സസ് ചെയ്യണമെങ്കിൽ എന്റെ സമ്മതം വേണ്ടേ? മെമ്മറി കാർഡ് വിഷയത്തിൽ ഒരു അന്വേഷണവും പ്രഖ്യാപിക്കാൻ വിചാരണ കോടതി തയ്യാറായിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയുടെ ശകാരവും'.-ഇങ്ങനെയുള്ള വിമർശനവുമായി കോടതിയെ കടന്നാക്രമിച്ചിരുന്നു.
'അന്വേഷണ ഉദ്യോഗസ്ഥർ കോടതി ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ എന്റെ കോടതി ജീവനക്കാരെ വിരട്ടുകയാണോയെന്ന് ചോദിച്ചയാളാണ് കോടതി. ഈ കേസിൽ ദുരൂഹതകളുടെ കെട്ടുകളാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ് ഹണി എം വർഗീസ്. അവരുടെ ഭർത്താവ് ഒരു കൊലക്കേസിൽ പ്രതിയാകേണ്ട ആളാണ്. മരുമകൻ കേസിൽ പെടാതിരിക്കാൻ ഒരുപാട് ഉപകാരങ്ങൾ ചെയ്തുകൊടുത്തുവെന്നാണ് പറയുന്നത്. തേടിയവള്ളി കാലിൽ ചുറ്റിയെന്ന് വരെയുള്ള ഓഡിയോ അടക്കം പുറത്തുവന്നതാണ്. 'വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ്. ഈ സാഹചര്യങ്ങളിൽ കേസിലെ പല നീക്കങ്ങളേയും സംശയ ദൃഷ്ടിയോടെ മാത്രമേ നോക്കാൻ പറ്റൂ'-എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതിയിലെ നിയമ നടപടിക്ക് ആധാരം.
രാഷ്ട്രീയ പശ്ചാത്തലവും മറ്റമുണ്ടെങ്കിലും സിപിഎമ്മിന് പോലും സ്വാധീനിക്കാൻ കഴിയാത്ത ജഡ്ജിയാണ് ഹണി എം വർഗ്ഗീസ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസിൽ മുമ്പിൽ വന്ന തെളിവുകൾ മാത്രമാണ് ജഡ്ജി വിലയിരുത്തുന്നതെന്ന വാദവും സജീവമാണ്. പ്രോസിക്യൂഷൻ മതിയായ തെളിവ് നൽകാതെ കോടതിയെ കുറ്റം പറയുന്നതിൽ അർത്ഥമുണ്ടോ എന്ന ചർച്ചകളും സജീവമാണ്. ഇതിനിടെയാണ് ജഡ്ജിയെ വിമർശിച്ച സംവിധായകനെതിരെ ഹൈക്കോടതി നടപടി എടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ