തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്. മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത് ബൈജു നോയലായിരുന്നു. പൊലീസ് മന്ത്രിക്കു വേണ്ടി ഈ കേസ് എഴുതി തള്ളിയപ്പോൾ താൻ മേൽക്കോടതിയെ സമീപിക്കുമെന്നായിരുന്നു ബൈജു നോയലിന്റെ പ്രതികരണം. പക്ഷേ, പിന്നീടൊന്നും സംഭവിച്ചില്ല. അതിന് ശേഷം ബൈജുവിന്റെ പേര് കേൾക്കുന്നത് തിരുവനന്തപുരം സംഭവത്തിലാണ്. ബൈജു നൽകിയ ഹർജിയിൽ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്മേൽ നിസാര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎയ്ക്കുമെതിരേ എഫ്.ഐ.ആർ ഇട്ടിരുന്നു.

ബൈജു നോയലിന്റെ ഇടപെടൽ കേസ് വഴിതിരിച്ചു വിടാൻ വേണ്ടിയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി കോടതിയിൽ വരുമ്പോൾ ഈ കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള വഴി ഒരുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ആരോപണം. എന്നാൽ, കോടതി യദുവിന്റെ ഹർജി സ്വീകരിക്കുകയും കേസെടുക്കാൻ വേണ്ടി കന്റോൺമെന്റ് പൊലീസിന് കൈമാറുകയും ചെയ്തു. അതോടെ ബൈജു നോയൽ നൽകിയ ഹർജിയും അതിന്മേൽ എടുത്ത കേസും അപ്രസക്തമായി.

ബെജു തിരുവല്ല കോടതിയിൽ മന്ത്രിയായിരുന്ന സജി ചെറിയാനെതിരേ നൽകിയ ഹർജിയിൽ എടുത്ത കേസ് സംബന്ധിച്ച് 2022 ഡിസംബർ എട്ടിനാണ് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ എഴുതി തള്ളുന്നതിന് വേണ്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു 156(3) പ്രകാരം നൽകിയ പെറ്റിഷനിലാണ് കേസ് എടുത്ത് അന്വേഷിക്കാൻ കോടതി കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകിയത്. ഇതിൻ പ്രകാരം 600/22 നമ്പരായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തറാണ് കേസ് അന്വേഷിച്ചത്. ഡിസംബർ എട്ടിനാണ് കേസ് നിലനിൽക്കില്ലെന്ന് കാട്ടി ഡിവൈ.എസ്‌പി കോടതിയിൽ റഫറൽ റിപ്പോർട്ട് നൽകിയത് 39 സാക്ഷികളെ കണ്ട് മൊഴിയെടുത്തുവെന്നും സജി ചെറിയാൻ ഭരണ ഘടനയെ അവഹേളിച്ചില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റഫറൽ റിപ്പോർട്ട് അംഗീകരിക്കുന്നതിന്റെ ഭാഗമായി കോടതി പരാതിക്കാരന് നോട്ടീസ് അയച്ചത്. പരാതിക്കാരന് റഫറൽ റിപ്പോർട്ടിന്മേൽ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാമെന്നതായരുന്നു അടുത്ത നടപടി ക്രമം. അതിന് ശേഷം കോടതിയിൽ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കാം. സാക്ഷികളേയും ഹാജരാക്കാം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതി വിധി പറയുന്നതോടെയാണ് കേസ് അവസാനിക്കുക.

അന്ന് ബൈജു നോയൽ മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

മൂന്മന്ത്രി സജി ചെറിയാൻ ഭരണ ഘടനയെ അവഹേളിച്ചുവെന്ന കേസ് എഴുതി തള്ളാനുള്ള നീക്കത്തിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹർജിക്കാരനായ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ മറുനാടനോട് പറഞ്ഞു. (കേസ് എഴുതി തള്ളാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോഴുള്ള പ്രതികരണമാണിത്). ഇപ്പോൾ പൊലീസ് റഫറൽ റിപ്പോർട്ടാണ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിട്ടുള്ളത്. ഇത് കോടതിക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. റഫറൽ റിപ്പോർട്ട് അംഗീകരിച്ചാൽ ഹർജിക്കാരനെന്ന നിലയിൽ പ്രൊട്ടസ്റ്റ് കംപ്ലെയിന്റ് ഫയൽ ചെയ്യുമെന്ന് ബൈജു നോയൽ പറഞ്ഞു.

കോടതി അത് അംഗീകരിക്കുകയാണെങ്കിൽ അതിന് മുൻപ് തനിക്ക് നോട്ടീസ് അയയ്ക്കണം. കലണ്ടർ കേസ് (സിസി) റഫറൽ കേസ് (ആർസി) ആക്കുന്നതിന് മുൻപുള്ള നടപടിക്രമം ഇതാണ്. അപ്പോൾ കോടതി തനിക്ക് തെളിവുകൾ ഹാജരാക്കാനുള്ള അവസരം തരും. പൊലീസ് പറയുന്നത് തെളിവില്ലെന്നാണ്.പക്ഷേ, തന്റെ കൈവശം തെളിവുണ്ട്. അത് താൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അദ്ദേഹം ഇന്ത്യൻ ഭരണ ഘടനയെ അപമാനിച്ച് പ്രസംഗിക്കുന്നതിന്റെ ഫുൾ വീഡിയോ തന്റെ കൈവശം ഉണ്ട്. അത് മാത്രമാണ് ഏക തെളിവ്. കോടതി എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചാകും കേസ് മുന്നോട്ട് പോവുക. അംഗീകരിച്ചാൽ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് ഫയൽ ചെയ്യും.

കോടതി അംഗീകരിക്കുകയല്ല, റഫേർഡ് കേസ് ആക്കുകയേ ചെയ്യുകയുള്ളൂ. ഇനി അംഗീകരിച്ചില്ലെങ്കിൽ പുനരന്വേഷണത്തിന് ഉത്തരവിടാം. അന്വേഷണ ഉേദ്യാഗസ്ഥനെ മാറ്റി മറ്റൊരാളെ കൊണ്ട് അന്വേഷിപ്പിക്കാം. അല്ലെങ്കിൽ കേരളാ പൊലീസിലെ തന്നെ വേറെ ഏതെങ്കിലും ഏജൻസിക്ക് കൈമാറാം. സെൻട്രൽ ഏജൻസി വേണമെങ്കിൽ നമ്മൾ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം ആൻഡ് വിജിലൻസ്), ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

ഞാനൊരു കണ്ണൂരുകാരനാണ്. ഈ വിഷയത്തിൽ ചില സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ കൗൺസിലറൊക്കെയായിരുന്നു. അതു കൊണ്ട് തന്നെ ഭീഷണിക്ക് ഒന്നും മുഖവില കൊടുക്കാറില്ല. അവരുടെ തന്ത്രമൊക്കെ അറിയാം. അതു കൊണ്ടാണ് അതനുസരിച്ചാണ് നിങ്ങുന്നതെന്നും അഡ്വ ബൈജു നോയൽ പറഞ്ഞു.