കണ്ണൂർ: പ്രകോപന മുദ്രാവാക്യമുയർത്തി ഇരിട്ടിയിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ റാലി നടത്തിയത് വിവാദമാകുന്നു. ബജ്‌റംഗ്ദൾ ഇരിട്ടി, മട്ടന്നൂർ പ്രഖണ്ഡുകളുടെ നേതൃത്വത്തിൽഇരിട്ടിയിൽ നടത്തിയ ശൗര്യ റാലിയിലാണ് പ്രകോപനമുദ്രാവാക്യങ്ങൾ ഉയർത്തിയത്. പട്ടാളത്തെ തച്ചുതകർത്ത് ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ എന്ന് തുടങ്ങുന്നതായിരുന്നു മുദ്രാവാക്യം.

അയോധ്യയുടെ തെരുവീഥികളിൽ, തൊണ്ണൂറ്റിരണ്ട് കാലത്ത് പട്ടാളത്തെ തച്ചുതകർത്ത് ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ, ജയ് ജയ് ബജ്‌റംഗി, ബജ്‌റംഗിയുടെ ശൗര്യ റാലിയെ തടഞ്ഞുനിർത്താൻ ആരുണ്ടിവിടെ എന്നാലക്കളി കാണട്ടെ.. എവിടെ പോയി പോപ്പുലർ ഫ്രണ്ട്, എവിടെ പോയി ക്യാമ്പസ് ഫ്രണ്ട്..' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

കൈരാതി കിരാത ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച റാലി ഇരിട്ടി നഗരം ചുറ്റി പയഞ്ചേരി മുക്കിൽ സമാപിച്ചു. ബജ്‌റംഗ്ദൾ ജില്ലാ സംയോജക് സന്തോഷ് കാക്കയങ്ങാട്, ഇരിട്ടി പ്രഖണ്ഡ് സെക്രട്ടറി സുനിൽ പുന്നാട്, സേവാ പ്രമുഖ് ഷിജു കാർക്കോട്, മട്ടന്നൂർ പ്രഖണ്ഡ് സെക്രട്ടറി ഉണ്ണി മോച്ചേരി, സേവാ പ്രമുഖ് സുരേഷ് ചാവശ്ശേരി തുടങ്ങിയവരാണ് റാലിക്ക് നേതൃത്വം നൽകിയത്. ഇതിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി റാലി നടത്തിയതിനെതിരെ എസ്.ഡി.പി. ഐ ജില്ലാ നേതൃത്വം രംഗത്തുവന്നു.

ഇരിട്ടിയിൽ ഭരണഘടന സംവിധാനത്തെ വെല്ലുവിളിക്കുകയും സൗഹൃദാന്തരീക്ഷം തകർക്കുന്ന വിധത്തിൽ അന്ത്യന്തം പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഘപരിവാർ നേതാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു,

കഴിഞ്ഞ ദിവസം ഇരിട്ടിയിൽ നടന്ന ബജറങ്ദൾ പ്രകടനത്തിൽ പട്ടാളത്തെ തച്ചു തകർത്താണ് ബാബരി മസ്ജിദ് പൊളിച്ചതെന്നു തുടങ്ങി കടുത്ത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പ്രകടനത്തിനു നേതൃത്വം നൽകിയ ബജ്‌റങ്ദൾ, സംഘപരിവാർ ജില്ലാ നേതാക്കന്മാർക്ക് എതിരേ ശക്തമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം. പൊലീസ് കൃത്യമായ ജാഗ്രത പുലർത്തണം.

ഭരണഘടന സ്ഥാപനങ്ങളെ തകർക്കുന്നതിനും വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമായാണ് ഇത്തരം മുദ്രാവാക്യങ്ങൾ. അണികൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞ ഒരു മുദ്രാവാക്യമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അണിയറയിൽ ഒരുങ്ങുന്ന ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് തീർത്തും പരമതവിദ്വേഷം സൃഷ്ടിക്കുന്ന ഈ വെല്ലുവിളി പ്രകടനം. ഇവിടുത്തെ നിയമ സംവിധാനങ്ങൾ ശക്തമായി ഉണർന്നു പ്രവർത്തിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു

ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ രാജ്യസ്നേഹികൾ ഒത്തൊരുമയോടുകൂടി പ്രവർത്തിക്കണമെന്നും ആർഎസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ശക്തമായി പ്രതിഷേധിക്കാൻ ജനാധിപത്യ മതേതര സമൂഹം തയ്യാറാകണമെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.