കൊച്ചി: ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ നടൻ ബാല വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കയാണ്. ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ താൻ സുഖമായിരിക്കുന്നു എന്നാണ് ബാല പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് ബാല ആരാധകരോട് സംവദിച്ചത്.

അസുഖബാധിതനായിരുന്ന സമയത്ത് പ്രാർത്ഥനകളുമായി ഒപ്പമുണ്ടായിരുന്നവർക്ക് നന്ദി പറഞ്ഞാണ് നടൻ രംഗത്തുവന്നത്. ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാല ഇക്കാര്യങ്ങൾ അറിയിച്ചത്. താൻ സുഖമായിരിക്കുന്നു എന്നും ബാല പറഞ്ഞു. ജന്മദിനത്തിൽ ലക്ഷക്കണക്കിനാളുകൾ തന്നെ സ്‌നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു. ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർത്ഥിച്ചു എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. വൈകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല കൂട്ടിച്ചേർത്തു.

'ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. എന്നെ സംബന്ധിച്ച് അത് സ്‌നേഹമാണ്. എന്നെ ഇത്രയും പേര് സ്‌നേഹിക്കന്നുവെന്ന് ഞാൻ അറിഞ്ഞത് എന്റെ ജന്മദിനത്തിലാണ്. എന്നെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്‌നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദൈവത്തിന്റെ അനുഗ്രഹം.

ഒരുപാട് കുട്ടികൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.
ഈ വീഡിയോയിലൂടെ എല്ലാവരോടും നന്ദി പറയുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം. ദൈവം അനുഗ്രഹിക്കട്ടെ', ബാല പറഞ്ഞു.

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമിക്കുന്ന നടൻ ബാല തന്റെ പുതിയ വീഡിയോ ഭാര്യ പുറത്തുവിട്ടിരുന്നു. ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. നടന്റെ ഭാര്യ ഡോ.എലിസബത്ത് ഉദയനാണ് യൂട്യൂബിലൂടെ ഇരുവരുമൊന്നിച്ച് സന്തോഷത്തോടെയുള്ള ചെറിയൊരു വീഡിയോ പുറത്തുവിട്ടത്.

ആരാധകർ ആവേശത്തോടെയാണ് വീഡിയോ സ്വീകരിച്ചത്. പഴയ ബാലയായി എത്രയുംവേഗം വരണമെന്നും, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നതായും ആരാധകർ പ്രതികരിച്ചിട്ടുണ്ട്.മാർച്ച് ആദ്യവാരം ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലും പിന്നീട് കരൾ രോഗത്തിനും അദ്ദേഹത്തിന് ചികിത്സ നൽകി. ഇതിന് ശേഷം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മുൻപ് വിവാഹ വാർഷികദിനത്തിൽ താരം വീഡിയോ ഷെയർ ചെയ്തിരുന്നു.

ഒരുമാസത്തോളം ബാല ആശുപത്രിയിൽ തുടരുമെന്നാണ് മുൻപ് പുറത്തുവന്ന വിവരം. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ബാല സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ബാലയ്ക്ക് കരൾ നൽകാൻ നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽനിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ബാലയിപ്പോൾ. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'ഷെഫീഖിന്റെ സന്തോഷ'ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്.