തിരുവനന്തപുരം: 'ഞങ്ങളുമായി അല്‍പം അകല്‍ച്ചയിലായിരുന്ന ബാലഭാസ്‌കര്‍ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. ഇതില്‍ ദുരൂഹതയുണ്ടോ?' പിതാവ് സി.കെ. ഉണ്ണി അന്വേഷണ സംഘങ്ങല്‍ക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്ന സംശയങ്ങളിലൊന്നാണിത്. പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമകളെ ആക്രമിച്ചു 3.2 കിലോഗ്രാം സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായവരില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും (28). കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ഉള്‍പ്പെടെ 13 പ്രതികളാണ് ഇതുവരെ പിടിയിലായത്. 24ന് ആണ് പാലക്കാട് പാട്ടരുക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജുന്‍ അറസ്റ്റിലായത്. ജ്വല്ലറി അടച്ചു വീട്ടിലേക്കു പോകുകയായിരുന്ന കടയുടമകളായ സഹോദരങ്ങളെ അക്രമിച്ചാണു 3.2 കിലോഗ്രാം സ്വര്‍ണം തട്ടിയെടുത്തത്. 21ന് രാത്രി നടന്ന സംഭവത്തില്‍ 13 പേര്‍ പിടിയിലായി. 5 പേരെ കണ്ടെത്താനായിട്ടില്ല. പെരിന്തല്‍മണ്ണയില്‍നിന്നു കവര്‍ച്ച നടത്തി ചെര്‍പ്പുളശ്ശേരിയിലെത്തിയ സംഘത്തെ അവിടെ കാത്തുനിന്ന് പ്രതികളിലൊരാളായ മിഥുന്റെ വീട്ടിലെത്തിച്ചത് അര്‍ജുനാണെന്നു പൊലീസ് അറിയിച്ചു. ഈ അറസ്‌റ്റോടെയാണ് വീണ്ടും ബാലഭാസ്‌കറിന്റെ മരണം ചര്‍ച്ചയായത്. കേസ് നിലവില്‍ സിബിഐ അന്വേഷണത്തിലാണ്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള തുടരന്വേഷണമാണ് നിലവില്ഡ നടക്കുന്നത്.

കേരളത്തില്‍ അടുത്തയിടെ ഉണ്ടായ വമ്പന്‍ സ്വര്‍ണ്ണ വേട്ടകളിലെ ലിങ്കുകളെല്ലാം ചെന്നെത്തുന്നത് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണ കടത്തിയവര്‍ക്കും ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട മാഫിയയിലേക്ക് നീളുന്ന കണ്ണികളുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റും സ്വര്‍ണ്ണ കടത്തിലെ കണ്ണൂര്‍ ലോബിയുമെല്ലാം ബാലുവിന്റെ അപകട മരണത്തിലെ ദുരൂഹത കൂട്ടുന്നു. പെരിന്തല്‍മണ്ണയിലെ അര്‍ജുന്റെ അകത്താകലോടെ മലബാറിലെ സ്വര്‍ണ്ണ മാഫിയയുടെ ശക്തിയും വലുപ്പവും വ്യക്തമാകുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ എത്തിയ മെന്റലിസ്റ്റ് അടക്കം ഇന്ന് നിശബ്ദതയിലാണ്. 2018 സെപ്റ്റംബറിലെ അപകടത്തിനു പിന്നാലെ നവംബര്‍ 23നാണ് ഉണ്ണി ഡിജിപിക്ക് ആദ്യ പരാതി നല്‍കുന്നത്. കേസ് തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു കൈമാറി. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതിയെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. പിന്നീട് സിബിഐയും എത്തി. എന്നാല്‍ നീതി മാത്രം ആ അച്ഛന് കിട്ടിയില്ല. മകന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണി ഉത്തരം തേടുന്ന മറ്റു ചോദ്യങ്ങള്‍ ഇവയാണ്:

1. കാര്‍ ഓടിച്ചതു താനാണെന്ന് ആദ്യം അര്‍ജുന്‍ സമ്മതിച്ചിരുന്നു. കാര്‍ ഓടിച്ചത് അയാള്‍ തന്നെയെന്ന് അര്‍ജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അര്‍ജുന്‍ മൊഴിമാറ്റിയത്?

2. സ്വര്‍ണം കള്ളക്കടത്തു കേസില്‍ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ സഹായികളായിരുന്നു. ഇവര്‍ക്ക് അപകടത്തില്‍ പങ്കുണ്ടോ?

3. പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നല്‍കിയിട്ടുണ്ടെന്നു ബാലഭാസ്‌കര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മില്‍ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാള്‍ പണമിടപാട് ഇവര്‍ തമ്മില്‍ നടന്നിട്ടുണ്ടോ?

4. വഴിപാടു കഴിഞ്ഞു തൃശൂരില്‍ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്‌കര്‍ ആരെങ്കിലും നിര്‍ദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്?

എന്നാല്‍ അന്വേഷണ സംഘങ്ങളൊന്നും ബാലഭാസ്‌കര്‍ യാത്ര ആരംഭിച്ച തൃശൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിലെ ഓരോ സംഭവങ്ങളും വിശദമായി പരിശോധിച്ചില്ല. സംഭവം അപകടം മാത്രമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം പറഞ്ഞ വഴിയേ പോവുകയം ചെയ്തു. മറ്റൊരു ദുരൂഹതയും ഇല്ലെന്നാണു തെളിവുകളും മൊഴികളും മാത്രം ഗൗരവത്തിലെടുത്തു. എന്നാല്‍ പല പൊരുത്തക്കേസുകളും മൊഴികളിലുണ്ടായിരുന്നു. അപകടത്തില്‍ മറ്റൊരു വാഹനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് കാറിനു പിന്നില്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയാണു നിര്‍ണായകം. വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ ബോധപൂര്‍വം അപകടം സൃഷ്ടിക്കുമോ? വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നന്ദു മൊഴി നല്‍കിയിട്ടുണ്ട്. നന്ദുവിന്റേയും കെ എസ് ആര്‍ ടി സി ഡ്രൈവറുടേയും മൊഴികളില്‍ വൈരുദ്ധ്യവുമുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പറഞ്ഞത് വാഹനം ഓടിച്ചത് ബാലുവെന്നായിരുന്നു. ഈ ഡ്രൈവര്‍ക്ക് പിന്നീട് യുഎഇ കോണ്‍സലേറ്റില്‍ ഡ്രൈവറായി ദുബായില്‍ ജോലി കിട്ടി. അതും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലൂടെ. അവിടേയും സ്വര്‍ണ്ണ കടത്ത് വിവാദം എത്തിയിരുന്നുവെന്നതാണ് വസ്തുത.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കാറില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജുനും രക്ഷാപ്രവര്‍ത്തത്തിനെത്തിയവരുമെല്ലാം പറയുന്നത് കാര്‍ ഓടിച്ചതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍. ഓരോരുത്തരുടെയും മൊഴികളിങ്ങനെ:

കാര്‍ ഓടിച്ചത് അര്‍ജുന്‍: ലക്ഷ്മി

തൃശൂര്‍ മുതല്‍ അപകടസ്ഥലം വരെ കാര്‍ ഓടിച്ചത് അര്‍ജുനാണ്. ഇക്കാര്യം അപകടത്തിനു പിന്നാലെ അര്‍ജുന്‍ എന്റെ അമ്മ അടക്കമുള്ളവരോടു പറഞ്ഞിട്ടുണ്ട്. പ്രകാശ് തമ്പിയുമായി 7 വര്‍ഷത്തെ പരിചയം ബാലുവിനുണ്ട്. പ്രകാശ് തമ്പിയെ അറിയില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. ബാലുവിന്റെ മാനേജര്‍ അല്ലെന്നു മാത്രമാണു പറഞ്ഞത്. നാട്ടിലെ ചില പരിപാടികളുടെ ഏകോപനം നടത്തിയിരുന്നതു പ്രകാശ് തമ്പിയാണ്.

അപകടത്തിനു പിന്നാലെ പ്രകാശ് ആശുപത്രിയിലെത്തി സഹായങ്ങള്‍ ചെയ്തിരുന്നു. അയാള്‍ക്കു സ്വര്‍ണക്കടത്ത് ഉള്ളതായി എനിക്കോ ബാലുവിനോ സംശയം പോലും ഇല്ലായിരുന്നു. പാലക്കാട്ടെ ഡോക്ടര്‍ക്കു പണം കടംകൊടുത്തു എന്നതു ശരിയാണ്. അതു തിരികെ വാങ്ങുകയും ചെയ്തു. ബാലുവിന്റെ മരണത്തിനു പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ മാറണം. അതു തെളിയിക്കാന്‍ ഏതറ്റം വരെയും പോകും.'

കാറിന്റെ പിന്‍സീറ്റിലായിരുന്നു ബാലഭാസ്‌കര്‍: അശ്വിന്‍

വിമാനത്താവളത്തില്‍ നിന്നു ബന്ധുവിനെയും കൂട്ടി കാറില്‍ മടങ്ങിവരുകയായിരുന്നു ഞാനും ജ്യേഷ്ഠന്‍ പ്രണവും. പള്ളിപ്പുറം ജംക്ഷനു തൊട്ടുമുന്നിലെത്തിയപ്പോള്‍ കാര്‍ മരത്തിലിടിച്ചു നില്‍ക്കുന്നതു കണ്ടു. ഉടന്‍ ഇടതുവശത്തെ ഗ്ലാസ് തകര്‍ത്തു കുട്ടിയെ പുറത്തെടുത്തു. ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച തടിച്ച ഒരാളായിരുന്നു ഡ്രൈവിങ് സീറ്റില്‍. പിന്നില്‍ ഇരുസീറ്റുകള്‍ക്കുമിടയില്‍ തലകുനിച്ചു കുഴഞ്ഞിരിക്കുകയായിരുന്നു കുര്‍ത്ത ധരിച്ച ഒരാള്‍.

പ്രണവ് ആണു കുട്ടിയുമായി പൊലീസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോയത്. അപകടത്തില്‍പ്പെട്ടതു ബാലഭാസ്‌കറും കുടുംബവുമാണെന്നു മെഡിക്കല്‍ കോളജില്‍ നിന്നു പ്രണവ് മടങ്ങിയെത്തിയപ്പോഴാണു മനസ്സിലായത്. കുര്‍ത്ത ധരിച്ചു കാറിന്റെ പിന്‍സീറ്റില്‍ കണ്ടയാളാണു ബാലഭാസ്‌കറെന്നു തിരിച്ചറിഞ്ഞു.' - അശ്വിന്‍ എം.ജയന്‍ (നന്ദു), വര്‍ക്കല ചാവര്‍കോട് സ്വദേശി

ബാലഭാസ്‌കര്‍ ഡ്രൈവിങ് സീറ്റില്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍

ആറ്റിങ്ങലില്‍ നിന്നു ഞാനും കണ്ടക്ടറും ചായകുടിച്ച ശേഷം ബസ് എടുത്തു. കുറെ ദൂരം പിന്നിട്ടപ്പോള്‍ 2 വാഹനങ്ങള്‍ ഓവര്‍ടേക് ചെയ്തു. അതിലൊരു കാര്‍ പള്ളിപ്പുറം സിഗ്‌നല്‍ പിന്നിട്ടപ്പോള്‍ വളവു കഴിഞ്ഞു റോഡിന്റെ വലതുവശത്തേക്കു വേഗത്തില്‍ നീങ്ങി. പെട്ടെന്നു വലിയ ശബ്ദത്തോടെ മരത്തിലിടിച്ചു. ബസ് വശത്ത് ഒതുക്കി ഞാന്‍ ചാടിയിറങ്ങി. ഗിയര്‍ ലിവറിനു സമീപം കുട്ടിയും മുന്‍വശത്തെ ഇടതു സീറ്റില്‍ ഒരു സ്ത്രീയും ബോധമറ്റു കിടക്കുകയായിരുന്നു.

അതുവഴിപോയ കാര്‍ നിര്‍ത്തിച്ചു ജാക്കിലിവര്‍ വാങ്ങി കാറിന്റെ ഗ്ലാസ് തകര്‍ത്തു കുട്ടിയെ പുറത്തെടുത്തു; പിന്നാലെ സ്ത്രീയെയും. പിന്നില്‍ കിടക്കുകയായിരുന്നയാളെ നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ചു പുറത്തെടുത്തു. ഡ്രൈവിങ് സീറ്റിലായിരുന്നയാളെയും പിന്നാലെ പുറത്തെടുത്തു. ബാലഭാസ്‌കറായിരുന്നു ഡ്രൈവിങ് സീറ്റില്‍.- സി.അജി (അന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍, വെള്ളറട സ്വദേശി)