കൊച്ചി: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മി നടത്തിയ പ്രതികരണങ്ങള്‍ക്ക് തലങ്ങള്‍ ഏറെ. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് 20 സംശയങ്ങള്‍ ഹൈക്കോടതി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു പാട് പൊരുത്തക്കേടുകള്‍ ഹൈക്കോടതി ചൂണ്ടികാണിച്ചിരുന്നു. ഇതിനൊന്നും ലക്ഷ്മി മറുപടി പറയുന്നില്ല. അപകടത്തിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ലക്ഷ്മി തന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. അതൊരു അപകടമാണെന്ന് തറപ്പിച്ച് പറയുന്നു. അതില്‍ ഒരു ദുരൂഹതയും ലക്ഷ്മി കാണുന്നില്ല. ഡ്രൈവര്‍ അര്‍ജുന്റെ മൊഴി മാറ്റം മാത്രമാണ് ആരോപണമായി ഉയര്‍ത്തുന്നത്. ഈ ലക്ഷ്മിയുടെ മൊഴി വിഷ്ണു സോമസുന്ദരത്തിനും പ്രകാശ് തമ്പിക്കും അനുകൂലമാണ്. ബാലുവിന്റെ ഫോണ്‍ പ്രകാശ് തമ്പി സൂക്ഷിച്ചതില്‍ പോലും ദൂരുഹത കാണുന്നില്ല. ഇത്ര വലിയ അപകടമുണ്ടായിട്ടും ഡ്രൈവര്‍ ആര്‍ജുനുണ്ടായത് നിസ്സാര പരിക്ക് മാത്രമാണ്. അതും ആലോചനയ്ക്ക് വിധേയമാക്കുന്നില്ല. പകരം ബാലുവിന്റെ കുടുംബത്തെ പരോക്ഷമായി പരിഹസിക്കുന്നു.

ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അര്‍ജുനെ ഡ്രൈവറായി നിയമക്കുന്നതിനെ തുടക്കത്തില്‍ ലക്ഷ്മി എതിര്‍ത്തിരുന്നെന്നും സിബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.. സ്വര്‍ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ അറസ്റ്റിലായതോടെ, ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ റാക്കറ്റുമായി ബന്ധമുണ്ടെന്ന ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് സിബിഐ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് സൂചന. ഇത് ശരിവയ്ക്കും വിധമാണ് മനോരമയില്‍ ലക്ഷ്മി നിലപാട് പറയുന്നത്. ബാലഭാസ്‌കറിന്റെ അമ്മയേയും മറ്റൊരു അടുത്ത ബന്ധവിനേയും പരിഹസിക്കുന്ന പലതും അഭിമുഖത്തില്‍ കുത്തു വാക്കുകളായി ലക്ഷ്മി പുറത്തു വിടുന്നുണ്ട്.

''എന്റെ ഭര്‍ത്താവ് അര്‍ജുനെ തിരുവനന്തപുരത്ത് കൊണ്ടുവന്നത് ഡ്രൈവറായി ജോലി നല്‍കാനാണ്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത എടിഎം മോഷണക്കേസില്‍ അര്‍ജുന് പങ്കുണ്ടെന്ന് അപ്പോഴാണ് ഞാന്‍ അറിഞ്ഞത്, അതിനാല്‍ ഞാന്‍ അര്‍ജുന്റെ നിയമനത്തെ എതിര്‍ത്തു. എന്നാല്‍ സ്വയം തിരുത്താനുള്ള ശ്രമത്തിലാണ് അര്‍ജുനെന്നും നല്ല വ്യക്തിയാണെന്നും പറഞ്ഞ് ബാലു എന്റെ അഭ്യര്‍ത്ഥന നിരസിച്ചു' സിബിഐക്ക് നല്‍കിയ മൊഴിയില്‍ ലക്ഷ്മി പറഞ്ഞു. 'അപകടസമയത്ത് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു തിരുത്തി. ബാലുവാണ് കാര്‍ ഓടിച്ചത് എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഇതു ശരിയല്ല. ബാലുവാണ് ഡ്രൈവ് ചെയ്തതെന്നും അപകടത്തില്‍ പരിക്കേറ്റ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ തൃശ്ശൂരിലെ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ (എംഎസിടി) ഹര്‍ജി നല്‍കിയെന്നാണ് അറിഞ്ഞത്' ലക്ഷ്മിയുടെ മൊഴിയില്‍ പറയുന്നുവെന്നാണ് വാര്‍ത്ത. ഇത് സ്ഥിരീകരിക്കുന്നുണ്ട് അഭിമുഖത്തില്‍ ലക്ഷ്മി.

ബാലഭാസ്‌കറുടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്ന അര്‍ജുന്‍ കെ നാരയണനെ പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു ഇത്. ഇതിനു പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തു റാക്കറ്റിനു ബന്ധമുണ്ടെന്ന ആക്ഷേപം ചര്‍ച്ചയായി. പ്രിയാ വേണുഗോപാലാണ് ഈ വിവരം പുറത്തു വിട്ടത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിനോ മറ്റാര്‍ക്കെങ്കിലുമോ ബന്ധമുള്ളതായി കണ്ടെത്താനായില്ലെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ശാസ്ത്രീയ തെളിവുകള്‍ തള്ളിയിട്ടും പരസ്പര വിരുദ്ധമായ മൊഴികള്‍ തുടര്‍ച്ചയായി പറഞ്ഞ അര്‍ജുന്റെ ഉദ്ദേശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. ബാലുവിന്റെ മരണത്തില്‍ ഹൈക്കോടതി 20 സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ സംശയങ്ങള്‍ സിബിഐ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇനിയും പുറത്തു വന്നിട്ടില്ല. ഈ സംശയങ്ങളില്‍ വ്യക്തമായ തെളിവൊന്നും സിബിഐയ്ക്ക് കിട്ടിയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെയാണ് ലക്ഷ്മി അപകടത്തില്‍ ദൂരൂഹതാ വാദം തള്ളുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ സംശയങ്ങള്‍ ലക്ഷ്മി ചര്‍ച്ചയാക്കുന്നതു പോലുമില്ല.

ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ മറുപടി നല്‍കേണ്ട സംശയങ്ങള്‍ ചുവടെ(മാതൃഭൂമിയും മനോരമയും അടക്കം ഈ സംശയങ്ങള്‍ ഹൈക്കോടതിയുടേതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്)

1, വടക്കുംനാഥ ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാലഭാസ്‌ക്കറും കുടുംബവും തൃശൂരില്‍ മുറി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അതു റദ്ദാക്കി ബാലഭാസ്‌കറും കുടുംബവും രാത്രി തന്നെ തിരിക്കുകയായിരുന്നു. സംഗീത സംവിധായകന്‍ അക്ഷയ് വര്‍മ്മയുമായി കൂടിക്കാഴ്ചയുണ്ടെന്നും അതിനു പോകണമെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതെന്നാണ് ലത മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അക്ഷയ് വര്‍മ്മ ഇതു നിഷേധിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തിരിച്ചു വരവില്‍ ദുരൂഹത ഉയര്‍ത്തുന്ന പ്രധാന വസ്തുത ഇക്കാര്യമാണെന്ന് ഹൈക്കോടതി വിലയിരുത്തുന്നു.

2, സെപ്തംബര്‍ 25നു പുലര്‍ച്ചെ 4.15ന് അര്‍ജുനെ ലത ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പൊലീസാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് ലത പ്രകാശ് തമ്പിക്കൊപ്പമുള്ള ജിഷ്ണുവിനെയും വിളിച്ചിരുന്നു. അര്‍ജുന്റെ ആന്റിയാണ് ലത. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുടെ നടത്തിപ്പുകാര്‍.

3, പ്രകാശ് തമ്പിയും ജിഷ്ണുവും പുലര്‍ച്ചെ നാലരയോടെ അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ ഉപദേശമനുസരിക്കാതെ ബാലഭാസ്‌കറിനെയും ഭാര്യയെയും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയതും ഇവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അന്നുതന്നെ രാവിലെ 10 മണിയോടെ പ്രകാശ് തമ്പി മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച ബാലഭാസ്‌കറിന്റെ മൊബൈല്‍, പഴ്സ് തുടങ്ങിയവ പ്രകാശ് തമ്പിയാണ് ഏറ്റുവാങ്ങിയതര്. എന്നാല്‍ ഒപ്പിട്ടു നല്‍കിയിരുന്നില്ല.

4, ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് തമ്പിയുടെ കൈയിലായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രകാശ് തമ്പി മൊബൈല്‍ നല്‍കിയില്ല.

5, 2019 മേയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാമുറിയില്‍ നിന്ന് ബാലഭാസ്‌കറിന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുക്കുന്നത്.

6, സ്വര്‍ണക്കടത്തു കേസില്‍ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും അറസ്റ്റിലായിട്ടുണ്ടെന്നുള്ളതും ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടി ഗൗരവമായി എടുത്തിട്ടുണ്ട്.

7,അപകടത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് അപകടം നടന്ന സ്ഥലത്തിനടുത്തുള്ള എടിഎമ്മില്‍ നിന്ന് പ്രകാശ് തമ്പി 25,000 രൂപ പിന്‍വലിച്ചിരുന്നു

8, ബാലഭാസ്‌കറിനെയും ഭാര്യയെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രകാശ് തമ്പിക്ക് ധൃതിയുണ്ടായിരുന്നതായി സംശയമുണ്ട്. ബാലഭാസ്‌കറിനെ ആശുപത്രി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുവും എസ്?യുടിയിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. അനൂപ് ചന്ദ്രനെ പ്രകാശ് തമ്പി അറിയിച്ചിരുന്നുമില്ല.

9, ബാലഭാസ്‌കറിനെ അനന്തപുരിയിലേക്ക് മാറ്റിയ ശേഷമാണ്.ആശുപത്രി മാറ്റിയ വിവരം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നത്. ബാലഭാസ്‌കര്‍ മരിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രകാശ് തമ്പിയുടെ പെരുമാറ്റം നാടകീയവും സംശയകരവുമായിരുന്നെന്ന് ഡോ. അനൂപ് മൊഴി നല്‍കിയിരുന്നു

10, അപകടസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച ബാലഭാസ്‌കറിന്റെ സാധനങ്ങള്‍ വിട്ടുകിട്ടാനായി ഒരു സ്ത്രീയും പുരുഷനും മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

11, ബാലഭാസ്‌കറിന്റെ ഫോണ്‍ സെപ്തംബര്‍ 25 ന് രാവിലെ 7.14 ന് മംഗലപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചും രാവിലെ 7.35 ന് പേട്ട ജംഗ്ഷനില്‍ വച്ചും കാള്‍ സ്വീകരിച്ചതായും തെളിവുകളുണ്ട്.

12, ഫോണില്‍ കോളുകള്‍ വന്ന സമയത്ത് പ്രകാശ് തമ്പി മംഗലപുരം, കഴക്കൂട്ടം ടവറുകളുടെ പരിധിയിലുണ്ടായിരുന്നു.

13, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന് രണ്ട് എടിഎം കവര്‍ച്ചാ കേസുകളടക്കം ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്നും തെളിവുകള്‍ പുറത്തുവന്നിരുന്നു.

14, 94 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചിരുന്ന അര്‍ജുന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. എന്നാല്‍ അര്‍ജുന് സംഭവിച്ച പരിക്കുകള്‍ നിസ്സാരമായിരുന്നു.

15, ബാലഭാസ്‌കറിനെ ആശുപത്രി മാറ്റിയ ശേഷം അനന്തപുരി ആശുപത്രിയില്‍ വച്ച് ബാലഭാസ്‌കറിന്റെ വിരലടയാളം പ്രകാശ് തമ്പി എടുത്തിരുന്നു.

16, സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്ന ആകാശ് ഷാജിയും തമ്പിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സെപ്തംബര്‍ 24 ന് രാത്രി 10.30 ന് പ്രകാശ് തമ്പിയെ ഫോണില്‍ വിളിച്ച് എട്ടര മിനിട്ടു സംസാരിച്ചിരുന്നു എന്നും ഫോണ്‍ രേഖകള്‍ പറയുന്നുണ്ട്.

17, ബാലഭാസ്‌കറിനു അപകടം സംഭവിച്ചശേഷമുള്ള തമ്പിയുടെ നീക്കങ്ങള്‍ വലിയ രീതിയില്‍ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. യാത്രക്കിടെ ബാലഭാസ്‌കര്‍ ജ്യൂസ് കഴിച്ച കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി പ്രകാശ് തമ്പി ഒരു ടെക്‌നീഷ്യനെയും മറ്റൊരാളെയും കൂട്ടി കൊല്ലത്തേക്ക് യാത്ര നടത്തിയിരുന്നു

18 പ്രകാശ് തമ്പിയും ടെക്‌നീഷ്യനും സിസി.ടിവി പരിശോധിച്ചെന്നും ജ്യൂസ് കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. ശേഷം ഒന്നും കണ്ടെടുക്കാനായില്ലെന്നു പറഞ്ഞു പുറത്തേക്ക് പോയെന്നും അയാള്‍ പറഞ്ഞിരുന്നു.

19, വിഷ്ണുവിനോടൊപ്പം മുമ്പ് ജോലിചെയ്തിരുന്ന ആളായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍. 2019-ല്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ കസ്റ്റംസിന്റെ ഡി.ആര്‍.ഐ. വിങ് ബാലഭാസ്‌കറിന്റെ രണ്ട് ഫോണ്‍ പിടിച്ചെടുത്തിരുന്നു. ബാലഭാസ്‌കറിന്റെ സഹായിയായിരുന്നു പ്രകാശ് തമ്പി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ രണ്ടുപേര്‍ തങ്ങള്‍ പ്രകാശ് തമ്പിയും വിഷ്ണുവും നേതൃത്വം നല്‍കുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് മൊഴിനല്‍കിയിരുന്നു. ഇക്കാര്യം സി.ബി.ഐ.യെ അറിയിച്ചിരുന്നു. ബാലഭാസ്‌കറാണ് തന്നെ വിഷ്ണുവുമായി പരിചയപ്പെടുത്തിയതെന്ന് കസ്റ്റംസ് ഓഫീസര്‍ രാധാകൃഷ്ണന്‍ മൊഴിനല്‍കിയതും ഡി.ആര്‍.ഐ. സി.ബി.ഐ.യെ അറിയിച്ചിരുന്നു. ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോഡിസ്റ്റായിരുന്ന ജമീല്‍ അബ്ദുള്‍ ജബ്ബാര്‍ സ്വര്‍ണക്കള്ളക്കടത്തില്‍ കാരിയറായിരുന്നു.

20, ബാലഭാസ്‌കറുടെ വാഹനം ആക്രമിക്കുന്ന ചിലരെ കണ്ടുവെന്ന് മൊഴി നല്‍കിയ സോബി ജോര്‍ജിനെ അവിശ്വസിച്ച സി.ബി.ഐ., പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും മൊഴികള്‍ വിശ്വസിച്ചത് സംശയകരമാണ്. സംഗീതസംവിധായകന്‍ അക്ഷയ് വര്‍മയെ കാണാനെന്ന പേരിലാണ് ബാലഭാസ്‌കര്‍ 2018 സെപ്റ്റംബര്‍ 24-ന് രാത്രി തൃശ്ശൂരില്‍നിന്ന് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എന്നാല്‍, അത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ചിരുന്നില്ലെന്നാണ് അക്ഷയ് വര്‍മയുടെ മൊഴി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് പിതാവ് ഉണ്ണി രംഗത്ത് വന്നിരുന്നു. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായവരില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കവര്‍ച്ച കേസില്‍ മറ്റു പ്രതികള്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതല്‍ വാഹനം ഓടിച്ചത് തൃശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുന്‍പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിനു ശേഷമാണ് ഈ കേസുകളെക്കുറിച്ച് അറിയുന്നത്. അര്‍ജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐയും സ്വാധീനങ്ങള്‍ക്കു വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അര്‍ജുന് പിന്നില്‍ വലിയൊരു മാഫിയ ഉണ്ടെന്നാണ് ഉണ്ണിയുടെ സംശയം. പെരിന്തല്‍മണ്ണയിലെ അറസ്റ്റ് അതിന് കൂടുതല്‍ ബലവും നല്‍കുന്നു.

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി. കേസില്‍ അര്‍ജുന്‍ ഉള്‍പ്പെടെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, വാഹനം ഓടിച്ചിരുന്നത് ആരാണെന്നത് സംബന്ധിച്ച് തുടക്കംമുതല്‍ സംശയങ്ങളുണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയും നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് ശാസ്ത്രിയമായി തന്നെ അര്‍ജുനാണ് വണ്ടി ഓടിച്ചതെന്ന് തെളിയുകയും ചെയ്തു.