കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനും എതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഡിജിപിക്കാണ് പരാതി നല്‍കിയത്. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോണ്‍ വിവരങ്ങളടക്കം സമര്‍പ്പിച്ചാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.

''മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഭാര്യയുടെ നമ്പറില്‍ സെപ്റ്റംബര്‍ 13നാണ് കോള്‍ വന്നത്. ഇതിന്റെ പിറ്റേന്ന് നടി സമൂഹമാധ്യമത്തില്‍ തനിക്കെതിരെ പോസ്റ്റിട്ടു''- ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു.

അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. മുകേഷടക്കം പരാതി നല്‍കിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ബാലചന്ദ്രമേനോന്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു.

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു.

അത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നു. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. 47 വര്‍ഷമായി താന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിതെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയസൂര്യയും ഇതേ നടിയെ അപമാനിച്ചു എന്ന് പരാതി വന്നിട്ടുള്ളത്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. ഈ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയെന്നും ബാലചന്ദ്രമേനോന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നു.