- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച്ച മുമ്പ് നടത്തിയ പരിശോധയിൽ കണ്ടത് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിൽക്കുന്നത്; അടച്ചിടാൻ നിർദേശിച്ചിട്ടും വീണ്ടും തുറന്നു പ്രവർത്തിച്ചു; ഭക്ഷ്യസുരക്ഷാ ലൈസൻസും ഇല്ലാതെ വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായ ഹോട്ടൽ സുല്ലു പറഞ്ഞു; 25,000 രൂപ പിഴയടച്ചു 'ബാലൻ ചേട്ടന്റെ കട'
കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ മട്ടാഞ്ചേരിയിലെ ബാലൻ ചേട്ടന്റെ കട എന്ന ഹോട്ടൽ സിറ്റി സ്റ്റാർ ഭക്ഷണത്തിൽ മായം ചേർത്തതിനും വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ചതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന് 25,000 രൂപ പിഴയടച്ചു. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. ഹോട്ടൽ പ്രവർത്തിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസും ഇല്ലായിരുന്നെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗം കൊച്ചി സർക്കിൾ ഓഫീസർ നിമിഷ ഭാസ്‌കറും കളമശേരി സർക്കിൾ ഓഫീസർ എം.എൻ. ഷംസിയയും നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. എന്നാൽ ഹോട്ടൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താതെ വീണ്ടും തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കളമശേരി സർക്കിൾ ഓഫീസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ സീൽ ചെയ്തു.
ഹോട്ടലിലെ അടുക്കള വൃത്തിഹീനമായ രീതിയിലും തറ പൊളിഞ്ഞതും മലിനജലം കെട്ടിക്കിടക്കുന്ന നിലയിലുമായിരുന്നു. പാചകപ്പുരയിൽനിന്ന് സിന്തറ്റിക് ഫുഡ് കളർ ഉപയോഗിച്ച് പാചകംചെയ്ത 15 കിലോയോളം പൊരിച്ച കോഴിയും അഞ്ച് പെട്ടികളിലായി സൂക്ഷിരുന്ന കളറുകളും കണ്ടെടുത്തു. പൊറോട്ട പാകംചെയ്യുന്ന സ്ഥലം വളരെ അധികം വൃത്തിഹീനമായ നിലയിലുമായിരുന്നു. വർഷങ്ങളായി ഈ സ്ഥാപനം ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നത്.
ജീവനക്കാർ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഉപകരണങ്ങൾ ധരിച്ചിരുന്നില്ല. സ്ഥാപനത്തിലെ മറ്റൊരു പാചകപ്പുര പൊടിയും മാറാലയും പിടിച്ച നിലയിലും ഫ്രിഡ്ജിൽ വെജ് നോൺ വെജ് ഭക്ഷ്യ വസ്തുക്കൾ ഒരുമിച്ച് സൂക്ഷിച്ച നിലയിലുമായിരുന്നു. ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണറുടെ തുടർനടപടികൾക്ക് ശേഷം പുനപ്പരിശോധന നടത്തി മാത്രമേ ഇവിടെ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കുകയുള്ളൂവെന്നും അതിനാലാണ് സീൽ ചെയ്തതെന്നും ഭക്ഷ്യ സുരക്ഷാവിഭാഗം അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 ലെ വകുപ്പുകൾ 38,47,26,27 പ്രകാരമാണ് ഹോട്ടൽ പരിശോധന നടത്തി പൂട്ടിയത്.
സമൂഹമാധ്യമങ്ങളിലും യൂട്യൂബ് വ്ളോഗർമാർ വഴിയും വൈറലായ ബാലൻ ചേട്ടന്റെ ചായക്കടയിൽ വിവിധ ജില്ലകളിൽ നിന്നും നിരവധി പേരാണ് ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്. ഇവിടുത്തെ പൊറോട്ടയും ബീഫും കഴിക്കാനായിട്ടാണ് കിലോമീറ്ററോളം സഞ്ചരിച്ച് ഭക്ഷണ പ്രേമികൾ എത്തിയിരുന്നത്. നിരവധി വ്ളോഗർമാരുടെ വീഡിയോകൾ കണ്ടാണ് ഇവരൊക്കെ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ബീഫിലും മറ്റും ചേർക്കാനുള്ള കൃത്രിമ നിറവും മറ്റും കണ്ടെത്തിയത്. ഇതോടെ ഇവിടുത്തെ ഭക്ഷണത്തിന്റെ നിലവാരം എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് നാട്ടുകാർ പറയുന്നു.
അതേസമയം ഇന്ന് ഹോട്ടലുടമ എറണാകുളം ഭക്ഷ്യ സുരക്ഷാ ഓഫീസിൽ 25,000 രൂപ പിഴയടച്ചു. പുതിയ ഭക്ഷ്യസുരക്ഷാ ലൈസൻസിനായും അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഹോട്ടൽ തുറക്കുമെന്നാണ് വിവരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.