കൊൽക്കത്ത: തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവർണർ സിവി ആനന്ദബോസ് പശ്ചിമ ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാർക്ക് കത്തയച്ചു. ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചാണ് ഗവർണർ ആനന്ദബോസ് കത്തയച്ചിരിക്കുന്നത്. തനിക്കെതിരായ അന്വേഷണം ഭരഘടനയെ അവഹേളിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈംഗികമായി പീഡിപ്പിച്ചെന്ന രാജ് ഭവൻ ജീവനക്കാരിയുടെ പരാതിയിലെ അന്വേഷണം തടസപ്പെടുത്താൻ ഗവർണ്ണർ ശ്രമിക്കുന്നുവെന്ന് രാഷ്ട്രപതിയെ അറിയിക്കാൻ ബംഗാൾ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് രാജ് ഭവൻ ജീവനക്കാർക്ക് ആനന്ദബോസ് എഴുതിയ കത്ത് പുറത്ത് വന്നത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ജീവനക്കാർക്ക് നോട്ടീസ് നൽകിയെന്നും, സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞെന്ന് കത്തിൽ പറയുന്നു.

ഭരണഘടന പരിരക്ഷയുള്ള ഗവർണ്ണർക്കെതിരെ എങ്ങനെ പൊലീസിന് കേസെടുക്കാനാകുമെന്ന് ചോദിക്കുന്ന ആനന്ദബോസ് രാജ് ഭവനിലുള്ള ആരും അന്വേഷണവുമായി സഹകരിക്കേണ്ടെന്നും നിർദ്ദേശിക്കുന്നു. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണെന്ന ആരോപണം ആവർത്തിക്കുന്നു. ഗവർണ്ണർക്കെതിരായ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് രാഷ്ട്രപതിക്കയക്കാനാണ് സർക്കാർ നീക്കം. ക്രിമിനൽ നടപടി സാധ്യമല്ലെന്നിരിക്കേ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി ഗവർണ്ണറെ നീക്കാനാണ് ശ്രമം.

സംഭവത്തിന് പിന്നാലെ ഗവർണ്ണർ കേരളത്തിലെത്തിയതോടെ ഒളിച്ചോടിയെന്ന ആക്ഷേപം തൃണമൂൽ കോൺഗ്രസ് ശക്തമാക്കുകയാണ്. രണ്ട് തവണ ഗവർണ്ണർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രാജ് ഭവൻ ജീവനക്കാരിയായ യുവതി ഉറച്ച് നിൽക്കുകയാണ്. ഏപ്രിൽ 24ന് ഗവർണറുടെ മുറിയിൽ വച്ചും, മെയ് 2ന് കോൺഫറൻസ് മുറിയിൽ വച്ചും പീഡനം നടന്നുവെന്ന പരാതിയിൽ യുവതി ഉറച്ചുനിൽക്കുകയാണ്. താത്കാലിക നിയമനം സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നൽകി ഗവർണ്ണർ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.

ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിൽ പൊലീസിന്റെയും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കി ഗവർണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അപകീർത്തികരവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവനകൾ ഗവർണർക്കെതിരെ നടത്തിയ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവൻ പരിസരത്ത് കയറരുതെന്ന് ഉത്തരവിൽ പറയുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ഗവർണർ പങ്കെടുക്കില്ലെന്നും മന്ത്രിക്കെതിരെയുള്ള തുടർ നിയമനടപടികളെ കുറിച്ച് കൂടുതൽ ഉപദേശത്തിനായി അറ്റോർണി ജനറൽ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന വ്യാഖ്യാനങ്ങൾക്ക് വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ മോശക്കാരനാക്കി തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവരെ ദൈവം തുണയ്ക്കട്ടെയെന്നുമായിരുന്നു ആരോപണം നിഷേധിച്ചു കൊണ്ട് ഗവർണർ പ്രതികരിച്ചത്. പക്ഷേ, ഇതിലൂടെ പശ്ചിമ ബംഗാളിലെ അഴിമതിക്കും അക്രമത്തിനുമെതിരായ തന്റെ പോരാട്ടം തടയായാനാവില്ലെന്നും ആനന്ദബോസ് വ്യക്തമാക്കിയിരുന്നു.