കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 15 ആയി. 60ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. സീൽഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 9 മണിയോടെയാണ് സംഭവം. രക്ഷാപ്രവർത്തനം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. മരിച്ചവരിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് റെയിൽവേ ജീവനക്കാർ ഉൾപ്പെടും. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

'ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവാ പ്രദേശത്ത് നടന്ന ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടി. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. ഡി.എം, എസ്‌പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്' - മമത അറിയിച്ചു.

പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ബംഗാൾ സർക്കാർ വഹിക്കും. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാറും രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രിയും ദുരന്തസ്ഥലം സന്ദർശിക്കും.

ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികൾ ട്രെയിലെ യാത്രക്കാരായിരുന്നെന്നാണ് സൂചന. ഗുവഹാത്തി, സെൽഡ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഹെൽപ്പലൈൻ നമ്പറുകളും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്.

ഹെൽപ്പ്‌ലൈൻ നമ്പർ- ഗുവഹാത്തി റെയിൽവേ സ്റ്റേഷൻ
03612731621


03612731622
03612731623

ഹെൽപ്പ്‌ലൈൻ നമ്പർ- സെൽഡ റെയിൽവേ സ്റ്റേഷൻ


033-23508794
033-23833326