ന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭാരതവും ചൈനയും ഒഴികെയുള്ള രാജ്യങ്ങളിൽ, സാമ്പത്തിക പ്രതിസന്ധി ഒരു പകർച്ചവ്യാധി പോലെ വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ലോകം കാണുന്നത്. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്. സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയുകയും വേണ്ടില്ല.

എന്നാൽ ഈ അവസരത്തിലൊക്കെ താരമ്യേന മികച്ച പ്രകടനം ആയിരുന്നു ബംഗ്ലാദേശ് കാഴ്ച വെച്ചിരുന്നത്. ലോകത്ത് എറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യയെയാണ് എഡിബി കണക്കാക്കിയിരുന്നത്. പക്ഷേ തൊട്ടുപിന്നിൽ ബംഗ്ലാദേശ് ഉണ്ടായിരുന്നു. 71ൽ സ്വതന്ത്രമായപ്പോൾ പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സുരക്ഷിതമാണ്. ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു. ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിച്ചു. ഇക്കണക്കിന് പോവുകയാണെങ്കിൽ 2041ഓടെ ബംഗ്ലാദേശ് പുർണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. ഷേക്ക് ഹസീനയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തിലുടെ, വസ്ത്രവ്യവസായം, മരുന്ന് നിർമ്മാണം, ക്ഷീര വികസനം എന്നീ മേഖലകളിലൂടെ ബംഗ്ലാദേശ് വളർന്നു.

പക്ഷേ അപ്പോഴും ചില സാമ്പത്തിക വിദഗ്ദ്ധർ, ബംഗ്ലാദേശിന്റെ തകർച്ചയും ആസന്നമാണെന്ന് പ്രവചിച്ചിരുന്നു. ഇപ്പോൾ ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് ധാക്കയിൽനിന്നുള്ള പുതിയ വർത്തമാനങ്ങൾ സൂചിപ്പിക്കുന്നത്.

എണ്ണയ്ക്കും വൈദ്യുതിക്കും വേണ്ടി ജനം തെരുവിൽ

ഏത് രാജ്യത്തിന്റെയും വികസനത്തിന് അനിവാര്യമാണ് എണ്ണയും വൈദ്യൂതിയും. ഇത് രണ്ടിനും ക്ഷാമം നേരിട്ടാലുള്ള അവസ്ഥ ചിന്തിക്കാൻ കഴിയില്ല. ഇതോടെ കർശന നടപടികളിലേക്ക് സർക്കാർ കടന്നു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി,ആഴ്ചയിൽ സ്‌കൂളുകളുടെ അവധി രണ്ട് ദിവസമാക്കി. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. നേരത്തെ വെള്ളിയാഴ്ച മാത്രമാണ് ബംഗ്ലാദേശിൽ സ്‌കൂളുകൾക്ക് അവധിയുണ്ടായിരുന്നത്. ഇപ്പോൾ ശനിയാഴ്ചയും കൂടി അവധിദിനമാക്കി. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം എട്ട് മണിക്കൂറിൽ നിന്ന് ഏഴ് മണിക്കൂറാക്കി കുറച്ചു.

പെട്രോൾ വില അമ്പത് ശതമാനത്തിലധികം ബംഗ്ലാദേശിൽ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി. ഉക്രൈനിലെ യുദ്ധത്തെ തുടർന്ന് ഇന്ധന ഇറക്കുമതിക്ക് ചെലവ് വർധിച്ചത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചതായി സർക്കാർ പറയുന്നു. ഇന്ധന ഇറക്കുമതിയിൽ തകർന്നടിയുന്ന രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിടിച്ചു നിർത്താൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. ഡീസലും, മണ്ണെണ്ണയ്ക്കും രാജ്യത്ത് വില വാണം വിട്ടപോലെ കുതിക്കയാണ്. കൂടി വരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബംഗ്ളാദേശിൽ ജനം തെരുവിലിറങ്ങുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക കഴിഞ്ഞ വാരാന്ത്യം സാക്ഷ്യം വഹിച്ചത് പെട്രോൾ സ്റ്റേഷനുകൾക്ക് പുറത്തെ നീണ്ട ക്യൂവിനാണ്. ഇന്ധന വില വർധനവ് സംബന്ധിച്ചുള്ള സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ കാര്യങ്ങൾ കൈവിട്ടു. ഇന്ധനവിലയിൽ 52 ശതമാനം വരെയാണ് വർധനവ് പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ പെട്രോൾ വില 130 ടാക്ക ആണ്. എണ്ണ വിലയിൽ 44 ടാക്ക അല്ലെങ്കിൽ ഏകദേശം 52 ശതമാനത്തോളം വർധനയാണ് വരുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ ഇന്ധനവില വളരെ കൂടുതലായതിനാലാണ് വില വർധിപ്പിച്ചതെന്ന് ഊർജ മന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണ വില വർധനയാണിത്.

ഫോറിൻ റിസർവ് കുത്തനെ ഇടിയുന്നു

ഇന്ധനവില വർധനയുടെയും വിലക്കയറ്റത്തിന്റെയും ദുരിതം മുഴുവൻ പേറേണ്ടി വരുന്നത് ബംഗ്ലാദേശിലെ സാധാരണക്കാരാണ്. 1971ൽ സ്വാതന്ത്ര്യം നേടിയതു മുതൽ ബംഗ്ലാദേശ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ദാരിദ്ര്യം. 2026ഓടെ വികസ്വര രാജ്യം എന്ന പദവിയിലേക്ക് ഉയരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. അതിനിടയിലാണ് ഇടിത്തീ പോലെ യുക്രൈൻ യുദ്ധം ഉണ്ടായത്. എന്നാൽ, ബംഗ്ലാദേശിലെ പല പ്രദേശങ്ങളും, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ചിറ്റഗോംഗ് മേഖലയും മറ്റ് തെക്കുകിഴക്കൻ പ്രദേശങ്ങളും ഇപ്പോഴും ദരിദ്രാവസ്ഥയിലാണ്. ബസ് ചാർജ് , കടത്തു കൂലി, ഓട്ടോറിക്ഷ നിരക്കുകൾ എന്നിവ അടിയന്തരമായി വർധിപ്പിക്കാൻ ഇന്ധന വില വർധനവ് കാരണമായി. ഇന്ധന വില വർധനയെ തുടർന്ന് മണ്ണെണ്ണ വിലയും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇത് പാചകം ചെയ്യാൻ മണ്ണെണ്ണ ഉപയോഗിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും.

ഐഎംഎഫിൽ നിന്ന് സഹായധനം അല്ലെങ്കിൽ 4.5 ബില്യൺ ഡോളറിന്റെ വായ്പ പാക്കേജ് ആവശ്യമായതിനാലാണ് ബംഗ്ലാദേശ് സർക്കാർ എണ്ണ വിലയിൽ വർധന വരുത്തിയത്. നിലവിൽ ബംഗ്ലാദേശിന്റെ വ്യാപാര കമ്മി 33.25 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്, വിദേശത്തു നിന്നുള്ള പണം അയക്കൽ 15 ശതമാനത്തോളം കുറഞ്ഞു. ബംഗ്ലാദേശ് സർക്കാരിന്റെ വിദേശവിനിമയ കരുതൽ ശേഖരം 40 ബില്യൺ ഡോളറിൽ താഴെയായി. ഫോറിൽ റിസർവിന്റെ ഈ കുത്തനെയുള്ള ഇടിവ് ശ്രീലങ്ക്ക്ക് സമാനമായ അവസ്ഥ ഉണ്ടാക്കുമെന്നാണ് ഭീതി.

ബംഗ്ലാദേശിനെ അലട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. മാത്രമല്ല ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും വായ്പ എടുക്കുന്നത് നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു. മറ്റ് വ്യവസ്ഥകൾക്ക് ഒപ്പം ഊർജ മേഖലയിൽ നിന്നുള്ള സബ്‌സിഡികൾ പിൻവലിക്കുന്നതിന് സർക്കാർ അനുമതി നൽകിയാൽ മാത്രമേ ഐഎംഎഫ് വായ്പ അനുവദിക്കൂ.

പ്രതിസന്ധി എന്തുകൊണ്ട്?

കഴിഞ്ഞവർഷം ലോകത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന രാജ്യമായിരുന്നു ബംഗ്ലാദേശ്. കോവിഡ് കാലത്തിന് ശേഷവുമുള്ള അവരുടെ വളർച്ചയെ പുകഴ്‌ത്തുമ്പോൾ തന്നെ ആ സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങളും പല സാമ്പത്തിക വിദഗധരും ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാമത്് പൂർണ്ണമായി വിപണി തുറന്ന രാജ്യമല്ല ബംഗ്ലാദേശ്. കാപ്പിറ്റലിസത്തിന്റെ സാധ്യതകൾ അവർ ആ അർഥത്തിൽ പുർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. ഇന്നും എവിടെയും ഗവൺമെന്റ് ഇടപെടൽ നടക്കുന്ന രാജ്യമാണിത്. അത് പലപ്പോഴും ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.

ഗാർമെന്റ്സ് ബിസിനസാണ് ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥയുടെ ജീവനാഡി. പക്ഷേ വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ഈ മേഖലയിൽ കുതിച്ച് വരുന്നുണ്ട്. ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന തത്വമാണ് കോമ്പറ്റീഷന്റെ ഭാഗമായി വരുന്ന ക്രിയേറ്റീവ് ഡിസ്ട്രക്ഷൻ. കുറച്ചുകൂടി നല്ല കോമ്പറ്റീറ്റർ ആഗോള വിപണിയിൽ വന്നാൽ, തിരിച്ചടി നേരിടുന്ന ഗാർമെന്റസ് ബിസിനസിന്റെ കാര്യത്തിൽ ഒരു പ്ലാൻ ബി രാജ്യത്തിന് ഇല്ല എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതുതന്നെ സംഭവിച്ചു.

മാത്രമല്ല അടുത്തകാലത്തായി രാജ്യത്തിന്റെ വിദേശനാണ്യശേഖരം അപകടകരമാം വിധം കുറഞ്ഞു വരികയാണ്. അതിനുകാരണം ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടിയതാണ്. ഇറക്കുമതി 41.9 ശതമാനമായപ്പോൾ, കയറ്റുമതി വെറും 32 ശതമാനമാണ്. ഈ ട്രേഡ് ഡെഫിസിറ്റി ഭാഗമായി രാജ്യത്തിന്റെ കരുതൽ ധന ശേഖരം കുറഞ്ഞുകൊണ്ടിരിക്കയാണ്.

ബംഗ്ലാദേശിന്റെ വിദേശ നാണ്യശേഖരം 42 ബില്ല്യൺ ഡോളറിൽനിന്ന് താഴെപ്പോയാൽ കാര്യങ്ങൾ കൈവിടുമെന്ന് ബംഗ്ലാദേശ് സാമ്പത്തിക വിദഗധൻ പ്രൊഫസർ മുയിനുൽ ഇസ്ലാം നേരത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുപോലെ സർക്കാർ ഏറ്റെടുത്ത റഷ്യയിൽ നിന്നുള്ള ന്യൂക്ളിയർ പവർ പ്ലാന്റ് അടക്കമുള്ളവ ഉണ്ടാക്കുന്ന പലിശക്കെണി ഭാവിയിൽ വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ അതെല്ലാം സത്യമായി വരികയാണ്. പക്ഷേ ശ്രീലങ്കയിലെ രജപക്സെ കുടുംബത്തിൽനിന്ന് ഒക്കെ ഭിന്നമായി, അത്യാവശ്യം നല്ല ഗവേണൻസ് ആണ് ബംഗ്ലാദേശിനുള്ളത്. അതുകൊണ്ടുതന്നെ അവർക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നുള്ള വിലയിരുത്തലും വരുന്നുണ്ട്.