ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ സഹകരണ ബാങ്കുകളിലേറെയും പ്രതിസന്ധിയിലാണ്. സിപിഎം നേതൃത്വം നൽകുന്ന മുന്നണിയാണ് കൂടുതൽ സഹകരണ സംഘങ്ങളും ഭരിക്കുന്നത്. ജീവനക്കാരും നേതാക്കളുമൊക്കെ ചേർന്ന് കൈയിട്ടു വാരി മിക്ക ബാങ്കുകളും ഒരു വഴിക്കാണ്. നിക്ഷേപകരുടെ പണമോ പലിശയോ ഒന്നും തിരിച്ചു കൊടുക്കുന്നില്ല. പക്ഷേ, തങ്ങൾക്ക് കിട്ടാനുള്ള വായ്പാ കുടിശിക ബാങ്കുകാർക്ക് വേണം താനും. കുടിശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് അത് പിരിച്ചെടുക്കാൻ പലവിധ മാർഗങ്ങളാണ് ഇവർ സ്വീകരിക്കുന്നത്.

കുടിശികയും കഴിഞ്ഞ് ജപ്തി നടപടികളിൽ എത്തി നിൽക്കുന്നവരുടെ പേര് വിവരങ്ങളും വസ്തുവിന്റെ വിശദാംശങ്ങളും കാണിച്ച് ഫൽക്സ് ബോർഡ് അടിച്ച് പ്രധാന കവലകളിൽ സ്ഥാപിക്കുക എന്നുള്ളതാണ് അതിലൊന്ന്. അതായത് നാട്ടുകാർക്ക് മുന്നിൽ നാണം കെടുത്തി ഏതു വിധേനെയും പണം ഈടാക്കുക. ന്യൂജൻ ഓൺലൈൻ വായ്പാ സൈറ്റുകൾ ചെയ്യുന്ന അതേ തന്ത്രമാണ് ഇവിടെയും പ്രയോഗിക്കുന്നത്. ഇത്തരത്തിൽ നിരവധി ബോർഡുകൾ പത്തനംതിട്ട ജില്ലയിലെ കവലകൾ തോറും കാണാം.

എന്നാൽ ഇലന്തൂർ പരിയാരം സഹകരണ ബാങ്കിന്റെ ഇത്തരമൊരു ബോർഡ് വിവാദമായി. പരിയാരം സർവീസ് സഹകരണ ബാങ്കാണ് വായ്പാ കുടിശികക്കാരുടെ പേര് വിവരങ്ങൾ ഫൽ്സ് ബോർഡ് സ്ഥാപിച്ച് കവലകളിൽ പ്രദർശിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം ബാങ്ക് അധികൃതർ ബോർഡുകൾ നീക്കം ചെയ്തു.

വായ്പക്കാരെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ പരിയാരം സർവീസ് സഹകരണ ബാങ്ക് അധികൃതർ നടത്തിയ നീക്കമാണ് വിവാദത്തിലായത്. വായ്പാ കുടിശിക വരുത്തിയവരുടെ പേരും വിലാസവും, ഈടാക്കാനുള്ള തുകയും. ജാമ്യ വിവരങ്ങളുമടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ ഫൽ്സ് ബോർഡുകൾ ബാങ്കിന്റെ പരിധിയിൽ വരുന്ന ആറോളം കവലകളിൽ സ്ഥാപിക്കുകയായിരുന്നു.

സർക്കാരുകൾ പോലും കടം എടുത്ത് ഭരണം നടത്തുന്ന കാലത്ത്, ഇത്തരത്തിൽ വായ്പക്കാരെ അപമാനിച്ചത് പ്രതിഷേധാർഹമാണെന്ന് ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പിഎം ജോൺസൺ അഭിപ്രായപ്പെട്ടു. സിപിഎം ഒറ്റയ്ക്ക് ഭരിക്കുന്ന പരിയാരം സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ നീക്കം ചെയ്യുകയായിരുന്നു.

ഓമല്ലൂർ സഹകരണ ബാങ്കിലും ഇതേ രീതിയിൽ ബോർഡിൽ കുടിശികക്കാരുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മാനക്കേട് ഭയന്ന് ചിലർ പണം തിരികെ അടച്ച് ബോർഡിൽ നിന്നൊഴിവായി. എന്നാൽ, ഇവിടെ നൂറുകണക്കിന് നിക്ഷേപകർക്ക് പണം കിട്ടാനുണ്ട്. ചെക്കുമായി ബാങ്കിൽ ചെല്ലുന്നവരോട് ജീവനക്കാർ തട്ടിക്കയറും. നിങ്ങൾക്ക് എന്താണിപ്പോൾ ഇത്രയും പണത്തിന് ആവശ്യം എന്നാണ് ചോദ്യം. ആവശ്യം പറഞ്ഞാൽ ഇതാണോ വലിയ കാര്യം ഇതിനൊന്നും തരാൻ പണമില്ല എന്നാണ് പറയുന്നത്. മിക്ക സഹകരണ ബാങ്കുകളിലും അവസ്ഥ ഇതു തന്നെയാണ്.