- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നായന്മാരെ ചതിച്ച ചതിയന്‍ ചന്തു'; 'അയ്യപ്പസ്വാമിയുടെ സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു'; ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ; സമദൂരത്തില്‍ ശരിദൂരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുകുമാരന്‍ നായര്‍ക്കെതിരെ പത്തംതിട്ടയിലും ശാസ്താംകോട്ടയിലും പ്രതിഷേധ ബാനറുകള്‍
സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വീണ്ടും പ്രതിഷേധ ബാനറുകള്‍
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വീണ്ടും പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. പത്തനംതിട്ടയിലെ തിരുവല്ല പെരിങ്ങരയിലും വി.കോട്ടയത്തും സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പെരിങ്ങരയില്‍ പ്രത്യക്ഷപ്പെട്ട ബാനറില്‍, ശബരിമല അയ്യപ്പസ്വാമിയുടെ സംരക്ഷണത്തിന് അണിനരന്ന ആയിരങ്ങളെ അപമാനിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്നതിനൊപ്പം, 'ബാഹുബലി' സിനിമയിലെ കട്ടപ്പ, ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി. കോട്ടയത്ത് 'നായന്മാരെ ചതിച്ച ചതിയന്‍ ചന്തു' എന്നെഴുതിയ ബാനറാണ് സ്ഥാപിച്ചിട്ടുള്ളത്.
കൊല്ലം ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബാനറില്‍, 'സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടാണ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍എസ്എസ് വേങ്ങയിലെ അനുഭാവികളാണ് ഈ ബാനറിന് പിന്നില്‍.
എന്നാല്‍, സംഘടനയുടെ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. പ്രതിഷേധിക്കുന്നവരെ നേരിടാന്‍ സംഘടനയ്ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിശ്വാസ പ്രശ്‌നത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ വിശ്വാസമാണെന്ന സുകുമാരന്‍ നായരുടെ നിലപാടാണ് പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണം.
അതേസമയം, പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് പ്രതിനിധി സഭ, ജി. സുകുമാരന്‍ നായര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല നിലവിലുള്ളതെന്നും, സംഘടനയുടെ രാഷ്ട്രീയ നിലപാട് എപ്പോഴും സമദൂരമായിരിക്കുമെന്നും പ്രതിനിധി സഭയില്‍ അദ്ദേഹം വിശദീകരിച്ചു. പ്രതിനിധി സഭയുടെ പിന്തുണ സുകുമാരന്‍ നായര്‍ക്ക് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.