- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർകോഴയിലെ ആ പരാതിയും പുറത്ത്
തിരുവനന്തപുരം: ബാർ കോഴയിൽ സർക്കാരിനെ വെട്ടിലാക്കി പുതിയ തെളിവും പുറത്ത്. ഭരണനേതൃത്വത്തിന്റെ പേരുപറഞ്ഞ് ബാറുടമകളിൽനിന്ന് അവരുടെ സംഘടന നടത്തിയ പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും നേരത്തേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന പരാതിയാണ് പുറത്തു വരുന്നത്. ഇതോടെ മദ്യ നയത്തിൽ ഇടപെടലിന് പണപിരിവ് നടത്തിയെന്ന വാദത്തിനും ശക്തി കൂടുകായണ്. നിയമസഭ ചേരുമ്പോഴാണ് ഈ തെളിവ് പുറത്തു വരുന്നത് എന്നതാണ് നിർണ്ണായകം.
ഏപ്രിൽ മാസത്തിലാണ് ഒരു വിഭാഗം ബാറുമകൾ പണപ്പിരിവിനെ കുറിച്ച് പരാതിയായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. ഈ പരാതിയുടെ പകർപ്പ് പുറത്തു വന്നു. എക്‌സൈസ് വിജിലൻസിന് പരാതി കൈമാറിയ മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നിടൊന്നും ഈ വിഷയത്തിൽ ചെയ്തില്ല. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൈമാറിയെങ്കിലും എക്‌സൈസ് വിജിലൻസ് അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. അന്വേഷണം തുടങ്ങിയത് ശബ്ദരേഖ പുറത്ത് വന്ന ശേഷം മാത്രമാണ്. മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകാത്തവരുടെ പേരിൽ എക്‌സൈസ് കേസെടുത്തിട്ടുണ്ടെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ബാർ ഉടമകൾ ഏപ്രിൽ 12-ന് നൽകിയ പരാതിയിൽ പറയുന്നത്.
പണം നൽകണമെന്ന് മെയ് 23-ന് നൽകിയ ശബ്ദ സന്ദേശത്തിന്റെ വാർത്ത പുറത്തു വന്നപ്പോൾ സർക്കാരിന് നൽകാനായല്ല സംഘടനയുടെ കെട്ടിടം പണിക്കുംമറ്റുമാണ് പണപിരിവെന്നായിരുന്നു സംഘടനയുടെ വിശദീകരണം. തങ്ങൾക്കായല്ല പണപ്പിരിവെന്ന നിലപാട് സ്വീകരിച്ച് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ നൽകിയ പരാതിയുമായി ഒത്തു നോക്കുമ്പോൾ അട്ടിമറിക്കുള്ള സാധ്യത കൂടുതലാണ്.
ഏപ്രിൽ 12-ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽനിന്ന് : 'വൻ മുതൽമുടക്കിൽ ഹോട്ടൽ ആൻഡ് ബാർ വ്യവസായം നടത്തുന്ന ഞങ്ങൾ വരുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു വൻ സാമ്പത്തിക ബാധ്യതയിലേക്ക് കടക്കുകയാണ്. എഫ്.കെ.എച്ച്.എ. എന്ന മാതൃസംഘടന തിരഞ്ഞെടുപ്പ് അനുബന്ധിച്ച് അങ്ങയുടെയും ടൂറിസം, എക്‌സൈസ് മന്ത്രിമാരുടെയും പാർട്ടിയുടെയും നിർദ്ദേശപ്രകാരം ഒരു ബാർ ഹോട്ടലിൽ നിന്ന് 2,50,000 രൂപവെച്ചു നൽകണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ലൈസൻസ് പുതുക്കലിനുശേഷം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഞങ്ങൾക്ക് ഇതൊരു വലിയ ഭാരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശികമായി നൽകിയ സംഭാവനകൾക്കു പുറമേ സംഘടനയുടെ നിർദ്ദേശപ്രകാരം 1,00,000 രൂപ പാർട്ടിക്ക് നൽകണമെന്ന് പറഞ്ഞ് നേതാക്കൾ വാങ്ങിച്ചു. അത് നൽകി അവർ സ്ഥാനങ്ങൾ നേടുകയാണ് ചെയ്തത്. ഇത്തവണയും അന്നത്തെപ്പോലെ അങ്ങയുടെ പേര് പറഞ്ഞാണ് പണം പിരിക്കുന്നത്. നൽകാൻ വിസമ്മതിച്ചാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ വെച്ച് കേസ് എടുപ്പിക്കുമെന്ന് ഭീഷണി. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ വച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും നൽകാത്തവരുടെ പേരിൽ കേസ് എടുക്കുകയും ചെയ്തു. ഈ വർഷം തന്നെ കെട്ടിടനിർമ്മാണമെന്ന് പറഞ്ഞ് വിരട്ടി 1,00,000 രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഇവരുടെ ഭീഷണി ഭയന്നാണ് ഇങ്ങനെയൊരു രീതിയിൽ അങ്ങയുടെ സമക്ഷത്തിൽ ഈ വിവരങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കുന്നത്.'
ഇതിനിടെ ബാർകോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള മന്ത്രി എം ബി രാജേഷിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് വിളിച്ചു വരുത്തുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.
വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും ഈ നമ്പറിലെ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിന്റെ നിജസ്ഥിതി അടക്കം പരിശോധിക്കാൻ ആണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അർജുന്റെ ഭാര്യാപിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്‌മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം. ഇതിനിടെയാണ് പുതിയ രേഖയും പുറത്തേക്ക് വരുന്നത്.