തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാറിനെ പിടിച്ചുകുലുക്കിയ ബാർകോഴ അഴിമതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ മദ്യനയം മാറ്റത്തിന്റെ ചുവടുപിടിച്ചു ഉണ്ടാകുന്നത്. മദ്യനയം മാറ്റത്തിന് വേണ്ടി അഴിമതി നടക്കുണ്ടെന്ന വെളിപ്പെടുത്തൽ ബാർ ഉടമകളുടെ സംഘടനാ നേതാവ് നടത്തിയതോടെ വിവാദം ഒതുക്കാനുള്ള അണിയറ നീക്കവും ശക്തമായി. വിഷയത്തെ സംസ്ഥാന സർക്കാറിനെതിരായ ഗൂഢാലോചനയായി കണ്ട് ഒതുക്കാനാണ് ശ്രമം നടക്കുന്നത്.

സംസ്ഥാനത്ത് വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്‌സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന് കത്ത് നൽകിയിട്ടുണ്ട്. വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്ന കത്തിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം ഇത് ബാർ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണെന്നും സൂചനകളുണ്ട്.

പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാൻ നീക്കമുണ്ടെന്ന വെളിപ്പെടുത്തൽ കേട്ടിരുന്നുവെന്നും,ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്‌സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

'പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാർ ഉടമകളുമായി എന്നല്ല, എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറല്ല ഈ സർക്കാർ. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മറുപടി നൽകി.

അതേസമയം ബാർ കോഴയുടെ രണ്ടാം പതിപ്പിലേക്ക് കാര്യങ്ങളെത്തുമ്പോൾ കേന്ദ്രസർക്കാർ അവസരം മുതലെടുക്കാനും തയ്യാറായേക്കും. ഇത് മുന്നിൽ കണ്ടു കൂടിയാണ് സംസ്ഥാന സർക്കാർ അന്വേഷണം ആവശ്യപ്പെടുന്നതും. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാണ് തീവ്രശ്രമം.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. ഇത് സർക്കാരിന് എതിരാകാതിരിക്കാൻ കരുതൽ എടുക്കും. അതിന് വേണ്ടി കൂടിയാകും പൊലീസ് കേസെടുക്കുക.

സംസ്ഥാന സർക്കാരിന്റെ പേരിൽ പണപ്പിരിവിന് ശ്രമിച്ചതിന്റെ പേരിൽ അനിമോനെ പ്രതിയാക്കി പൊലീസ് കേസെടുത്തേക്കും. മദ്യ നയത്തിന്റെ പേരിൽ നിയമവിരുദ്ധ പണപിരിവായി ഇതിനെ സർക്കാർ ആരോപിക്കും. ഈ അന്വേഷണത്തിലൂടെ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് ശ്രമം. സിബിഐ അന്വേഷണം അടക്കമുള്ള ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ അനിമോന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണ്ണ രൂപം പുറത്തു വന്നു. ഇത് ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് മദ്യനയത്തിൽ ഇളവ് വരുത്തുന്നതിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തള്ളി അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ രംഗത്തു വന്നിരുന്നു.

പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുള്ള ലോൺ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തള്ളിയ സുനിൽ കുമാർ, പുതിയ സംഘടന രൂപീകരിക്കാൻ ശ്രമിച്ച അനിമോനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. എന്നാൽ സംഘടനയുടെ യോഗ അജണ്ട പുറത്തു വന്നു. അതിൽ മദ്യനയം അടക്കം ചർച്ചയിലുണ്ട്.