തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരിൽ ബാറുടമാ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പകൽക്കൊള്ള നടത്തുകയാണെന്ന് സംഘടനയിലെ അംഗങ്ങൾ. പിരിവുകാരണം ഗതികെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയെ തന്നെയാണ്. ബാറുടമാ സംഘടനാ നേതൃത്വം സംസ്ഥാന ഭരണ സംവിധാനത്തിന്റെ പേരിൽ നടത്തുന്ന പിരിവുകളെക്കുറിച്ച് വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെയും പേരിൽ പിരിവ് നടത്തുന്നുണ്ട്. പിരിവുകൾ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

ഏപ്രിൽ 12-നാണ് സംഘടനയിലെ ഒരുവിഭാഗം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. എന്നാൽ, തുടർനടപടികൾ കാര്യമായൊന്നും മുന്നോട്ടു പോയില്ല. ഇതിന് പിന്നാലെയാണ് ബാർകോഴ ശബ്ധരേഖയും പുറത്തുവന്നത്. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ ഈ വിഷയത്തിലെ സിപിഎം ക്യാപ്‌സ്യൂൾ പൊളിഞ്ഞു പോകുന്നത് വ്യക്തമാണ്.

ഭരണ നേതൃത്വത്തിനാണെന്ന് പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രാദേശികമായി നൽകിയ സംഭാവനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി അധികാരത്തിൽ എത്തിയ ശേഷവും പിരിവുകളുടെ ബഹളമാണെന്നാണ് പരാതി. നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ പാർട്ടിക്കെന്നുപറഞ്ഞ് ഓരോ ലക്ഷംരൂപ വാങ്ങി. കെട്ടിടനിർമ്മാണത്തിനായും ഓരോ ലക്ഷംവീതം പിരിച്ചു. ഇത് കഴിഞ്ഞാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ ബാറുകാരും രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് സമ്മർദം ചെലുത്തുന്നതെന്ന് പരാതിയിൽപറയുന്നു.

ഇത് ശരിവെക്കുംവിധമാണ് പിന്നീട് മെയ്‌ 23-ന് സംഘടനയുടെ സമ്മേളനം കഴിഞ്ഞിറങ്ങിയ ശബ്ദരേഖ. സംസ്ഥാന വൈസ് പ്രസിഡന്റ് അംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ അംഗങ്ങൾ ഓരോരുത്തരും രണ്ടരലക്ഷം രൂപവീതം നൽകണമെന്ന് നിർബന്ധിച്ചു. മദ്യനയത്തിൽ ഇളവുലഭിക്കാൻ ചെയ്യേണ്ടത് ചെയ്യണമെന്നും അത് നൽകുകയേ നിവൃത്തിയുള്ളൂവെന്നും ശബ്ദരേഖയിൽ വ്യക്തമാണ്. ഇതിന് മുൻകൈയെടുത്തത് ടൂറിസം വകുപ്പാണെന്ന് വ്യക്തമാകുകയും ചെയ്തു.

അതേസമയം ഏപ്രിൽ 12-ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിച്ചിരിക്കുന്നത് വൈകിയാണ്. ഏപ്രിൽ 20-നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫീസിലേക്ക് അന്വേഷണത്തിനായി ഈ പരാതി നൽകിയത്. അന്വേഷണം തുടങ്ങാൻ വീണ്ടും വൈകി. ജൂൺ രണ്ടാംആഴ്ചയാണ് ബാറുടമകളോട് ഇക്കാര്യത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിക്കെതിരേ സാമൂഹികമാധ്യമ കുറിപ്പിട്ടാൽപ്പോലും പെട്ടെന്ന് നടപടിയെടുക്കുന്ന ഔദ്യോഗികസംവിധാനത്തിൽ അദേഹത്തെയും രണ്ടുമന്ത്രിമാരെയും പാർട്ടിയെയും മുൻനിർത്തി ഒരു സംഘടന കോടികൾ പിരിക്കുന്നുവെന്ന പരാതിയിൽ നടപടികൾ വൈകിയതിലാണ് ദുരൂഹത. അതേസമയം, ബാറുടമകൾ പിരിവുനടത്തുന്നെന്ന ആക്ഷേപത്തെക്കുറിച്ചോ അത് സാധൂകരിക്കുന്ന ശബ്ദരേഖയെക്കുറിച്ചോ അറിയില്ലെന്ന നിലപാടാണ് സർക്കാർ നിയമസഭയിലും പുറത്തും ആവർത്തിക്കുന്നത്.

ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തനസമയം കൂട്ടുക, എക്സൈസ് പരിശോധനകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് മദ്യനയത്തിലൂടെ ഇളവുകൾ ലഭിക്കുന്നതിന് രണ്ടരലക്ഷം രൂപവീതം നൽകണമെന്നായിരുന്നുല വിവാദമായ ശബ്ദസന്ദേശം. ഭരണനേതൃത്വത്തിന്റെ പേരുപറഞ്ഞ് ബാറുടമകളിൽനിന്ന് അവരുടെ സംഘടന നടത്തിയ പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും നേരത്തേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പരാതി.

പണം നൽകാൻ വിസമ്മതിച്ചാൽ എക്‌സൈസ് ഉദ്യോഗസ്ഥരെ വെച്ച് കേസ് എടുപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നതായും പരാതിപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ വച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും നൽകാത്തവരുടെ പേരിൽ കേസ് എടുക്കുകയും ചെയ്തു. ഈ വർഷം തന്നെ കെട്ടിടനിർമ്മാണമെന്ന് പറഞ്ഞ് വിരട്ടി 1,00,000 രൂപ പിരിച്ചെടുത്തിട്ടുണ്ട്.