- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിന്റെ 'ക്യാപ്ടൻ' ഇതു വല്ലതും അറിയുന്നുണ്ടോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയാതെ മദ്യനയത്തിൽ യോഗം വിളിക്കുന്ന ഉദ്യോഗസ്ഥർ! കേരളത്തിൽ പുതിയ വാദങ്ങളും എത്തുകയാണ്. ഒരു നയം സ്വീകരിക്കുക ഭരിക്കുന്ന സർക്കാരാണ്. ആ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥ ജോലി. എന്നാൽ മദ്യനയത്തിൽ ഇതെല്ലാം താളം തെറ്റി. കേരളത്തിൽ നയിക്കാൻ ആളില്ലെന്നതിന് തെളിവാകുകയാണ് മദ്യനയത്തിലെ ഉദ്യോഗസ്ഥ തല ചർച്ച. മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത യോഗം മന്ത്രിതലത്തിൽ അല്ലെന്ന് വിശദീകരണം. ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം മേഖലയിൽ അഭിപ്രായത്തിനാണ് യോഗം ചേർന്നതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം.
ബാർകോഴ കേസിൽ എക്‌സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. മെയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ ബാർ ഉടമകളും പങ്കെടുത്തതായും മീറ്റിങ്ങിന്റെ ലിങ്ക് തന്റെ പക്കലുണ്ടെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ടൂറിസം വകുപ്പ് രംഗത്ത് വരുന്നത്. ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ചും സമയപരിധി നീട്ടുന്നതിനെക്കുറിച്ചും മെയ് 21ലെ യോഗത്തിൽ ചർച്ചയുണ്ടായി. അതിനെത്തുടർന്നാണ് ബാർ ഉടമകൾ പണപ്പിരിവിനുള്ള നിർദ്ദേശം നൽകുകയും ഇക്കാര്യം ഇടുക്കി ജില്ലാ പ്രസിഡന്റിലൂടെ പുറത്തുവരുകയും ചെയ്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
നയരൂപീകരണം രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണ്. എന്നാൽ അവർ അറിയാതെ ചീഫ് സെക്രട്ടറി നയത്തിന് രൂപം നൽകാൻ മുന്നിട്ടിറങ്ങിയെന്ന് വേണം പുതിയ വിശദീകരണം ചർച്ചയാക്കുന്നത്. ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേർത്തത്. സാധാരണരീതിയിൽ എല്ലാവർഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ ഒരു യോഗം നടക്കാറുണ്ട്. അത് സാധാരണ നടപടിക്രമമെന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. എന്നാൽ മുമ്പൊന്നും ഇത്തരം യോഗങ്ങൾ വിളിച്ചതിന് തെളിവുകളുമില്ല. സാധാരണ മദ്യനയത്തിലെ യോഗങ്ങൾ എക്‌സൈസ് വകുപ്പാണ് വിളിക്കാറുമുള്ളത്. അതീവ ദുരൂഹമായ പലതും കേരളത്തിൽ നടക്കുന്നതിന് തെളിവാണ് ഇതെല്ലാം. സാധാരണ ഇടതു ഭരണമെത്തുമ്പോൾ നയങ്ങളെല്ലാം രാഷ്ട്രീയ തീരുമാനങ്ങളാകുകയാണ് പതിവ്. ഇതാണ് ഇവിടെ തെറ്റുന്നത്. ബാർ കോഴയിൽ ആരോപണം ശക്തമാകുമ്പോഴാണ് ഇതെല്ലാം. ടൂറിസം വകുപ്പിന്റെ വിശദീകരണം മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാൻ വേണ്ടി ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പ് സെക്രട്ടറിമാർക്ക് യോഗം വിളിച്ച് നിർദ്ദേശം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിമാർ അവരുടെ വകുപ്പുകൾക്ക് കീഴിൽ അഭിപ്രായ സ്വരൂപണത്തിന്റെ ഭാഗമായി അവരുടെ മേഖലകളിൽ വരുന്ന ആളുകളെ വിളിച്ചു ചേർത്ത് യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ടൂറിസം ഡയറക്ടർ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു. ബാറുടമകൾ അടക്കം ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദ്ദേശമോ ഒന്നും ഇല്ല എന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. മദ്യനയത്തിൽ ഒരു ചർച്ചയും നടന്നില്ലെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ് വിശദീകരിച്ചു. പിന്നാലെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇത്തരത്തിൽ പ്രതികരണം നടത്തി.
തൊട്ടു പിറകേ ടൂറിസം വകുപ്പിൽ നടന്ന യോഗത്തിന്റെ മിനിട്‌സ് പുറത്തു വന്നു. ഇത് സർക്കാരിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് മന്ത്രിമാർ അറിയാതെയാണ് നയരൂപീകരണ യോഗം നടത്തിയതെന്ന വാദം ടൂറിസം വകുപ്പ് ചർച്ചയാക്കുന്നത്. സൂം മീറ്റിങ് വഴി നടത്തിയ യോഗത്തിലെ അഭിപ്രായം ടൂറിസം ഡയറക്ടർ ടൂറിസം സെക്രട്ടറിക്ക് കൈമാറും. ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇതാണ് നടപടിക്രമമെന്ന് ടൂറിസം വകുപ്പ് വിശദീകരിച്ചു.
പെരുമാറ്റച്ചട്ടം മാറിയാൽ ഉടൻ മദ്യനയത്തിൽ മാറ്റം വരുത്താമെന്നാണ് ടൂറിസം യോഗത്തിൽ പറഞ്ഞത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അഴിമതി ആരോപണത്തെക്കുറിച്ചല്ല, വാർത്ത പുറത്തായതെങ്ങനെ എന്ന കാര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. സർക്കാരിനെതിരേ അഴിമതി ആരോപണം വരുമ്പോൾ, അഴിമതി പുറത്താകാനിടയായ സാഹചര്യങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എവിടുത്തെ രീതിയാണിതെന്ന് സതീശൻ ചോദിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രിമാരെ വിവാദത്തിൽ നിന്നും മാറ്റി നിർത്താനുള്ള ടൂറിസം വകുപ്പിന്റെ നീക്കം.