തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ മുന്‍നിരക്കാരുടെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുക്കമില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. മറ്റു ചാനലുകളെ മാധ്യമപ്രവര്‍ത്തകരുടെ ചുവടുമാറ്റം സാരമായി ബാധിക്കുമ്പോഴും വളരെ അനായാസം ഒന്നാം സ്ഥാനത്ത് തുടരുകയാണ് മലയാളത്തിലെ ഏറ്റവും പാരമ്പര്യമുള്ള വാര്‍ത്താ ചാനല്‍. 2026ലെ മൂന്നാം വാരത്തിലെ ബാര്‍ക്ക് പുറത്തുവരുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അട്ടിമറികള്‍ ഇല്ലതെ 93 പോയിന്റുമായി ഒന്നാമതാണ്.

79 പോയിന്റ്മായി രണ്ടാമത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്. മനോരമ ന്യൂസിന്റെ കടുത്ത പോരാട്ടത്തെ മറികടന്ന് 45 പോയിന്റുമായി തല്‍ക്കാലം 24 ന്യൂസ് തന്നെ മൂന്നാമത്, 41 പോയിന്റുമായി പോരാട്ടവീര്യം പുറത്തെടുത്ത് മനോരമ ന്യൂസ് നാലാമത്. അഞ്ചാം സ്ഥാനത്തിനായിഞ്ചോടിഞ്ച് പൊരുതി മൂന്ന് ചാനലുകലാണ്. 28 പോയിന്റുമായി മാതൃഭൂമി 5 സ്ഥാനവും

ഒരു പോയിന്റ് വ്യത്യാസത്തില്‍ 27 ന്യൂസ് മലയാളം 24×7 ആറാമതും. ജനം ടിവി 24 പോയിന്റുകളുമായി ഏഴാമതും. 18 പോയിന്റുകള്‍ നേടി കൈരളി ന്യൂസ് എട്ടാമത്.

ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്കിന്റെ ചാനല്‍ ആയ ന്യൂസ് 18 കേരള പത്തു പോയിന്റുമായി അവസാന സ്ഥാനത്ത്. മലയാള ചാനല്‍ രംഗത്ത് മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം സജീവമായിരിക്കുന്ന ആഴ്ചകളില്‍ വന്‍ അട്ടിമറികള്‍ ഒന്നും ഉണ്ടായില്ലെങ്കിലും പുത്തന്‍ ചാനല്‍ ബിഗ് ടിവി മലയാളത്തിന്റെ കടന്നുവരവ് ഏതൊക്കെ ചാനലുകളെ ബാധിക്കും എന്നും കാത്തിരുന്നു തന്നെ കാണാം.

അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ വരുന്ന പുതിയ ചാനലായ ബിഗ് ടിവിയിലേക്കാണ് വാര്‍ത്താ ചാനലുകളിലെ പ്രമുഖരുടെ കൂടുമാറ്റം നടക്കുന്നത്. ന്യൂസ് ചാനലുകളിലെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള അവതാരകരും റിപ്പോര്‍ട്ടര്‍മാരുമെല്ലാം വന്‍ പാക്കേജില്‍ ബിഗ് ടിവിയുടെ ഭാഗമായി കഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് അടക്കമുള്ള ചാനലുകളില്‍ നിന്നുള്ള മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇക്കൂട്ടത്തില്‍ വളരെ അധികം ചര്‍ച്ചയായ കൂടുമാറ്റം സുജയ പാര്‍വ്വതിയുടേതായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രധാന മുഖമായിരുന്നു കോര്‍ഡിനേറ്റര്‍ എഡിറ്റര്‍ കൂടിയായിരുന്ന സുജയ. സുജയ നയിച്ചിരുന്ന ഗുഡ് ഈവനിംഗ് വിത്ത് സുജയ പാര്‍വതി എന്ന ഷോ മറ്റ് ചാനലുകളിലെ പരിപാടികളില്‍ വെച്ച് റേറ്റിംഗില്‍ മുന്‍നിരയിലായിരുന്നു. അതുകൊണ്ട് തന്നെ സുജയ റിപ്പോര്‍ട്ടര്‍ വിടുന്നതോടെ ഈ ഷോയുടെ സ്ലോട്ടില്‍ റേറ്റിംഗ് കുറയുമെന്നും അത് റിപ്പോര്‍ട്ടറിനെ ബാധിക്കുമെന്നുമായിരുന്നു സംസാരം. എന്നാല്‍, സുജയ ചാനല്‍ വിട്ടതിന് ശേഷവും വന്‍ വീഴ്ച്ച റിപ്പോര്‍ട്ടറിന് ഉണ്ടായിട്ടില്ല. എന്നാല്‍ മുകളിലേക്കുള്ള കുതിപ്പ് കുറഞ്ഞ അവസ്ഥയിലാണ് ചാനല്‍.




അതേസമയം പ്രധാന മാധ്യമപ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് ചില ചാനലുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് 24 ന്യൂസിനാണ്. മൂന്നാം സ്ഥാനത്തേക്ക വീണ ചാനല്‍ മനോരമയില്‍ നിന്നും കടുത്ത വെല്ലുവിളി നേിരടുന്നു. ഒരു കാലത്ത് 24 ന്യൂസില്‍ വലിയ റേറ്റിംഗ് ഉണ്ടായിരുന്ന ശ്രീകണ്ഠന്‍ നായരുടെ മോണിംഗ് ഷോയടക്കം ഇപ്പോള്‍ റേറ്റിംഗില്‍ കുത്തനെ ഇടിഞ്ഞു. ഈ നില തുടര്‍ന്നാല്‍ ബിഗ് ടിവിയുടെ കടന്ന് വരവ് ഏറ്റവും കൂടുതല്‍ ക്ഷീണം വരുത്തുക 24 ന്യൂസിനെ ആയിരിക്കാമെന്നാണ് വിലയിരുത്തല്‍.

വരും നാളുകളില്‍ മാധ്യമ ലോകത്ത് റേറ്റിംഗ് നിര്‍ണായകമാകും. നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം നിലവിലുള്ള ചാനലുകള്‍ ആരെയൊക്കെ കണ്ടെത്തുമെന്നും പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമായി അത് മാറുമോ എന്നും കാത്തിരുന്ന് കണ്ടറിയാം. എന്തായാലും കേരള നിയമസഭാ ഇലക്ഷന്‍ സമയം മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചാനല്‍ റേറ്റുകളില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകും അതിനു പുതിയ ചാനലിന്റെ കടന്നുവരവും മാധ്യമപ്രവര്‍ത്തകരുടെ കൂടു മാറ്റവും സ്വാധീനിക്കും എന്നതില്‍ സംശയമില്ല.