- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജവാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മലയാളികള്‍; ഏഷ്യാനെറ്റിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ചാനല്‍ ബഹുദൂരം പിന്നിലേക്ക്; രണ്ടാംസ്ഥാനത്തിനായി വീണ്ടും റിപ്പോര്‍ട്ടര്‍- 24 ന്യൂസ് മത്സരം
റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജവാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മലയാളികള്‍
കൊച്ചി: വാര്‍ത്തകളെ എന്റര്‍ടെയ്ന്‍മെന്റ് ആക്കുന്ന സൂത്രവാക്യം പണ്ടേ പോലെ ഫലിക്കുന്നില്ലേ? വാര്‍ത്താ ചാനലുകളില്‍ മുടിചൂടാമന്നന്മാരായ ഏഷ്യാനെറ്റിനെ ഒന്നാം റാങ്കില്‍ നിന്ന് താഴെയിറക്കിയത് താല്‍ക്കാലികം മാത്രമായിരുന്നു എന്നാണ് ബാര്‍ക്ക് റേറ്റിങ് ഫലങ്ങള്‍ തെളിയിക്കുന്നത്. 44 ാം ആഴ്ചയില്‍, ഏഷ്യാനെറ്റിനേക്കാള്‍ ബഹുദൂരം പിന്നില്‍ പോയിരിക്കുകയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള റിപ്പോര്‍ട്ടറും 24 ന്യൂസും.
ഉപതിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോള്‍ ഏഷ്യാനെറ്റിനെ വെല്ലാന്‍ ആരുമില്ല എന്നതാണ് ചിത്രം. രണ്ടാം സ്ഥാനത്തിനായാണ് റിപ്പോര്‍ട്ടറും 24 ന്യൂസും
തമ്മില്‍ മത്സരിക്കുന്നത്. ജനപിന്തുണയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ചാനലായി ഏഷ്യാനെറ്റ് ന്യൂസ് മാറുമോ? രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ടിവിയേക്കാള്‍ 13.62 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. കഴിഞ്ഞാഴ്ച 10 പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റിന് ആകെ 91.48 പോയിന്റാണുളളത്. റിപ്പോര്‍ട്ടറിന് 77.86 പോയിന്റും. ട്വന്റി ഫോറിന് 43 ാം ആഴ്ച 71 പോയിന്റ് മാത്രമായിരുന്നെങ്കില്‍ ഇക്കുറി 62.89 പോയിന്റായി താഴ്ന്നു. അതായത് ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനേക്കാള്‍ 28.59 പോയിന്റെ പിന്നിലാണ്. 43ാം ആഴ്ച 24 ന്യൂസ് 25 പോയിന്റ് പിന്നിലായിരുന്നു. കുറച്ചു മാസം മുമ്പ് റേറ്റിംഗില്‍ രണ്ടാഴ്ച ഒന്നാമത് നിന്ന 24 ന്യൂസിന് ആ മികവ് ഇപ്പോള്‍ കാട്ടാന്‍ കഴിയുന്നില്ല. മനോരമ ന്യൂസാണ് നാലാമതുള്ളത്: 48.33 പോയിന്റ്.
42 ാം ആഴ്ച ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള അന്തരം ആറു പോയിന്റായിരുന്നു. ഇതാണ് 43-ാം ആഴ്ച പത്ത് പോയിന്റായി മാറിയത്. 44ാം ആഴ്ച അത് 13 പോയിന്റായി കൂടി. പ്രേക്ഷരുടെ എണ്ണം കുറഞ്ഞ 43-ാം ആഴ്ചയില്‍ ഏഷ്യാനെറ്റിന് എട്ട് പോയിന്റ് മുന്‍ ആഴ്ചത്തേക്കാള്‍ കുറഞ്ഞു. 44ാം ആഴ്ച മുന്‍ ആഴ്ചത്തേക്കാള്‍ 4.52 പോയിന്റ് കുറഞ്ഞു. റിപ്പോര്‍ട്ടറിന് 8.14 പോയിന്റ് കുറവുണ്ടായി. 24 ന്യൂസിന് 8.11 പോയിന്റാണ് കുറവ്. നാലാമതുള്ള മനോരമയ്ക്ക് ഇടിഞ്ഞത് .67 പോയിന്റ് മാത്രമാണ്. മാതൃഭൂമിക്ക് .95 പോയിന്റ് കുറഞ്ഞപ്പോള്‍ ജനം ടിവിക്ക് .39 പോയിന്റ് കുറഞ്ഞു. കൈരളി ന്യൂസിനും .61 പോയിന്റ് ഇടിഞ്ഞു. ന്യൂസ് 18കേരളയ്ക്ക് 1.68 പോയിന്റും. മീഡിയാ വണിന് .64 പോയിന്റിന്റെ വര്‍ദ്ധനവുണ്ടായി.
കേരളാ വിഷന്‍ കേബിള്‍ സെറ്റ് ടോപ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം കാണുന്നത് റിപ്പോര്‍ട്ടര്‍ ടിവി ചാനലാണ്. ഈ തന്ത്രത്തിലൂടെ റേറ്റിംഗില്‍ നേട്ടമുണ്ടാക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ ശ്രമത്തെ ഏഷ്യാനെറ്റ് ന്യൂസ് തകര്‍ക്കുന്ന ചിത്രമാണ് 44-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗിലുള്ളത്. ആദ്യ അഞ്ച് സ്ഥാനത്തുള്ള ചാനലുകള്‍ക്കും അടുത്ത ആഴ്ചയില്‍ അവിടെ തന്നെ തുടരാന്‍ കഴിയുന്ന തരത്തിലാണ് റേറ്റിംഗിലെ പോയിന്റ് വ്യത്യാസം. അത് മാറിമറിയണമെങ്കില്‍ ചാനല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഓരോ ചാനലും വലിയ മുന്നേറ്റം ഉണ്ടാക്കേണ്ടതുണ്ട്.
44 ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ് ചുവടെ
ഏഷ്യാനെറ്റ് ന്യൂസ് - 91.48
റിപ്പോര്‍ട്ടര്‍ ടിവി - 77.86
ട്വന്റി ഫോര്‍ - 62.89
മനോരമ ന്യൂസ് - 48.33
മാതൃഭൂമി ന്യൂസ് - 35.05
ജനം ടിവി - 21.61
കൈരളി ന്യൂസ് - 20.39
ന്യൂസ് 18 കേരള - 13.32
മീഡിയ വണ്‍ - 10.64
ചാനലുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന കാലമാണ് ഇത്. ഷിരൂര്‍ രക്ഷാദൗത്യത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നേട്ടമുണ്ടാക്കാനായി. അങ്ങനെയാണ് അവര്‍ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയായി മാറിയത്. എന്നാല്‍ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടും മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പീഡന കേസിലും റിപ്പോര്‍ട്ടറിനെതിരെ നിരവധി ആരോപണങ്ങളെത്തി. ഇതെല്ലാം അവരുടെ വിശ്വാസ്യതയെ ബാധിച്ചോ എന്ന എന്ന ചര്‍ച്ച സജീവമാക്കുന്നതാണ് ബാര്‍ക്ക് റേറ്റിംഗ്. റിപ്പോര്‍ട്ടറിനും 24 ന്യൂസിനുമെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തു വന്നതും ചര്‍ച്ചയായി.
ശോഭാ സുരേന്ദ്രന്റെ കടന്നാക്രമണത്തിന് ആന്റോ അഗസ്റ്റിന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ മറുപടി നല്‍കി. അത് ഏറെ ചര്‍ച്ചയാകുമ്പോഴാണ് കടന്നാക്രമണവുമായി ശോഭാ സുരേന്ദ്രന്‍ എത്തുന്നത്. തന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും 24 ന്യൂസിനേയും റിപ്പോര്‍ട്ടര്‍ ടിവിയേയും ശോഭ വിലക്കുകയും ചെയ്തു. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം രംഗത്തു വന്നു. ഇതിനൊപ്പം പാലക്കാട് ഉപതിരഞ്ഞെടുപ്പ് ചൂടും ശക്തമായി. കൊടകരയിലെ കുഴല്‍പ്പണ വിവാദവും കത്തി കയറി. സന്ദീപ് വാര്യരുടെ നിലപാടുമാറ്റം, പാലക്കാട്ട് ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പാതിരാ റെയ്ഡ്, എന്നിവ അടക്കം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ഈ ആഴ്ച രാഷ്ട്രീയം ഇഷ്ടപ്പെടുന്ന മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ കൂടുതലായും കാണാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ വാര്‍ത്തകളില്‍ വിശ്വസനീയത തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ പ്രചാരണങ്ങള്‍ അടക്കം വരും ആഴ്ചകളിലെ ചാനല്‍ മത്സരത്തിന്റെ വാശി കൂട്ടും.