ലണ്ടൻ: പതിനായിരത്തിലധികം പേരെ അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടത്തി ബ്രിട്ടനിലെത്തിച്ച മനുഷ്യക്കടത്ത് മാഫിയയുടെ തലവൻ പിടിയിലായി. സ്‌കോർപിയൻ എന്ന് വിളിപ്പേരുള്ള ബർസാൻ കമാൽ മജീദിനെ ഇറക്കിൽ വെച്ച് കുർദ്ദിസ്ഥാൻ മേഖലയിലെ സുരക്ഷാ സൈന്യമാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ നോട്ടിങ്ഹാമിൽ മെക്കാനിക്ക് ആയിരുന്ന ഇയാളെ 2022 നവംബർ മുതൽ കാണാതായിരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബെൽജിയത്തിൽ നടക്കുന്ന ഒരു കേസിന്റെ വിചാരണക്കായി കോടതിയിൽ ഹാജരാകാൻ ഇരിക്കുമ്പോഴായിരുന്നു ഇയാളെ കാണാതാവുന്നത്.

ഇന്റർപോളിന്റെ ആവശ്യപ്രകാരമാണ് മജീദിനെ അറസറ്റ് ചെയ്തതെന്ന് പ്രാദേശിക സുരക്ഷാ സൈന്യമായ അസയിഷ് അറിയിച്ചു. ഇന്റർ പോൾ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മാഫിയാ തലവനെ അറസ്റ്റ് ചെയ്തതെന്നും അസയിഷ് വക്താക്കളെ ഉദ്ധരിച്ചുകൊണ്ട് റുഡോ മീഡിയ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. ഒരു ബി ബി സി പ്രതിനിധിയും, ഒരു സാമൂഹ്യ പ്രവർത്തകനും ചേർന്ന് മജീദുമായി ബന്ധപ്പെടുകയും അതിനെ അടിസ്ഥാനമാക്കി 'ടു കാച്ച് അ സ്‌കോർപിയൻ' എന്ന ഒരു പൊഡ്കാസ്റ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അവസാന എപ്പിസോഡ് പുറത്ത് വന്നതിന്റെ മൂന്നാം ദിവസമണ് മജീദ് അറസ്റ്റിലാകുന്നത്.

2016 നും 2019 നും ഇടയിൽ ബെൽജിയത്തിലും ഫ്രൻസിലുമായി മനുഷ്യക്കടത്ത് മാഫിയ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന രണ്ടു പേരിൽ ഒരാൾ താനാണെന്ന് മജീദ് ബി ബി സി റേഡിയോയുടെ പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. ഏറെ ഉദ്വേഗഭരിതമായ ഈ പോഡ്കാസ്റ്റിന്റെ അവസാന എപിസോഡിൽ ബി ബി സി പ്രതിനിധി സ്യൂ മിച്ചെല്ലും സാമൂഹ്യ പ്രവർത്തകനായ റോബ് ലോറിയും ഇറാഖിലെ സുലൈമാനിയ നഗരത്തിലുള്ള ഒരു കോഫി ഷോപ്പിൽ വെച്ച് മജീദുമായി നടത്തിയ മുഖാമുഖ സംഭാഷണവും ഉണ്ട്.

എത്രപേരെ ഇതുവരെ ഇംഗ്ലീഷ് ചാനൽ കടക്കാൻ സഹായിച്ചിട്ടുണ്ട് എന്നതിന്റെ കൃത്യമായ വിവരം അയാളുടെ കൈയിൽ ഉണ്ടായിരുന്നില്ല എന്നാൽ, പതിനായിരത്തിലധികം വരും എന്ന് അയാൾ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ, താൻ മാഫിയ തലവനാണ് എന്ന ആരോപണം അയാൾ നിഷേധിച്ചിരുന്നു. പിടിയിലായ മറ്റു സംഘാംഗങ്ങൾ അവർക്ക് ലഭിച്ചേക്കാവുന്ന ശിക്ഷയിൽ ഇളവ് പ്രതീക്ഷിച്ചാണ് തന്നെ സംഘത്തലവന ആയി ചിത്രീകരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞത്. അതുപോലെ, ചാനലിൽ ബോട്ടുകൾ മുങ്ങി അനധികൃത കുടിയേറ്റക്കാർ മരിച്ചതിലും തനിക്ക് പങ്കില്ലെന്ന് അയാൾ അവകശപ്പെടുന്നു.

പണം വാങ്ങി സ്ഥലം ബുക്ക് ചെയ്യുക മാത്രമാണ് തന്റെ ജോലി എന്നാണ് അയാൾ പറയുന്നത്. താൻ ഇതുവരെയും ആരെയും ബോട്ടിൽ കയറ്റിയിട്ടില്ല എന്നും അയാൾ പറയുന്നു. ആരെയും നിർബന്ധിച്ച് അനധികൃതമായി ചാനൽ കടത്തിയിട്ടില്ല. അവർ വന്ന് അപേക്ഷിക്കുമ്പോൾ പണം വാങ്ങി അവരെ സഹായിക്കും. ഒരാളെ ബോട്ടിൽ ചാനൽ കടത്താൻ 6000 പൗണ്ടാണ് വാങ്ങുന്നത്. മനുഷ്യക്കടത്തിൽ നിന്നും ലഭിച്ച പണം ഉപയഓഗിച്ച് ഇയാൽ മാർമാരിസിലും തുർക്കിയിലും ആഡംബര സൗധങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക പൊലീസ് അവകാശപ്പെടുന്നുണ്ട്.

ഒരു ലോറിയുടെ പുറകിലേറി അനധികൃതമായി 2013 - ൽ ബ്രിട്ടനിലെത്തിയ മജീദ് അന്ന് മുതൽ നോട്ടിങ്ഹാമിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോഴും അവിടെ പലരുമായി ഇയാൾക്ക് ബന്ധാമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2015-ൽ ഇയാളെ ഇറഖിലെ കുർദ്ദ് മേഖലയിലേക്ക് നാടുകടത്തിയിരുന്നു. സംഘാംഗങ്ങൾ പിടിയിലാവുകയും ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തതോടെ ഇയാൾ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു.