- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ വീടുവച്ചാൽ കൂടുതൽ നികുതി; വീടുകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കുന്നത് ഇതാദ്യം; മാറ്റം വന്നത് കെട്ടിട നികുതിക്ക് പുറമേ കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന നികുതി നിരക്കും കൂട്ടിയതോടെ; കടക്കെണിയിൽ നിന്ന് കരകയറാൻ പിണറായി സർക്കാർ ജനത്തെ പിഴിയുന്നത് ബജറ്റിൽ പോലും പറയാതെ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിലയില്ലാ കയത്തിലായതോടെ, നികുതി കൂട്ടി ജനത്തെ ശ്വാസം മുട്ടിക്കാനുള്ള പിണറായി സർക്കാരിന്റെ പരീക്ഷണങ്ങൾ തുടരുന്നു. കെട്ടിട നികുതി അഞ്ച് ശതമാനം കൂട്ടിയതിന് പിന്നാലെ ആരോടും പറയാതെ, കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന അടിസ്ഥാന നികുതി നിരക്കും കൂട്ടി. ബജറ്റിൽ പറയാതിരുന്ന നികുതി കൂട്ടലാണിത്.
ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയായിരുന്നു. അത് ആറ് മുതൽ പത്തുവരെ ആയി കൂടും. 300 ചതുരശ്ര മീറ്റർ വരെയാണ് ഈ നിരക്ക്. ഇതിൽ കൂടുതൽ വിസ്തീർണമുള്ള വീടുകൾക്ക് കുറഞ്ഞ നിരക്ക് 8 രൂപയും കൂടിയത് 12 രൂപയുമാണ്. മുൻസിപ്പാലിറ്റിയിൽ വീടുകൾക്ക് ഈടാക്കിയിരിക്കുന്നത് ആറ് മുതൽ 15 രൂപ വരെയാണ്. ഇത് എട്ട് മുതൽ 17 വരെയാക്കി കൂട്ടി. കോർപ്പറേഷനുകളിൽ 8 മുതൽ 20 രൂപ വരെ എന്നത് 10 മുതൽ 22 രൂപ വരെയുമാക്കി.
ഏപ്രിൽ 1 മുതലാണ് പ്രാബല്യം. നിരക്കുകൾ ഓരോ വർഷവും 5% വീതം വർധിപ്പിക്കും. 12 വർഷത്തിനു ശേഷമാണ് വീടുകൾ ഉൾപ്പെടെ വിവിധ വിഭാഗം കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്കിലെ വർധന. 300 ചതുരശ്ര മീറ്റർ (3230 ചതുരശ്ര അടി) വരെ വിസ്തീർണമുള്ളതും അതിൽ കൂടുതലും എന്ന രീതിയിൽ വീടുകളെ 2 വിഭാഗങ്ങളായി തരംതിരിച്ചാണ് പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയ്ക്കു വ്യത്യസ്ത നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. എല്ലാത്തരം വീടുകളുടെയും കുറഞ്ഞ അടിസ്ഥാന നികുതി നിരക്കുകൾ ഇരട്ടിയാക്കി. വീടുകളെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിക്കുന്നത് ആദ്യമാണ്.
നഗരസഭകളിലെ നിരക്ക്
300 ചതുരശ്രമീറ്റർ വരെ:
8 രൂപ -17 രൂപ
300 ചതുരശ്ര മീറ്ററിൽ കൂടുതൽ: 10 രൂപ -19 രൂപ.
കോർപറേഷനുകളിലെ നിരക്ക്
300 ചതുരശ്രമീറ്റർ വരെ:
10 രൂപ -22 രൂപ
300 ചതുരശ്ര മീറ്ററിൽ കൂടുതൽ: 12 രൂപ - 25 രൂപ.
2011 ലാണ് ഒടുവിൽ വസ്തു നികുതിയുടെ അടിസ്ഥാന നിരക്കുകൾ സർക്കാർ പരിഷ്‌കരിച്ചത്. പഞ്ചായത്തുകളിൽ 2013 മുതലും നഗരസഭകളിലും കോർപറേഷനുകളിലും 2016 മുതലുമാണ് ഇത് നടപ്പാക്കിയത്. ഓരോ 5 വർഷം കൂടുമ്പോഴും വസ്തുനികുതി 25% കൂട്ടി പരിഷ്‌കരിക്കുന്ന രീതി മാറ്റി വർഷത്തിൽ 5% വീതം വർധന വരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
നിലവിലുള്ള കെട്ടിടങ്ങൾക്ക് ഓരോവർഷവും അഞ്ച് ശതമാനം വീതം നികുതി വർദ്ധിപ്പിച്ച് ഉത്തരവായിരുന്നു. പുതിയ കെട്ടിടങ്ങൾക്ക് അടിസ്ഥാന നികുതി പുതുക്കിയതോടെ സംസ്ഥാനത്ത് രണ്ടുതരത്തിലുള്ള കെട്ടിട നികുതി ഉണ്ടാകും. മാർച്ച് 31-ന് മുൻപും അതിന് ശേഷവും നിർമ്മിച്ച കെട്ടിടങ്ങൾ എന്ന രീതിയിലാകും നികുതി. വീടുകളുടെ ഭാഗമായോ ഹോട്ടലുകളുടെ ഭാഗമായോ നിർമ്മിച്ച നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ എന്നിവയ്ക്ക് അതത് വിഭാഗത്തിനുള്ള നികുതി ഈടാക്കും. ബങ്കുകൾക്കും പെട്ടിക്കടകൾക്കും നികുതി കുറച്ചിട്ടുണ്ട്. ലോഡ്ജുകൾക്കും ഹോട്ടൽ കെട്ടിടങ്ങൾക്കും നികുതി കൂടും. അമ്യൂസ്മെന്റ് പാർക്കുകൾക്ക് കാര്യമായ വർദ്ധനയില്ല.
സർക്കാർ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകൾക്കുള്ളിൽനിന്ന് വേണ്ട നിരക്കുകൾ തദ്ദേശ ഭരണസമിതികൾക്ക് തീരുമാനിക്കാം. സർക്കാർ നിരക്ക് അടിസ്ഥാനമാക്കി വസ്തുനികുതി ചട്ടങ്ങൾ പ്രകാരം റോഡിന്റെ സാമീപ്യം, മാസ്റ്റർ പ്ലാൻ പ്രകാരം നിർദിഷ്ട സോൺ എന്നിങ്ങനെ പല ഘടകങ്ങൾ ആശ്രയിച്ചാകും നികുതി നിശ്ചയിക്കുക.
പുതിയ അടിസ്ഥാന നിരക്കുകൾ ഏപ്രിൽ ഒന്നിനു ശേഷം തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നൽകുന്ന കെട്ടിടങ്ങൾക്കാണു ബാധകം. എന്നാൽ, വിജ്ഞാപനത്തിൽ ആശയക്കുഴപ്പം ഉള്ളതായി ആക്ഷേപമുണ്ട്. 2023 മാർച്ച് 31നോ അതിനു മുൻപോ നികുതി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് പഴയ നിരക്ക് തന്നെയാകും ബാധകമാവുക. ഇതിനൊപ്പം ബജറ്റിൽ പ്രഖ്യാപിച്ച 5% വർധന കൂടി ബാധകമാകും.
മറുനാടന് മലയാളി ബ്യൂറോ