- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകരെ ജോലിചെയ്യാൻ അനുവദിച്ചില്ല; ഉദ്യോഗസ്ഥർ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പിടിച്ചെടുത്തതായും പ്രവർത്തനരീതി ചോദിച്ചറിഞ്ഞു; ആദായനികുതി വകുപ്പിനെതിരേ ആരോപണവുമായി ബിബിസി
ന്യൂഡൽഹി: അടുത്തിടെ പരിശോധന നടത്തിയ ആദായ നികുതി വകുപ്പിനെതിരെ വിമർശനവുമായി ബിബിസി. ഡൽഹി ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികൾ പുരോഗമിക്കുമ്പോൾ തങ്ങളുടെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് സ്ഥാപനത്തിന്റെ വിമർശനം.
ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പിടിച്ചെടുത്തതായും പ്രവർത്തനരീതി ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥർ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണസമയം അവസാനിച്ചതിനുശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ബിബിസി ലേഖനത്തിൽ വ്യക്തമാക്കുന്നു.
ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട അവസരങ്ങളിൽ ബിബിസി ജീവനക്കാർ മനഃപൂർവ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു. ചൊവ്വാഴ്ച പകൽ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സർവേയാണെന്നായിരുന്നു വിശദീകരണം.
ഗുജറാത്ത് കലാപമടക്കം പരാമർശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ബി.ബി.ബി. ഓഫീസുകളിൽ റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു. അതേസമയം 60 മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ നടപടിയാണ് ഉണ്ടായത്. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.
നികുതി കൃത്യമായി അടച്ചിട്ടില്ല. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തി. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. പരിശോധന നീളാൻ ഇത് കാരണമായെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും പ്രസ്താവയിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്