- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബി ബി സി അവതാരകനെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് കോടികൾ
ലണ്ടൻ: കടുവയെ കിടുവ പിടിച്ച കഥ പുറത്തു വരുന്നത് ബ്രിട്ടനിൽ നിന്നാണ്. ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ ജനങ്ങളെ ബോധവാന്മാരുക്കുന്നതിനായി നിരവധി ടെലിവിഷൻ പരിപാടികളും അഭിമുഖങ്ങളും ഒക്കെ നടത്തിയ മുതിർന്ന ബി ബി സി അവതാരകൻ പീറ്റർ ലെവിയെ ഓൺലൈൻ തട്ടിപ്പുകാർ കബളിപ്പിച്ച്, തന്റെ ജീവിതകാല സമ്പാദ്യത്തിലെ പകുതിയോളവും കവർന്നു. തട്ടിപ്പുകളിൽ നിന്നും അകന്നു നിൽക്കാനുള്ള ടിപ്പുകളും മറ്റും നൽകിയിട്ടും താൻ കബളിക്കപ്പെട്ടു എന്ന കാര്യം ലുക്ക് നോർത്ത് എന്ന പ്രാദേശിക വാർത്താ പരിപാടിയുടെ അവതാരകനായ പീറ്റർ ലെവി തന്നെയാണ് വെളിപ്പെടുത്തിയത്.
ബാങ്ക് അക്കൗണ്ടിൽ അസാധാരണമായ എന്തോ നടന്നു എന്ന് അറിയിച്ചു കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അജ്ഞാതനായ ഒരു വ്യക്തി ലെവിയേ ഫോൺ ചെയ്യുകയായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ലെവി തന്റെ ഓൺലൈൻ അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ അയാൾക്ക് നൽകി. ഇതോടെ തട്ടിപ്പുകാർ, വളരെ എളുപ്പത്തിൽ തന്നെ ലെവിയുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി.സംശയം തോന്നിയ ബാങ്ക്, ലെവിയെ അറിയിക്കുകയും, പണം പിൻവലിക്കുന്നത് തടയുകയും ചെയ്യുന്നത് വരെ ഇത് തുടർന്നു.
പതിറ്റാണ്ടുകളായി വടക്കൻ ഇംഗ്ലണ്ടിലെ ടെലിവിഷന സ്‌ക്രീനുകളിൽ നിറഞ്ഞു നിൽക്കുന്ന അവതാരകൻ പറഞ്ഞത്, തട്ടിപ്പിനിരയായ വിവരം അറിഞ്ഞ് കുറേ നാൾ തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. താൻ ഇതുവരെ സമ്പാദിച്ചതിന്റെ പകുതിയോളമായിരുന്നു നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ബങ്കിന്റെ ഫ്രോഡ് പ്രിവന്റിങ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്ന് അവകാശപ്പെട്ടായിരുന്നു തട്ടിപ്പുകാർ ലെവിയെ വിളിച്ചത്. തുടർന്നായിരുന്നു അക്കൗണ്ടിൽ അസാധാരണമായാതെന്തോ നടക്കുന്നു എന്ന് അറിയിച്ചത്.
ഒരു മണിക്കൂർ മുൻപ് 500 പൗണ്ട് ചെലവാക്കിയിരുന്നോ എന്നായിരുന്നു തട്ടിപ്പുകാർ പിന്നീട് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോൾ, ഉടൻ ഓൺലൈൻ അക്കൗണ്ടിലേക്ക് ലോഗ് ഇൻ ചെയ്യുവാനും ചില സെക്ര്യൂരിറ്റി ചെക്കുകൾ നടത്താനുണ്ടെന്നും പറഞ്ഞു. അതനുസരിച്ച് ലെവി അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തു. ഈ അവസരത്തിൽ തട്ടിപ്പുകാർ വിശദാംശങ്ങൾ കവർന്നെടുക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകളെ കുറിച്ച് താൻ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിനെ പ്രതിരോധിക്കേണ്ടതുമായി ബന്ധപ്പെട്ട് നിരവധി വിദഗ്ധരുമായി അഭിമുഖ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്നിട്ടും തട്ടിപ്പുകാർ കുഴിച്ച കുഴിയിൽ താൻ വീണെന്ന് ലെവി സങ്കടത്തോടെ പറയുന്നു.
ഇതിനു പുറമെ ക്യൂ ആർ കോഡ് സ്‌കാനിങ് തട്ടിപ്പുകളും ഇപ്പോൾ വർദ്ധിച്ചാതായി തന്റെ ബാങ്ക് തന്നെ അറിയിച്ചു എന്ന് അദ്ദേഹം പറയുന്നു. കാർ പാർക്കിംഗിലെയോ, ഇലക്ട്രിക് ചാർജ്ജിങ് പോയിന്റിലെയോ ക്യൂ ആർ കോഡ് മാറ്റി പകരം മറ്റൊന്ന് വച്ചാണ് തട്ടിപ്പുകാർ ഇത്തരത്തിലുള്ള തട്ടിപ്പ് ചെയ്യുന്നത്. വ്യാജമാണെന്ന് അറിയാതെ സ്‌കാൻ ചെയ്യുമ്പോൾ തട്ടിപ്പുകാരുടെ പേജുകളിലേക്കായിരിക്കും നിങ്ങൾ എത്തുക. അതിനോടകം നിങ്ങളുടെ വിശദാംശങ്ങൾ അവരിൽ എത്തിയിരിക്കുകയും ചെയ്യും.