തിരുവനന്തപുരം: പ്രധാനമന്ത്രിക്കതിരായ ബിബിസി ഡോക്യുമെന്ററിക്ക് സമൂഹ മാധ്യമങ്ങളിൽ നിരോധനമേർപ്പെടുത്തിയതിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ ഭരിക്കുന്ന സർവകലാശാലകളിൽ പ്രദർശനം.ഹൈദരബാദ് സർവകലാശാലയിൽ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. അതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലും ഡിവൈഎഫ് യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലും പ്രദർശനം നടന്നു.

നിരോധനം മറികടന്ന് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് ജെഎൻയു വിദ്യാർത്ഥി യൂണിയന്റെയും തീരുമാനം.കേരളത്തിൽ ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൗൺഹാളിൽ ഡിവൈഎഫ്‌ഐയുടേ നേതൃത്വത്തിൽ പ്രദർശനം നടത്തി.

'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രദർശനം ആരംഭിച്ചത്. പൊലീസ് സുരക്ഷയിൽ ടൗൺഹാളിലാണ് പ്രദർശനം നടന്നത്.

മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്തുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും, കണ്ണൂർ സർവ്വകലാശാല അനുമതി നൽകിയില്ല.വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനം ക്യാമ്പസിൽ എവിടെയും അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചതോടെ സെമിനാർ ഹാളിന് പുറത്തുവച്ച് പ്രദർശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനം. വൈകിട്ട് 6.30 മണിക്ക് കാലടി സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തലസ്ഥാനത്ത് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും പ്രദർശനമുണ്ടാകും.

എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ്, കുസാറ്റ്, കാലടി സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും പ്രദർശിപ്പിച്ചത്. പ്രദർശനത്തിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ പങ്കാളികളായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ ബാബു എന്നിവർ മഹാരാജാസ് കോളേജിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകി. വലിയ സ്‌ക്രീനിലാണ് എല്ലായിടത്തും പ്രദർശനം ഒരുക്കിയത്.

ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സഞ്ചരിക്കുന്ന എൽഇഡി വാളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം ഒരുക്കി. കലൂർ, ഹൈക്കോടതി ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു എന്നിവർ നേതൃത്വം നൽകി.

ഡോക്യുമെന്ററിയുടെ പ്രദർശനം തടയേണ്ടത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.ഒരാശയത്തേയും എതിർക്കേണ്ട കാര്യമില്ലെന്നും സെക്രട്ടറി പറഞ്ഞു

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയിൽ സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പൊലീസിൽ പരാതി നൽകി. എന്നാൽ സമൂഹമാധ്യമങ്ങളിൽ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്ന് പറയാൻ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയന്റെ ചോദ്യം.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ജെഎൻയു വിദ്യാർത്ഥിയൂണിയൻ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ സർവകലാശാല അധികൃതർ വിലക്കേർപ്പെടുത്തി. തടയാനില്ലെന്നും നിയമപരമായി നേരിടുമെന്നും എബിവിപിയും പ്രതികരിച്ചു. എന്നാൽ മുൻ നിശ്ചയിച്ചത് പോലെ രാത്രി ഒൻപത് മണിക്ക് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെനന്നാണ് വിദ്യാർത്ഥിയൂണിയന്റെ നിലപാട്.

ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം യുകെ സമയം രാത്രി ഒൻപത് മണിക്ക് ബിബിസി സംപ്രേഷണം ചെയ്യും.2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലിംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന.അതേസമയം ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്.ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവ്വം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ.സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും അവശ്യപ്പെട്ടു.ഡിവൈഎഫ്‌ഐ ആഹ്വാനം വെല്ലുവിളിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്രമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത് എന്നും വി മുരളീധരൻ കുറിപ്പിൽ പറയുന്നു. സുപ്രീംകോടതിയെ അപമാനിക്കാൻ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണം.

ഗുജറാത്തിൽ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാൻ ആകുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശം ആണ് നൽകുന്നതെന്നും മന്ത്രി ചോദിച്ചു. ബിജെപിയുടെ വളർച്ചയിൽ അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും വി മുരളീധരൻ പറഞ്ഞു.