ലണ്ടൻ: ബിബിസിയുടെ ഇന്ത്യൻ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്വാഭാവികമായും ഏവരും കരുതുക ആഴ്ചകൾക്ക് മുൻപ് ബിബിസി പുറത്തു വിട്ട ഗുജറാത്ത കലാപം സംബന്ധമായ ഡോക്യൂമെന്ററി സൃഷ്ടിച്ച വിവാദത്തിൽ മോദി സർക്കാരിനുള്ള പകയാകും റെയ്ഡ് എന്നാണ്. എന്നാൽ ഈ പക ഉണ്ടെങ്കിൽ തന്നെ അതൊരു കാരണമായി മാത്രമാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. റെയ്ഡിനെ മിക്ക മാധ്യമങ്ങളും ഈ ആംഗിളിൽ കാണുമ്പോൾ അതിനു മറ്റു പല വീക്ഷണ കോണും കൂടി കണ്ടെത്താനാകും എന്നതാണ് വസ്തുത.

അടുത്ത വർഷം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ചേർത്ത് വച്ചേ ബിബിസി റെയ്ഡിനെ വിലയിരുത്താനാകൂ. സർക്കാരിന് എതിരെ കാര്യമായ അഴിമതി ആരോപണം ഉണ്ടായിട്ടില്ലെങ്കിലും അദാനി നേരിടുന്ന പരീക്ഷണവും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പാർലിമെന്റിൽ ഉയർത്തിയ സൂചനകളും ഒക്കെ വരും ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ തീപ്പൊരിയായി പടരാനിരിക്കെയാണ് ബിബിസിക്ക് എതിരായ നീക്കവും എന്നതും ശ്രദ്ധ നേടുന്നു.

ഫോൺ പിടിച്ചെടുത്തത് സംശയാസ്പദം, സർക്കാർ വിരുദ്ധ നീക്കങ്ങളുടെ ഉറവിടം കണ്ടെത്തൽ തന്നെ ലക്ഷ്യം 

അതിനൊപ്പം ബിബിസിയിൽ തുടർച്ചയായി വരുന്ന ഇന്ത്യ വിരുദ്ധ വാർത്തകളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്ന വാർത്തകളും കടന്നു വരുന്ന വഴികൾ കണ്ടെത്തുക എന്നതും മോദി സർക്കാരിന്റെ ഉന്നമാണ്. ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ബിബിസി ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത സംഭവം. ഈ ഫോണുകളിലെ മുഴുവൻ വിവരവും ചോർത്തിയ ശേഷമേ അവ തിരികെ ബിബിസി ഉദ്യോഗസ്ഥരുടെ കൈകളിൽ എത്തൂ എന്നുറപ്പാണ്.

ഈ വിവരങ്ങൾ കൈവശപ്പെടുത്തി ബിബിസി അടക്കമുള്ള മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നവരെ നിരീക്ഷിച്ചു നടപടികൾ ഉണ്ടാകും എന്നതും ഇപ്പോൾ ഉറപ്പിക്കാനാകും. ലോക് സഭ ഇലക്ഷന് മുൻപ് വിരുദ്ധ സ്വഭാവമുള്ള വാർത്തകളുടെ ഉറവിടം പരമാവധി തടയിടുക എന്നതാണ് ഇപ്പോൾ മോദി സർക്കാർ ഉന്നം വയ്ക്കുന്നത് എന്നും വ്യക്തം.

പൗരത്വ ബിൽ, കർഷക സമരം, കോവിഡ് വ്യാപന കാലത്തെ ജനങളുടെ പലായനം എന്നിവയിൽ ഒക്കെ ദേശ വിരുദ്ധത മുൻ നിർത്തിയാണ് ബിബിസി അടക്കമുള്ള വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന ആക്ഷേപം കേന്ദ്ര സർക്കാർ തന്നെ പലവട്ടം ഉന്നയിച്ചിരുന്നു. മാത്രമല്ല സമരങ്ങൾക്കുള്ള സാമ്പത്തിക സഹായം ബ്രിട്ടൻ, കാനഡ എന്നിവിടങ്ങളിൽ നിന്നും എത്താൻ ഇത്തരം വാർത്തകൾ കാരണമായി എന്നും വിലയിരുത്തൽ ശക്തമായിരുന്നു.

ഇതിൽ ഉള്ള പ്രതിഷേധം ഔദ്യോഗികമായി തന്നെ ഇരു രാജ്യങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയായിരുന്നു എന്ന സൂചന നൽകുന്നതാണ് ഇന്നലത്തെ റെയ്ഡ്. സമൂഹത്തെ ബോധ്യപ്പെടുത്താൻ സർക്കാരിന് ഒരു ന്യായീകരണം എന്ന നിലയിലാണ് ഡോക്യൂമെന്ററി വിവാദം ഇതോടെ വിലയിരുത്തപ്പെടുക.

വമ്പനെ തൊട്ടാൽ ആരും ഭയന്നേക്കും

ബിബിസി പോലൊരു വമ്പൻ മാധ്യമ സ്ഥാപനത്തെ തൊടാനായാൽ മറ്റേതൊരു മാധ്യമത്തെയും മുൾമുനയിൽ നിർത്താനാകും എന്ന് കേന്ദ്ര സർക്കാരിനും അറിയാം. മാധ്യമ വ്യവസായം പലപ്പോഴും മറ്റു വ്യവസായങ്ങൾ പോലെ തന്നെ നൂറു ശതമാനം നീതിയുക്തം ആയി നടത്തിക്കൊണ്ടു പോകാനാകില്ലെന്നും അറിയാവുന്ന സർക്കാരിന് കണക്കുകളിൽ എവിടെയിട്ടെങ്കിലും പിടിച്ചു കുടയാനാകും എന്നതും വ്യക്തമാണ്.

അതുകൊണ്ടു കൂടിയാണ് നികുതി വകുപ്പിനെ മുൻ നിർത്തിയുള്ള ആക്രമണം എന്നും വിലയിരുത്തപ്പെടുന്നു. വാർത്തകളുടെ പേരിൽ നടപടിയെടുത്താൽ അടുത്തിടെ മാധ്യമം ചാനൽ ഉൾപ്പെടെയുള്ളവക്ക് ഏർപ്പെടുത്തിയ വിലക്ക് പോലെ കോടതിയിൽ എത്തുമ്പോൾ പൊളിഞ്ഞു വീഴും എന്നും ബോധ്യമുള്ളതിനാൽ കൂടി ആ വഴിക്ക് നീങ്ങുന്നതിൽ കാര്യമില്ലെന്നും സർക്കാരിന് ഉപദേശം ലഭിച്ചിരിക്കും.

അടുത്ത തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോൾ പരമാവധി കേന്ദ്ര സർക്കാർ, ബിജെപി വിരുദ്ധ വാർത്തകൾ ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ബിബിസി റെയ്ഡിലൂടെ മാധ്യമ ലോകത്തിനു ലഭിക്കുന്ന സന്ദേശം. ബിബിസി പോലും പ്രതിരോധത്തിൽ ആയാൽ ഇന്ത്യയിൽ ഇപ്പോൾ സർക്കാർ വിമര്ശകരായ പല മാധ്യമങ്ങളും മാളത്തിൽ ഒളിച്ചേക്കും എന്ന ധാരണയും ബിജെപി വൃത്തങ്ങളിൽ ഉണ്ട്. ഫീൽ ഗുഡ് വികാരം വളർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ ഉള്ള തന്ത്രം കൂടിയാണ് റെയ്ഡ് വഴി ബിജെപി നേതൃത്വം ഉദ്ദേശിക്കുന്നത്.

മാത്രമല്ല ഡോക്യൂമെന്ററി തിരഞ്ഞെടുപ്പ് കാലത്തു വീണ്ടും കുത്തിപ്പോകാൻ ഏതെങ്കിലും മാധ്യമങ്ങൾ ശ്രമിച്ചാൽ അവർക്കുള്ള താക്കീതായും ബിബിസി റെയ്ഡ് സഹായിക്കും എന്ന ചിന്തയും ബിജെപി രഹസ്യമായി എങ്കിലും ഇപ്പോൾ സമ്മതിക്കും. മാധ്യമ സ്വാതന്ത്രത്തിൽ കൈകടത്താതെ തന്നെ മാധ്യമ പിന്തുണ നേടുക എന്നതാണ് ഇതുവഴി അവർ ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ ബിബിസി എന്ന ഒരൊറ്റ വെടിയിലൂടെ ഇന്ത്യൻ മാധ്യമ ലോകത്തെ ഒന്നാകെ വീഴ്‌ത്തുവാൻ കഴിഞ്ഞിരിക്കുകയാണ് എന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നു.

കരുതലോടെ നീങ്ങാൻ ഇരുഭാഗത്തേയും സർക്കാരുകൾ

എന്നാൽ ബിബിസി റെയ്ഡ് വളരെ കരുതലോടെയാണ് ബിബിസി പോലും റിപ്പോർട്ട് ചെയ്തത്. കാര്യമായ കേന്ദ്ര സർക്കാർ വിരുദ്ധ പരാമർശം ഉണ്ടാകാതിരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ ബിബിസിയുടെ ബ്രിട്ടനിൽ ഉള്ള ഓൺലൈൻ സൈറ്റിൽ കൃത്യമായ പകപോക്കലാണ് എന്ന സൂചനയോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡോക്യൂമെന്ററി തന്നെയാണ് ഈ റെയ്ഡിന് പ്രചോദനം എന്നും ഇന്ത്യയിൽ ഇത്തരത്തിൽ പല മാധ്യമ സ്ഥാപങ്ങളും എൻജിഒ സംഘടനകളും സർക്കാർ അപ്രീതിക്ക് വിധേയരായിട്ടുണ്ട് എന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

പക്ഷെ വളരെ കരുതലോടെയാണ് ഇരു ഭാഗത്തും സർക്കാരുകൾ നീങ്ങുന്നത്. കാര്യങ്ങൾ നിരീക്ഷിക്കുന്നു എന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണം മാത്രമാണ് യുകെ ഇക്കാര്യത്തിൽ പറഞ്ഞു പോകുന്നത്. മാത്രമല്ല യുകെയിൽ തന്നെ ബിബിസിക്കെതിരെ ശക്തമായ ആരോപണം നിലനിൽക്കുന്ന സമയം കൂടിയാണിത്. ബിബിസി തലവന്റെ നിയമനവുമായി ബന്ധപ്പെട്ടും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാപന മേധാവുമായി അവിഹിത സാമ്പത്തിക ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന ആരോപണവും ഒക്കെ കത്തിജ്വലിച്ചു നിൽക്കുകയാണ്. ബ്രിട്ടീഷ് സർക്കാർ കരുതലോടെ നീങ്ങുന്ന സാഹചര്യത്തിൽ ഇന്ത്യൻ സർക്കാരും സംഭവത്തെ വളരെ തന്മയത്വത്തോടെയാണ് നിരീക്ഷിക്കുന്നത്.