മുംബൈ: ന്യൂഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിൽ ആദായ നികുതി റെയ്ഡ് നടന്നതിൽ പ്രതികരണവുമായി ബിബിസി. നിർഭയവും നിഷ്പക്ഷവുമായ റിപ്പോർട്ടിംഗിൽ നിന്ന് പിന്മാറില്ലെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി വ്യക്തമാക്കി. നിർഭയമായ റിപ്പോർട്ടിംഗിനേക്കാൾ വലുതല്ല മറ്റൊന്നുമെന്നും പ്രേക്ഷകരോടുള്ള പ്രതിബദ്ധത തുടരുമെന്നും ഇന്ത്യയിലെ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ടിം ഡേവി പറഞ്ഞു.

ഡോക്യുമെന്ററി വിഷയത്തിൽ ബിബിസിക്ക് പ്രത്യേകമായ അജണ്ടകളില്ല. ലക്ഷ്യമാണ് ബിബിസിയെ നയിക്കുന്നത്. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താൽപര്യങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നതിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷപാതരഹിതമായി പ്രവർത്തിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നും അക്കാര്യത്തിൽ ബി.ബി.സിയുടെ ജീവനക്കാരെ അഭിനന്ദിക്കുകയാണെന്നും ടിം ഡേവി പറയുന്നു. വളരെ മികച്ച ഉള്ളടക്കങ്ങൾ നൽകി, സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിലൂടെ വസ്തുതകളെ പിന്തുടരുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള ഉത്തരവാദിത്വമെന്നും, ടിം ഡേവി വ്യക്തമാക്കി.

ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റിയൻ ഡോക്യുമെന്ററിക്ക് പിന്നാലെ ചാനലിന്റെ മുംബൈ, ഡൽഹി ഓഫീസുകളിൽ ഇൻകം ടാക്സിന്റെ റെയ്ഡുകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസിയുടെ പ്രതികരണം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ആരോപിച്ചിരുന്നു.