തിരുവനന്തപുരം: വെള്ളനാട്ട് വീട്ടിലെ കിണറ്റിൽ വീണ കരടി മരിച്ചു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. ഒരുമണിക്കൂറിലേറെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവിൽ അഗ്‌നിരക്ഷാ സേന എത്തിയാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. കരടിയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തിൽ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർ ശ്വാസതടസ്സത്തെ തുടർന്നു തിരിച്ചുകയറി. ആദ്യം കിണർ വറ്റിക്കണമായിരുന്നു. അതിന് ശേഷം മയക്കുവെടി വയ്ക്കണമായിരുന്നു. ഇത് ചെയ്യാത്തതാണ് കരടിക്ക് വിനയായത്.

ചിന്നക്കനലാലിൽ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള വനംവകുപ്പിന്റെ നീക്കങ്ങൾ വലിയ ചർച്ചയാണ്. ഇതിനിടെയാണ് തിരുവനന്തപുരം നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള വെള്ളനാട്ട് കരടി എത്തിയത്. കരടിയെ പിടികൂടി കാട്ടിൽ വിടാനായിരുന്നു തീരുമാനം. അതു ചെയ്താലും വീണ്ടും കരടി തിരിച്ചെത്തുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ടായിരുന്നു. ഇതില്ലാതാക്കുന്ന തരത്തിലെ പിഴവുകളാണ് വനം വകുപ്പിന് സംഭവിച്ചത്. ചുരുക്കത്തിൽ ആ കരടി ശല്യം ഇനി വെള്ളനാട്ടുണ്ടാകില്ലെന്നതാണ് വസ്തുത.

കിണറ്റിൽ വീണ കരടി വെള്ളത്തിൽ വീഴാതെയാണ് പിടിച്ചു നിന്നത്. മയക്ക് വെടി വച്ചതോടെ കുഴഞ്ഞ് വെള്ളത്തിലേക്ക് വീണു. താമസിയാതെ മുങ്ങി താണു. കരടിയെ പൊക്കിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിലേക്ക് ഇറങ്ങി. എന്നാൽ ഏറെ താഴ്ചയുള്ള കണിറ്റിലേക്ക് ഇറങ്ങിയില്ല. പിന്നീട് നാട്ടുകാർ വെള്ളത്തിൽ ഇറങ്ങി. കരടിയുടെ അവസ്ഥ മനസ്സിലാക്കി. ഇതിന് ശേഷം വെള്ളം വറ്റിക്കാൻ മോട്ടോർ എത്തിച്ചു. വെള്ളം നീക്കിയ ശേഷം വലയിൽ കരടിയെ കയറ്റി മുകളിൽ എത്തിച്ചു. അ്‌പ്പോഴേക്കും കരടിയുടെ ജീവൻ പോയി എന്നാണ് സൂചന.

വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയായി ആരോപിക്കപ്പെടുന്നുണ്ട്. മയക്കുവെടിവെച്ച് കരടിയെ വലയിൽ വീഴ്‌ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ദീർഘനേരം കരടി വെള്ളത്തിൽ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ബുധനാഴ്ച രാത്രി കോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. തൊട്ടടുത്തുള്ള വനത്തിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുൺ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റിൽ വീണു കിടക്കുന്നത് കാണുന്നത്. തുടർന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലർച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ അലക്‌സാണ്ടർ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്. കിണറ്റിൽ വീണ് ഏറെനേരമായതിനാൽ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തിൽ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. പക്ഷേ വെള്ളം വറ്റിക്കാതെ മയക്കു വെടി വച്ചത് വിനയായി.

തുടർന്ന് കരടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് തിരികെ കയറി. ഇതോടെ നാട്ടുകാരും കിണറ്റിലിറങ്ങി. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് കരടിയെ ക്ലിപ്പിങ് ഉപയോഗിച്ച് പുറത്തെടുത്തത്.