ഇടുക്കി: തൊടുപുഴ ഫയര്‍ സ്റ്റേഷനില്‍ ബീഫും പന്നി മാംസവും നിരോധിച്ച് മേലുദ്യോഗസ്ഥന്റെ ഉത്തരവ്. സ്റ്റേഷനില്‍ മതവിദ്വേഷവും വര്‍ഗീയതയും പടര്‍ത്താന്‍ ശ്രമിക്കുന്നതായും നിര്‍ബന്ധിത പിരിവ് നടത്തുന്നതായും മറ്റ് ഉദ്യോഗസ്ഥരുടെ പരാതി. സ്റ്റേഷനില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ പ്രവൃത്തികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്് പരാതി നല്‍കി ജീവനക്കാര്‍.

കഴിഞ്ഞ ജൂണില്‍ അഗ്‌നിരക്ഷാ നിലയത്തില്‍ സ്ഥലം മാറിയെത്തിയ മേലുദ്യോഗസ്ഥനും അടുത്ത ചാര്‍ജുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനും ജൂണ്‍ 27 ന് റിക്രിയേഷന്‍ ക്ലബ്ബിന്റെ യോഗം കൂടി. സ്റ്റേഷന്‍ മെസ്സില്‍ ബീഫും പന്നി മാംസവും നിരോധിക്കുകയെന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തപ്പോള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മറ്റു ജീവനക്കാര്‍ ആരോപിക്കുന്നു.

27 ജീവനക്കാര്‍ പങ്കെടുത്ത യോഗത്തിന്‍െ്റ തീരുമാനം മിനിറ്റ്സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ഥലം മാറിയെത്തിയ മേലുദ്യോഗസ്ഥന്‍ ഇതിനുമുന്‍പ് മൂവാറ്റുപുഴ നിലയത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടെ പന്നിമാംസം പാകം ചെയ്തെന്നാരോപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായും ജീവനക്കാര്‍ പരാതിയില്‍ പറയുന്നു.

മതപരമായ കാരണങ്ങള്‍ പറഞ്ഞ് ഇഷ്ടഭക്ഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിലൂടെ ജീവനക്കാര്‍ക്കിടയില്‍ മതസ്പര്‍ധയും വര്‍ഗീയതയും വളര്‍ത്തുകയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ജീവനക്കാരുടെ ഇലക്ട്രിക് വാഹനങ്ങള്‍ സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യരുതെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ലംഘിച്ച് ചിലര്‍ ചാര്‍ജ് ചെയ്യുന്നതായും സ്റ്റേഷനിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വാങ്ങി സൂക്ഷിച്ചിട്ടുള്ള പെട്രോള്‍ ഇരുചക്രവാഹനങ്ങളില്‍ നിറക്കുന്നതായും പരാതിയുണ്ട്.

സ്റ്റേഷനിലെ വാഹനം ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി 22,000 ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പിരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പിരിവില്‍ നിന്നും പിന്‍മാറുകയാണ് ഉണ്ടായതെന്നും ജീവനക്കാര്‍ പറയുന്നു.

ജീവനക്കാരില്‍ ചിലര്‍ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് ബീഫും പന്നി മാംസവും സ്റ്റേഷന്‍ മെസ്സില്‍ നിന്നും ഒഴിവാക്കിയതെന്നും എല്ലാ ജീവനക്കാരും സൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നതെന്നും നിലവില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും നിലയത്തലവന്‍ ടി.എച്ച് സാദിഖ് മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു.