കൊൽക്കത്ത: ബിജെപിയിതര സർക്കാരുകൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാർ-ഗവർണ്ണർ പോര് അതിരൂക്ഷമാണ്. കേരളത്തിലും, തമിഴ്‌നാട്ടിലും, ബംഗാളിലുമൊക്കെ ഈ പ്രശ്നമുണ്ട്. എന്നാൽ പശ്ചിമ ബംഗാളിലെ പ്രശ്നങ്ങൾ എല്ലാ സീമകളും ലംഘിക്കയാണ്. മലയാളി ഗവർണ്ണർ സി വി ആനന്ദബോസിനെ ലൈംഗിക പീഡനക്കേസിൽ കുടുക്കാനാണ്, മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ശ്രമിച്ചത്. ഈ പരാതി ചീറ്റിപ്പോയിട്ടും അടുത്ത അടവുകൾ നോക്കുകയാണ് മമത.

ചീറ്റിയ ലൈംഗികാരോപണം

ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ്, രാജ് ഭവൻ ഓഫീസിലെ ഒരു ജീവനക്കാരിയെ ഗവർണർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം ഉയർന്നത്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ് ഭവനിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെ ഗവർണർ മോശമായി സ്പർശിച്ചുവെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നുമാണ് പരാതിക്കാരി പൊലീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ 19നും 24നുമാണ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി. ജീവനക്കാരിക്ക് പ്രമോഷന് വേണ്ടി താൻ ശ്രമിക്കാമെന്ന് ആനന്ദ ബോസ് പറഞ്ഞതായും പരാതിയിൽ പറയുന്നു. പൊലീസിന് ജീവനക്കാരിയുടെ പരാതി ലഭിച്ചിട്ടുള്ളതായി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി സ്ഥിരീകരിച്ചു. ഗവർണർക്കെതിരായ പരാതി ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് കൈമാറിയതായും മുഖർജി വ്യക്തമാക്കി.

പക്ഷേ ഇത് ഗവർണ്ണറെ പൂട്ടാനുള്ള ട്രാപ്പാണെന്ന് അപ്പോൾ തന്നെ അഭിപ്രായം ഉയർന്നിരുന്നു. അത് ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. ഗവർണർക്കെതിരെ പരാതി നൽകിയെന്ന് പറയുന്ന സ്ത്രീ തനിക്ക് പരാതിയില്ലെന്ന് രേഖാമൂലം പലവട്ടം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിട്ടും കേസ് പിൻവലിച്ചിട്ടില്ല. ഇപ്പോൾ രാജ്ഭവൻ സ്റ്റാഫിനെയും ഗവർണറുമായി അടുത്തുനിൽക്കുന്നവരെയും വ്യാജ കേസുകളിൽ കുടുക്കി ഭീഷണിപ്പെടുത്താനാണ് ശ്രമം. ഇക്കാര്യത്തിൽ നടത്തിയ ജുഡീഷ്യൽ അന്വേഷണവും മമതയ്‌ക്കെതിരായി.

ഹൈക്കോടതിയിലും മമതക്ക് തിരിച്ചടി

അടുത്തിടെയുണ്ടായ ഹൈക്കോടതി വിധിയും മമതക്ക് തിരിച്ചടിയാണ്. പശ്ചിമ ബംഗാളിൽ ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞ നടപടിയെ ഗവർണറും കൊൽക്കത്ത ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അക്രമത്തിന് ഇരയായവർക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഗവർണറെ കാണുന്നതിന് രാജ്ഭവൻ അനുമതി നൽകിയിരുന്നു. എന്നാൽ അവർ രാജ്ഭവനിൽ പ്രവേശിക്കുന്നത് പൊലീസ് തടയുകയായിരുന്നു.

ഇക്കാര്യത്തിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനർജിക്ക് കത്തയിച്ചിരുന്നു. പശ്ചിമ ബംഗാൾ ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് കൊൽക്കൊത്ത ഹൈക്കോടതി ചോദിച്ചിരുന്നു. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവൻ സന്ദർശിക്കാമെന്ന് കോടതി വിധിച്ചു. രാജ്ഭവൻ സ്റ്റാഫിനെതിരെ എടുത്ത കേസ് സ്റ്റേ ചെയ്യുകയും ചെയ്തതും മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. അതിനിടെ മമത സർക്കാരിലെ അഴിമതിക്കാരായ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരായ കേസുകളിലും ഗവർണർ പിടിമുറുക്കിയിരിക്കുകയാണ്.