- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാട്രിമോണി സൈറ്റുകൾ വഴി കെണിയൊരുക്കി; ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് 35 വയസ്സിനിടെ 15 വിവാഹം; വിശ്വാസ്യതയ്ക്കായി ക്ലിനിക്കും തുടങ്ങി; വിവാഹശേഷം സ്വർണവും പണവുമായി മുങ്ങുക പതിവ്; വിവാഹ തട്ടിപ്പ് വെളിപ്പെടുത്തി യുവതികളുടെ പരാതിയിൽ ബംഗളൂരു സ്വദേശി പിടിയിൽ
മൈസൂർ: മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് 35 വയസ്സിനിടെ പതിനഞ്ച് യുവതികളെ വിവാഹം ചെയ്ത ബംഗളുരു സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബംഗളുരു കാളിദാസ നഗർ സ്വദേശിയായ മഹേഷ് ബി.നായക് (35) ആണ് അറസ്റ്റിലായത്. ഡോക്ടർ, എഞ്ചിനീയർ, സിവിൽ കോൺട്രാക്ടർ എന്നിങ്ങനെ മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് യുവതികളെ കെണിയിൽപ്പെടുത്തി വിവാഹ തട്ടിപ്പ് നടത്തിയത്. വിവാഹ ശേഷം പണവും സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി ദിവസങ്ങൾക്കകം മുങ്ങുന്നതായിരുന്നു പ്രതിയുടെ രീതി.
രണ്ട് കാറുകളും ഏഴ് മൊബൈൽ ഫോണുകളും രണ്ട് ലക്ഷം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ ആരോപണങ്ങൾ സമ്മതിച്ചു. അവിവാഹിതരായ പ്രായമായ സ്ത്രീകളും വിധവകളുമടക്കം മഹേഷ് കെണിയിൽപ്പെടുത്തിയെന്നാണ് വിവരം. ഡോക്ടറെന്നോ എഞ്ചിനീയറോന്നോ മറ്റോ പരിചയപ്പെടുത്തുന്ന പ്രൊഫലുകളിലൂടെ ഇവരുമായി അടുപ്പം സ്ഥാപിക്കും. വിവാഹത്തിന് ശേഷം വാടക വീടുകളിലേക്ക് കൊണ്ടുപോവുകയും അവിടെ കുറച്ച് ദിവസം താമസിച്ച ശേഷം മുങ്ങുകയുമായിരുന്നു രീതി. സംഭവിച്ച കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ചില സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോക്ടർമാർക്ക് വേണ്ടി മാത്രമുള്ള ഒരു മാട്രിമോണി വെബ്‌സൈറ്റിലും ഇയാൾക്ക് വ്യാജപ്രൊഫൈലുണ്ടായിരുന്നു.
മൈസൂർ ആർ.ടി നഗർ സ്വദേശിയായ ഹേമലതയാണ് ഇയാൾക്കെതിരെ പരാതി നൽകിയതും തുടർന്ന് യുവാവ് പിടിയിലായതും. 2022 ഓഗസ്റ്റിലാണ് ഡിഎൻബി സ്‌പെഷ്യലിസ്റ്റ് ഡോക്ടറെന്ന് പരിചയപ്പെടുത്തി മഹേഷ്, ഹേമലതയെ വിവാഹം ചെയ്യാനുള്ള താത്പര്യം അറിയിച്ചത്. പിന്നീട് ബംഗളുരു മാരത്തഹള്ളിയിലുള്ള ഒരു കടയിൽ വെച്ച് പരസ്പരം കണ്ട് ഫോൺ നമ്പറുകൾ കൈമാറി. കഴിഞ്ഞ വർഷം ഡിസംബറിൽ ഹേമലതയെ മൈസൂരിലേക്ക് വിളിക്കുകയും ചാമുണ്ഡി ഹില്ലിൽ കൊണ്ട് പോവുകയും ചെയ്ത ശേഷം എസ്ബിഎം ലേഔട്ടിലുള്ള വീട്ടിലെത്തിച്ചു. തുടർന്നാണ് വിജയനഗറിൽ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതി വിശദീകരിച്ചത്.
ഹേമലത ബന്ധുക്കളുമായി സംസാരിക്കുകയും 2023 ജനുവരി അവസാനം വിശാഖപട്ടണത്തെ ഹോട്ടലിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം മൈസൂരിലേക്ക് തിരിച്ചെത്തിയ ഉടൻ തന്നെ പുതിയ ക്ലിനിക്ക് തുറക്കുന്ന കാര്യം വീണ്ടും അവതരിപ്പിച്ചു. ഇതിനായി ഹേമലത 70 ലക്ഷം രൂപയുടെ ലോണിന് ആപേക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ഭീഷണിയായി. ദിവസങ്ങൾക്കുള്ളിൽ വീട്ടിൽ നിന്ന് 15 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും മോഷ്ടിച്ച് ഇയാൾ സ്ഥലംവിട്ടു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ബംഗളുരു സ്വദേശിയായ ദിവ്യ എന്ന മറ്റൊരു സ്ത്രീ ഹേമലതയെ സമീപിച്ച്, മഹേഷ് തന്നെയും വിവാഹം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി ഹേമലത പരാതി നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോൾ 15 വിവാഹം ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തായി. വിവാഹം ചെയ്ത ചില സ്ത്രീകളെ പല വീടുകളിലായി പാർപ്പിച്ചിരിക്കുകയാണെന്നും മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവരെ സന്ദർശിക്കുകയുമാണ് പതിവെന്നും ഇയാൾ പറഞ്ഞു.
മാട്രിമോണി സൈറ്റുകളിൽ ഡോക്ടറെന്ന് സ്വയം വിശേഷിപ്പിച്ച ഇയാൾ 35 വയസ്സിനിടെ 15 വിവാഹമാണ് കഴിച്ചത്. പല മാട്രിമോണി സൈറ്റുകളിലും വ്യത്യസ്ത വിവരങ്ങൾ നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ചിലതിൽ ഡോക്ടറെന്നും ചിലതിൽ എഞ്ചിനീയറെന്നും. ഡോക്ടർ വിശേഷണത്തിന് വിശ്വാസ്യത വർധിപ്പിക്കാൻ തുമക്കുരുവിൽ ഒരു ക്ലിനിക്കും ഇയാൾ തുടങ്ങിയിരുന്നു. ഇവിടെ ഒരു നഴ്സിനെ നിയമിക്കുകയും ചെയ്തു.
അവിവാഹിതരായ പ്രായം ചെന്ന സ്ത്രീകളെയും വിധവകളെയുമാണ് മഹേഷ് ആദ്യം ലക്ഷ്യം വെച്ചിരുന്നത്. ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം മഹേഷ് വിവാഹാഭ്യർഥന നടത്തും. പിന്നീട് ഇവർക്കൊപ്പം താമസിക്കാനെന്ന വ്യാജേന വീടുകളും വാടകയ്ക്ക് എടുക്കും. ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുന്നതുമായിരുന്നു രീതി.
2014ലാണ് മഹേഷ് ആദ്യ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം തുടരെ 14 വിവാഹങ്ങൾ. ഉന്നത വിദ്യാഭ്യാസമുള്ളവരെ മാത്രമാണ് മഹേഷ് വിവാഹത്തിനായി സമീപിക്കുക. ഹേമലതയുടെ പരാതിക്ക് പിന്നാലെ ബംഗളൂരു സ്വദേശിനിയായ ദിവ്യ എന്ന സ്ത്രീയും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
മഹേഷിന് ഇംഗ്ലീഷ് ഭാഷയിൽ അത്ര പ്രാവീണ്യമുണ്ടായിരുന്നില്ല. ഇത് കണക്കിലെടുത്ത് പല യുവതികളും ഇയാളുടെ വിവാഹാഭ്യർഥന നിരസിക്കുകയും ചെയ്തിരുന്നു. ഐപിസി 420,406,506 എന്നീ വകുപ്പുകൾ പ്രകാരമാണ് മഹേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.




