ബെയ്‌റൂട്ട്: ഇറാന്‍ പിന്തുണയുള്ള ലെബനനിലെ സായുധ സംഘടന ഹിസ്ബുള്ളയുടെ വമ്പന്‍ ആയുധ ശേഖരം കണ്ടെത്തി ഇസ്രായേല്‍ സൈന്യം. തെക്കന്‍ ലെബനനിലെ ഒരു സ്‌കൂള്‍ മൈതാനത്ത് നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത് എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ലെബനനിലെ ഗ്രാമങ്ങളിലെ വീടുകൾ ആയുധങ്ങൾ ഒളിപ്പിക്കുന്നതിനായി ഹിസ്ബുള്ള ഉപയോഗിക്കുന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.

10 മീറ്റര്‍ നാളമുള്ള ഭൂഗര്‍ഭ അറയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. റോക്കറ്റുകള്‍, സ്‌ഫോടകസ്തുക്കള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെയാണ് പിടിച്ചെടുത്തത്.

സമീപത്തായുള്ള കെട്ടിടത്തിൽ നിന്നും കൂടുതൽ ആയുധങ്ങൾ സൈനികർ കണ്ടെടുത്തു. ഹിസ്ബുള്ളയുടെ സൈനിക നടപടികളുമായി ബന്ധപ്പെട്ട ആയുധങ്ങളും രഹസ്യാന്വേഷണ രേഖകളുമാണ് പിടിച്ചെടുത്തതെന്നും ഐഡിഎഫ് അറിയിച്ചു. അതേസമയം ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷാ ഉറപ്പാക്കുന്നതിനായി ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള നടപടികൾ തുടരുന്നതിനോടൊപ്പം മറ്റ് വ്യവസ്ഥാപിതമായി പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്നും വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കുന്നുണ്ടെങ്കിലും അത് എത്ര നാൾ തുടരുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയെ ശക്തിപ്പെടുത്തുന്നതിൽ നിന്ന് തടയാനുള്ള പ്രതികരണം കൂടിയാകും ആക്രമണങ്ങൾ ഈനും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനനിലെ ആളുകളുടെ വീടുകളുടെ അടിഭാഗത്തും ഗ്രാമങ്ങളിലുമൊക്കെ ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ വൻ തോതിലാണ് ഹിസ്ബുള്ള ആയുധങ്ങൾ സൂക്ഷിക്കുന്നതായാണ് ഇസ്രയേല്‍ പറയുന്നത്.

ആയുധ സംഭരണത്തിനായി, തുരങ്കത്തിൻ്റെ പ്രവേശന കവാടമായി, അല്ലെങ്കിൽ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുക്കുന്നതിനായുള്ള ലോഞ്ച്പാഡുകളായി ഒക്കെ ഗ്രാമങ്ങളിലെ വീടുകളെ ഹിസ്ബുള്ള ഉപയോഗിക്കുന്നുണ്ട്. വിക്ഷേപിക്കാൻ തയ്യാറായ മിസൈലുകൾ വരെ വീടുകൾക്കുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കന്‍ മേഖലയിലേക്ക് ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു.

ആക്രമണങ്ങളെ തുടര്‍ന്ന് 68,000 കുടുംബങ്ങളാണ് ഇവിടെനിന്ന് മാറിപ്പോയത്. ഒഴിഞ്ഞുപോയവര്‍ തിരികെ വരുന്നത് തടയാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പറഞ്ഞിരുന്നു. ഹിസ്ബുള്ള ആക്രമണം തുടര്‍ന്നതോടെയാണ് ലെബനനില്‍ ഇസ്രയേല്‍ യുദ്ധമുഖം തുറന്നത്.

യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 1701 ലംഘനമാണ് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ എന്നാണ് മനസ്സിലാക്കേണ്ടത്. 2006 ലെ ലെബനൻ യുദ്ധത്തിനുശേഷം പാസാക്കിയ ഈ പ്രമേയം, ലിറ്റാനി നദിയുടെ തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്നതിൽ നിന്ന് ഹിസ്ബുള്ളയെ വിലക്കുന്നു. എന്നാൽ ഈ പ്രദേശത്ത് അവരുടെ സൈനിക പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം ഗാസ മുനമ്പില്‍ ഇന്നലെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹമാസ് തീവ്രവാദികളെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.