തിരുവനന്തപുരം: ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയത് കുടിച്ചു തന്നെ! മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ നേട്ടമുണ്ടാക്കുകയാണ്. റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്.

ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്. പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ഇത്. ഓണം സീസണിലെ മൊത്തം വ്യാപാരിത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 529 കോടിയായിരുന്നു.

കൊല്ലത്തെ ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഉത്രാടത്തിന് റെക്കോർഡ് മദ്യവിൽപന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്‌ലെറ്റുകളിൽ ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ, എന്നിവിടങ്ങളിലും ഇക്കുറി കോടി രൂപയുടെ കച്ചവടം നടന്നു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലും ം മദ്യം വലിയ അളവിൽ വിറ്റഴിച്ചു.

തിരുവോണ ദിവസം ബെവ്കോയ്ക്ക് അവധിയായതിനാൽ ആളുകൾ ഉത്രാടത്തിന് മദ്യം കൂടുതൽ വാങ്ങി സൂക്ഷിച്ചതാണ് വിൽപ്പന ഉയരാൻ കാരണം. എന്നാൽ ബാറുകൾ തുറന്നിരുന്നു. ഉത്രാട ദിനത്തിൽ കേരളത്തിലെ എല്ലാ ബെവ് കോ ഔട്ട് ലെറ്റിലും നീണ്ട ക്യൂവായിരുന്നു. പുറത്തു വന്ന കണക്കോളം ബാറുകളിലും വിൽപ്പന നടക്കും. ഇതിനൊപ്പം കൺസ്യൂമർ ഫെഡ് ഔട് ലെറ്റുകളുമുണ്ട്.

ഇതെല്ലാം കൂട്ടുമ്പോൾ 117 കോടിയുടെ ഇരട്ടിയിൽ അധികം മദ്യം മലയാളി ഓണത്തിന് കുടിച്ചിരിക്കാനാണ് സാധ്യത. ഇത് മലയാളിയുടെ പതിവുമാണ്. കുറച്ചു കാലമായി നഷ്ട കണക്കുകളിലൂടെ പോകുന്ന ബെവ്‌കോയ്ക്ക് ആശ്വാസമാണ് കണക്കുകൾ. ഇതിനൊപ്പം സർക്കാരിലേക്ക് നികുതിയും ഒഴുകിയെത്തും.