ഇടുക്കി: കൊച്ചറ ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യക്കുപ്പികള്‍ പൊട്ടിയതായി കണക്കുണ്ടാക്കി വന്‍തോതില്‍ വെട്ടിപ്പ് നടത്തിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തല്‍. ഡാമേജ് ഇനത്തില്‍ ചില മാസങ്ങളില്‍ അഞ്ഞൂറിലധികം കുപ്പികള്‍ മാറ്റിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുന്തിയ ഇനം മദ്യങ്ങളാണ് ഇത്തരത്തില്‍ കൂടുതലായി മാറ്റിയിരിക്കുന്നത്. ഇത്തരം മദ്യക്കുപ്പികള്‍ ബില്ലില്ലാതെ വില്‍പന നടത്തി വന്നിരുന്നതായും ആരോപണമുണ്ട്.

വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുകള്‍. ചില പ്രത്യേക തരം മദ്യങ്ങള്‍ കൂടുതലായി വിറ്റതായാണ് ഔട്ട്ലറ്റിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. അധിക ലാഭം ലഭിക്കാന്‍ സാധ്യതയുള്ള ഈ ബ്രാന്‍ഡുകള്‍ ഒരേ സമയത്ത് 'ഡാമേജ്' ഇനത്തില്‍ കൂടുതലായി കുറിച്ചതും ശ്രദ്ധേയമാണ്. ബെവ്കോ ഉദ്യോഗസ്ഥരെ മദ്യകമ്പനികളുടെ ഏജന്റുമാര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

നടപടികള്‍ പ്രഖ്യാപനത്തില്‍ മാത്രം

ബെവ്കോ ഔട്ട്ലെറ്റുകളിലുണ്ടാകുന്ന ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടികളുണ്ടാകാത്തതാണ് അഴിമതികള്‍ക്ക് വളമാകുന്നതെന്നാണ് വിവരം.

അഴിമതി തടയുന്നതിനായി കൊണ്ടുവന്ന പിഴ ഈടാക്കലുകള്‍ പോലും കൃത്യമായി നടപ്പാക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് ക്രമക്കേടുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിനും പുതിയ തട്ടിപ്പുകള്‍ക്ക് ഇടയാകുന്നതിനും കാരണമാകുന്നത്.