തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസ് കാലയളവിൽ റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. റം ആണ് വിൽപ്പനയിൽ മുന്നിലെത്തിയത്.

ക്രിസ്മസ് ദിവത്തിൽ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് രേഖപ്പെടുത്തി. 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 90.03 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റിൽ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ 61.41 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്‌ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്‌കോയുടെ വരുമാനം.

മലപ്പുറം തിരൂരിലെ ഔട്ട്ലെറ്റിലാണ് ഫൈനൽ ദിവസം ഏറ്റവും കൂടുതൽ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരിൽ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്ലെറ്റാണ് വില്പനയിൽ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയിൽ നടന്നത്. തിരുവനന്തപുരം പവർഹൗസ് ഔട്ട്ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു.

267 ഔട്ട്‌ലറ്റുകളാണ് ബവ്‌റിജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകൾ പ്രവർത്തനം തുടങ്ങാനും ബെവ്‌കോ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥലസൗകര്യമുള്ള ഷോപ്പുകൾ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നതായി അധികൃതർ പറയുന്നു.