ചെന്നൈ: മികച്ച നർത്തകിയായും നടിയായും ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് ഭാനുപ്രിയ. മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളിൽ നായികയായി അഭിനയിച്ച താരം മികവുറ്റ ഒട്ടേറ കഥാപാത്രങ്ങൾക്കാണ് ജീവൻ പകർന്നത്. മികച്ച നർത്തകി കൂടിയായ ഭാനുപ്രിയ സിനിമയിൽ 1998 മുതൽ 2005 വരെ സജീവമായി പ്രവർത്തിച്ചു. പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമായി ഒതുങ്ങി.

രണ്ട് വർഷമായി താൻ ഓർമക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകൾ ചെയ്യാത്തതെന്നും പറയുകയാണ് ഭാനുപ്രിയ. ഒരു തെലുഗ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്. പഠിച്ച ചില കാര്യങ്ങൾ മറന്നുപോകുന്നുണ്ടെന്നും ഇത് മൂലം നൃത്തത്തോടുള്ള താൽപര്യം വരെ കുറഞ്ഞതായും ഭാനുപ്രിയ പറയുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയതായും നടി പറഞ്ഞു.

''എനിക്ക് ഈയിടെയായി സുഖമില്ല. ഓർമശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ 'സില നേരങ്ങളിൽ സില മനിദർഗൾ' എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നു. ആക്ഷൻ എന്ന് പറഞ്ഞപ്പോൾ എല്ലാ സംഭാഷണവും മറന്നുപോയി. പിരിമുറുക്കമോ വിഷാദമോ എന്നെ അലട്ടുന്നില്ല. മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്.''ഭാനുപ്രിയ പറഞ്ഞു.

ഭർത്താവായിരുന്ന ആദർശ് കൗശലിന്റെ മരണശേഷമാണ് ഓർമക്കുറവ് തുടങ്ങിയതെന്ന് ഭാനുപ്രിയ പറഞ്ഞു. 1998-ലായിരുന്നു ആദർശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. 2018-ൽ ഹൃദയാഘാതത്തെ തുടർന്ന് ആദർശ് കൗശൽ അന്തരിച്ചു. അതിന് ശേഷം ഓർമകൾ മങ്ങിത്തുടങ്ങി. രണ്ട് വർഷങ്ങളായി പ്രശ്നം അധികരിച്ചിരിക്കുകയാണ്.

ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റായിരുന്നുവെന്നും അൻപത്തിയഞ്ചുകാരിയായ നടി പറഞ്ഞു. ഇരുപതുകാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോൾ താമസിക്കുന്നത്.

സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും നൃത്തം ചെയ്യാറില്ല. അടുത്തിടെ ലൊക്കേഷനിൽവച്ച് സംഭാഷണങ്ങൾ മറന്നുപോയി. ഓർത്തിരിക്കേണ്ട കാര്യങ്ങൾ മറന്നുപോകുന്നു.

തനിക്ക് വിഷാദമോ മറ്റു സമ്മർദ്ദങ്ങളോ ഇല്ലെന്നും ഭാനു പ്രിയ വ്യക്തമാക്കി. ഭർത്താവുമായി താൻ പിരിഞ്ഞുവെന്ന വാർത്ത ശരിയല്ല. 2005 മുതൽ താൻ ചെന്നൈയിലും അദ്ദേഹം ഹൈദരാബാദിലുമായിരുന്നു. തങ്ങൾ വിവാഹമോചിതരായിട്ടില്ല. ഇതെക്കുറിച്ച് ഒരുപാട് വ്യാജപ്രചരണങ്ങളുണ്ട്. ഇപ്പോൾ എനിക്കതെക്കുറിച്ച് പറയാൻ താൽപര്യമില്ല അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ.

സിനിമയുടെ തിരക്കുകളിൽനിന്ന് അകന്ന് ജീവിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വീട്ടിൽ സമയം ചെലവഴിക്കാനും ജോലികൾ ചെയ്യാനും പുസ്തകം വായിക്കാനും സംഗീതം കേൾക്കാനും ഇഷ്ടമാണ്. ഒരു മകളുണ്ട്. അവൾ ലണ്ടനിൽ ബിരുദം ചെയ്യുകയാണ്. മകൾക്ക് അഭിനയിക്കാൻ താൽപര്യമില്ല- ഭാനുപ്രിയ പറഞ്ഞു.

സൗന്ദര്യം കൊണ്ട് മാത്രമല്ല, അഭിനയവും നൃത്തവും കൊണ്ടും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു ഭാനുപ്രിയ. തെലുങ്കിലും, തമിഴിലും മലയാളത്തിലുമടക്കം മികച്ച സിനിമകൾ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളിൽ തെന്നിന്ത്യൻ താരസുന്ദരിയായി അരങ്ങു വാണിരുന്നു. ഹിന്ദി സിനിമകളിലും നായികയായി തിളങ്ങി. നായികയായ ചിത്രങ്ങളിലധികവും വലിയ ഹിറ്റുകൾ. രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടവും പിടിച്ചുപ്പറ്റി. 2006 ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം. ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം അയലാൻ ആണ് ഭാനുപ്രിയയുടേതായി ഇനി ഇറങ്ങാനുള്ള ചിത്രം.